മലപ്പുറം : നിയമസഭ, മലപ്പുറം ലോക്സഭ ഉപതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ജില്ലയിൽ പൂർത്തിയായി. വോട്ടെടുപ്പ് നാളെ രാവിലെ ഏഴ് മുതൽ രാത്രി ഏഴ് വരെയാണ്. ഇതിൽ വൈകിട്ട് ആറ് മുതൽ ഏഴ് വരെ കൊവിഡ് രോഗികൾക്ക് വോട്ട് ചെയ്യാനുള്ള അവസരമാണ്. ഏറനാട്, നിലമ്പൂർ, വണ്ടൂർ(എസ്.സി) എന്നീ നിയോജകമണ്ഡലങ്ങളിലെ വോട്ടിംഗ് സമയം രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് വരെയായിരിക്കും.
16 നിയമസഭാ മണ്ഡലങ്ങളിലേക്ക് 111 സ്ഥാനാർത്ഥികളും മലപ്പുറം ലോക്സഭ മണ്ഡലം ഉപതിരഞ്ഞെടുപ്പിൽ ആറ് സ്ഥാനാർത്ഥികളുമാണ് ജനവിധി തേടുന്നത്.
ആബ്സെന്റീ വേട്ടേഴ്സ് വിഭാഗത്തിന്റെ തപാൽ വോട്ടിംഗ് പൂർത്തിയായി. 96.17 ശതമാനം പോളിംഗ് രേഖപ്പെടുത്തി.
അവശ്യ സർവീസിൽ ഉൾപ്പെട്ടവരിൽ 1,198 പേരിൽ 1090 പേർ വോട്ട് ചെയ്തു
ജില്ലയിൽ 76 ഇടങ്ങളിലായി 194 ക്രിട്ടിക്കൽ ബൂത്തുകളും 38 ഇടങ്ങളിലായി 105 തീവ്രവാദ ഭീഷണിയുള്ള ബൂത്തുകളും രണ്ടിടങ്ങളിലായി ഒമ്പത് വൾനറബിൾ ബൂത്തുകളുമാണുള്ളത്. ഇവിടങ്ങളിൽ കേന്ദ്രസായുധ സേനയുടെ സാന്നിദ്ധ്യമുണ്ടാകും. 2100 ബൂത്തുകളിൽ ലൈവ് വെബ്കാസ്റ്റിങ് സംവിധാനമുണ്ടാകും. 86 ബൂത്തുകളിൽ മുഴുവൻ സമയ വീഡിയോ റെക്കോർഡിംഗും ഉണ്ടാകും.
ജില്ലയിൽ സുരക്ഷാ ക്രമീകരണത്തിന് വിന്യസിച്ചത് 3483 പൊലീസ് ഉദ്യോഗസ്ഥരെയാണ്. പോളിംഗ് ബൂത്തുകളിലെ സേവനങ്ങൾക്കായി 3267 സ്പെഷ്യൽ പൊലീസ് ഓഫീസർമാരെയും നിയോഗിച്ചിട്ടുണ്ട്.