മലപ്പുറം: നിയമസഭ, മലപ്പുറം ലോക്സഭ ഉപതിരഞ്ഞെടുപ്പിലേക്കുള്ള എല്ലാ ഒരുക്കങ്ങളും ജില്ലയിൽ പൂർത്തിയായതായി ജില്ല തിരഞ്ഞെടുപ്പ് ഓഫീസറും ജില്ലാകളക്ടറുമായ കെ. ഗോപാലകൃഷ്ണൻ അറിയിച്ചു.
ജില്ലയിലെ 4,875 ബൂത്തുകളിലേക്കും പോളിംഗ് സാമഗ്രികൾ അതത് വിതരണ കേന്ദ്രത്തിലെ കൗണ്ടറിൽ നിന്നും ഓരോ ബൂത്തിന്റെയും ചുമതലയുള്ള പോളിംഗ് ഉദ്യോഗസ്ഥർ കൈപ്പറ്റി പ്രത്യേക വാഹനങ്ങളിൽ ബൂത്തുകളിലേക്ക് എത്തിച്ചിട്ടുണ്ട്. വോട്ടിംഗ് ഇന്ന് രാവിലെ ഏഴിന് ആരംഭിക്കും. രാവിലെ അഞ്ചരയോടെ പോളിംഗ് ഏജന്റുമാരുടെ സാന്നിധ്യത്തിൽ മോക്ക് പോൾ ചെയ്ത് പരിശോധിച്ചശേഷം വോട്ടിംഗ് യന്ത്രങ്ങൾ സീൽ ചെയ്ത് വോട്ടിംഗിന് സജ്ജമാക്കും. രാവിലെ ഏഴിന് ആരംഭിക്കുന്ന വോട്ടിംഗ് പ്രക്രിയ വൈകിട്ട് ഏഴു വരെ തുടരും. അവസാന മണിക്കൂറിൽ കൊവിഡ് പോസിറ്റീവായവർക്കും നിരീക്ഷണത്തിൽ കഴിയുന്നവർക്കും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വോട്ട് ചെയ്യാം.കാഴ്ചാപരിമിതിയുള്ള സമ്മതിദായകർക്ക് പരസഹായം കൂടാതെ വോട്ടവകാശം രേഖപ്പെടുത്താൻ ഓരോ പോളിംഗ് ബൂത്തിലും ബ്രെയിൽ ലിപിയിലുള്ള ഡമ്മി ബാലറ്റ് പേപ്പറും ലഭ്യമാക്കിയിട്ടുണ്ട്.