മലപ്പുറം: കൊവിഡ് പ്രതിസന്ധിയും തദ്ദേശ, നിയമസഭ തിരഞ്ഞെടുപ്പുകളുടെ തിരക്കുകളെയുമെല്ലാം വകഞ്ഞുമാറ്റി വികസന പ്രവർത്തനങ്ങൾക്കുള്ള തുക ചെലവഴിക്കുന്നതിൽ മുന്നേറി ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ. 2020- 21 സാമ്പത്തിക വർഷത്തെ പദ്ധതി തുകയിൽ 99.38 ശതമാനവും ചെലവഴിച്ച് സംസ്ഥാനത്ത് മൂന്നാമതെത്തി മലപ്പുറം. വയനാട് - 99.89, ആലപ്പുഴ - 99.53 എന്നിങ്ങനെയാണ് ആദ്യ രണ്ട് സ്ഥാനങ്ങളിൽ. 701.07 കോടി രൂപയായിരുന്നു ജില്ലയിലെ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റികളുടെയും ബഡ്‌ജറ്റ് വിഹിതം. ഇതിൽ 696.75 കോടി രൂപയും ചെലവഴിച്ചു. 457.3 കോടി രൂപ പുതിയ പദ്ധതികളുടെയും 239.37 കോടി സ്പിൽഓവർ പദ്ധതികളുടെയും ആയിരുന്നു. ഈവർഷം തുടക്കത്തിൽ വരെ പദ്ധതി തുക ചെലവഴിക്കുന്നതിൽ പിന്നിലായിരുന്നെങ്കിലും ഭരണ സമിതികളുടെയും ഉദ്യോഗസ്ഥരുടെയും സജീവ ഇടപെടൽ വികസന പ്രവർത്തനങ്ങൾക്കുള്ള പണം പാഴായി പോവാതിരിക്കാൻ തുണച്ചു.
മുന്നിലോടി പഞ്ചായത്തുകൾ
ജില്ലയിലെ 52 ഗ്രാമ പഞ്ചായത്തുകളും നൂറ് ശതമാനം തുകയും ചെലവഴിച്ചു. മുന്നിയൂർ, പുലാമന്തോൾ, പുറത്തൂർ പഞ്ചായത്തുകളുടെ പ്രകടനം 120 ശതമാനത്തിന് മുകളിലാണ്. 42 പഞ്ചായത്തുകൾക്ക് മുഴുവൻ തുകയും ചെലവഴിക്കാൻ കഴിഞ്ഞില്ല. ഇതിൽ 14 പഞ്ചായത്തുകൾ 90 ശതമാനത്തിൽ താഴെ തുകയാണ് ചെലവഴിച്ചത്. എടരിക്കോട് ഗ്രാമപഞ്ചായത്താണ് ഏറ്റവും പിന്നിൽ. 72.08 ശതമാനം തുകയേ ചെലവഴിച്ചുള്ളൂ. ആതവനാട് - 72.08, കുറുവ - 84.26, കൽപ്പകഞ്ചേരി - 85.38, മങ്കട - 85.99, മക്കരപ്പറമ്പ് - 86.96, തലക്കാട് - 87.1, വഴിക്കടവ് - 87.22, പറപ്പൂർ - 87.65, പൊന്മുണ്ടം -87.7, പള്ളിക്കൽ - 89, പുളിക്കൽ - 89.27, ചെറുകാവ് - 89.39, പൂക്കോട്ടൂർ -89.63ഉം ചെലവഴിച്ച് 90 ശതമാനത്തിന് പിന്നിലുള്ള പഞ്ചായത്തുകൾ.
പകുതിയിൽ മുനിസിപ്പാലിറ്റികൾ
12 മുനിസിപ്പാലിറ്റികളിൽ ആറെണ്ണം 100 ശതമാനം തുകയും ചെലവഴിച്ചു. ഇക്കാര്യത്തിൽ മുന്നിൽ കൊണ്ടോട്ടിയാണ്. മഞ്ചേരി, പെരിന്തൽമണ്ണ, വളാഞ്ചേരി, പരപ്പനങ്ങാടി, കോട്ടയ്ക്കൽ എന്നിവയാണ് മറ്റ് മികച്ച മുനിസിപ്പാലിറ്റികൾ. പൊന്നാനിയാണ് തുക ചെലവഴിക്കുന്നതിൽ ഏറ്റവും പിറകിൽ. 83.38 ശതമാനം തുകയേ ചെലവഴിച്ചുള്ളൂ. നിലമ്പൂർ- 93.82, തിരൂരങ്ങാടി - 92.66, താനൂർ - 92.4, മലപ്പുറം - 88.38, തിരൂർ -86.67 ശതമാനം തുക ചെലവഴിച്ചു.
ഫണ്ട് ബ്ലോക്കായില്ല
15 ബ്ലോക്ക് പഞ്ചായത്തുകളിൽ ഏഴെണ്ണം 100 ശതമാനം തുകയും ചെലവഴിച്ചു. പെരുമ്പടപ്പാണ് മുന്നിൽ. 111.81 ശതമാനം തുകയാണ് ചെലവഴിച്ചത്. വണ്ടൂർ, മലപ്പുറം, കുറ്റിപ്പുറം, പൊന്നാനി, നിലമ്പൂർ, കൊണ്ടോട്ടി ബ്ലോക്കുകൾ 100 ശതമാനം തുക ചെലവഴിച്ചു. കാളികാവാണ് ഏറ്റവും പിന്നിൽ. 94.55 ശതമാനം തുക ചെലവഴിച്ചു. മങ്കട, തിരൂരങ്ങാടി, വേങ്ങര, അരീക്കോട്, താനൂർ ബ്ലോക്ക് പഞ്ചായത്തുകൾക്കും 100 ശതമാനത്തിൽ എത്താനായില്ല.