തിരൂരങ്ങാടി: നന്നമ്പ്ര പഞ്ചായത്തിനെയും തിരൂരങ്ങാടി നഗരസഭയെയും ബന്ധിപ്പിക്കുന്ന ചെറുമുക്ക് ആതൃക്കാട് ഭാഗത്ത് തോടുകൾ കാട് മൂടി കിടക്കുന്നു. കക്കാട്, ചുള്ളിപ്പാറ, കരുമ്പിൽ ,വെന്നിയൂർ എന്നീ ഭാഗങ്ങളിലെ അഞ്ച് കിലോമീറ്ററോളം വരുന്ന കാർഷിക,കുടിവെള്ള ആവശ്യങ്ങൾക്ക് ആശ്രയിക്കുന്ന തോടുകളാണ് മണ്ണും ചളിയും പുൽച്ചെടികളും നിറഞ്ഞ് ഉപയോഗശൂന്യമായത്. വെള്ളം വെഞ്ചാലി തോടിലേക്ക് തന്നെ ഒഴുകുന്ന അവസ്ഥയാണ്. പരിഹാരം തേടി കർഷകർ അധികൃതരെ ബന്ധപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. ചെറുമുക്ക് പള്ളിക്കത്താഴം ഭാഗത്തെ കർഷകരുടെ നേതൃത്വത്തിൽ പല തവണ അധികൃതർക്ക് നിവേദനം നൽകിയെങ്കിലും പരിഹാരമായിട്ടില്ല. ഉടൻ തോട് കിളച്ച് വീതി കൂട്ടാനായാൽ കർഷകർക്കും നാട്ടുകാർക്കും ഏറെ പ്രയോജനകരമാവും. കഴിഞ്ഞ വർഷം ഏതാനും ഭാഗങ്ങളിൽ തോട് കിളച്ചിരുന്നു. വീതികൂട്ടുന്നതിനൊപ്പം പാർശ്വഭിത്തി കെട്ടി സംരക്ഷിക്കുകയും വേണമെന്നാണ് കർഷകരുടെ ആവശ്യം. വർഷത്തിലൊരിക്കലാണ് ഇവിടെ കൃഷി ഇറക്കുന്നത്. വെള്ളം കുറവായത് കാരണം പലരും കൃഷിയിൽ നിന്നും പിന്മാറുന്നുണ്ട്. വേനൽമഴ വരാനിരിക്കെ തോട് കിളക്കാതിരുന്നാൽകർഷകരെ പ്രതികൂലമായി ബാധിക്കും. വെന്നിയൂർ , ചുള്ളിപ്പാറ എന്നിവിടങ്ങളിൽ തരിശായി കിടക്കുന്ന കൃഷിഭൂമി ഇപ്പോൾ കൃഷിഭൂമിയായി മാറിയിട്ടുണ്ട്.