വള്ളിക്കുന്ന് : ജോലി വാഗ്ദാനം ചെയ്ത് 14 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ അറസ്റ്റിൽ. അരിയല്ലൂർ സ്വദേശി മുതിക്കലായിൽ വേലായുധനെയാണ് അറസ്റ്റ് ചെയ്തത്. 2019 ഡിസംബറിൽ കോഴിക്കോട് സിറ്റി കോ ഓപറേറ്റീവ് ബാങ്കിൽ പ്യൂണിന്റെ ജോലി വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ചാണ് പ്രതി പണം തട്ടിയത്.
പ്രതി ഉപയോഗിച്ച ഫോൺ നമ്പർ ലൊക്കേഷൻ പരിശോധിച്ചും പോകുന്ന സ്ഥലങ്ങൾ നിരീക്ഷിച്ചുമാണ് ഒളിവിലായിരുന്ന പ്രതിയെ അറസ്റ്റ് ചെയ്തത്. മുമ്പ് പരപ്പനങ്ങാടി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ മഞ്ചേരി സെഷൻസ് കോടതിയിൽ ഇയാൾക്കെതിരെ വാറണ്ട് നിലവിലുണ്ട്. വേറെയും ആളുകളിൽനിന്ന് ഇയാൾ സമാനരീതിയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയതായി പരാതിയുണ്ട് .പരപ്പനങ്ങാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ പ്രതിയെ ഹാജരാക്കി റിമാൻഡ് ചെയ്തു.