ഇനിയും എത്രകാലം കാത്തിരിക്കണം കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വലിയ വിമാനമിറങ്ങാൻ. പ്രവാസികൾ ഈ ചോദ്യം ചോദിക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി. 2020 ആഗസ്റ്റ് ഏഴിനാണ് ദുബയിൽ നിന്നെത്തിയ എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനം കരിപ്പൂരിൽ ദുരന്തത്തിൽപ്പെട്ടത്. രണ്ട് പൈലറ്റുമാർ അടക്കം 21 പേരുടെ ജീവനാണ് കവർന്നത്. അപകടമുണ്ടായി മാസം എട്ട് കഴിഞ്ഞു. ഇതുവരെ അപകടത്തിന്റെ കാരണം പോലും അധികൃതർ പുറത്തു വിട്ടിട്ടില്ല. ഇതുതന്നെയാണ് വലിയ വിമാനങ്ങളുടെ സർവീസുകൾ തുടങ്ങാൻ വിലങ്ങായി നിൽകുന്നതും. വിമാന ദുരന്തത്തിന് തൊട്ടുപിന്നാലെ വിശദ അന്വേഷണത്തിനായി വിദഗ്ദരെ ഉൾപ്പെടുത്തി അന്വേഷണ കമ്മിഷനെ വ്യോമയാന മന്ത്രാലയം നിയോഗിച്ചിരുന്നു. അപകടത്തിന്റെ പശ്ചാത്തലത്തിൽ മൺസൂൺ സീസൺ കണക്കിലെടുത്ത് വലിയ വിമാനങ്ങൾക്ക് കരിപ്പൂരിൽ വിലക്കും ഏർപ്പെടുത്തി. മൺസൂണിന് ശേഷം സർവീസ് പുനരാരംഭിക്കുമെന്ന് അറിയിച്ചെങ്കിലും പിന്നീടിത് നീട്ടി. വിമാന ദുരന്തത്തിന്റെ കാരണങ്ങൾ സംബന്ധിച്ച വിദഗ്ദ റിപ്പോർട്ട് ലഭിച്ചതിന് ശേഷമേ വലിയ വിമാനങ്ങൾക്കുള്ള സർവീസിന് അനുമതി നൽകിയാൽ മതിയെന്ന നിലപാടിലാണ് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.ഐ).
എവിടെ അന്വേഷണ റിപ്പോർട്ട്
കരിപ്പൂർ വിമാന ദുരന്തവുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് അഞ്ച് മാസത്തിനകം സമർപ്പിക്കണമെന്നായിരുന്നു വിദഗ്ദ്ധസമിതിക്ക് വ്യോമയാന മന്ത്രാലയം ആദ്യം നൽകിയ നിർദ്ദേശം. ഇതുപ്രകാരം ജനുവരിയിൽ റിപ്പോർട്ട് സമർപ്പിക്കേണ്ടതായിരുന്നു. എന്നാൽ പിന്നീട് കാലാവധി രണ്ട് മാസക്കാലം കൂടി നീട്ടി. എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ നിയോഗിച്ച വിദഗ്ദ്ധ സമിതിയിലെ അംഗം ജനുവരിയിൽ വീണ്ടും കരിപ്പൂരിലെത്തിയ പശ്ചാത്തലത്തിലായിരുന്നു. മാർച്ച് 12നകം അന്വേഷണം പൂർത്തിയാകുമെന്ന് വ്യോമയാന സെക്രട്ടറി അറിയിച്ചു. അന്വേഷണ റിപ്പോർട്ട് വൈകുന്നത് സംബന്ധിച്ച് എം.പിമാർ നൽകിയ കത്തിന് മറുപടിയായാണ് ഇക്കാര്യം അറിയിച്ചത്. എന്നാൽ ഇതുവരെ ഇതു സംബന്ധിച്ച യാതൊരു സൂചനകളും വ്യോമയാന മന്ത്രാലയമോ, വിമാനത്താവളം അധികൃതരോ നൽകുന്നില്ല. അപകടത്തിന്റെ കാരണങ്ങൾ സംബന്ധിച്ച പ്രാഥമിക റിപ്പോർട്ട് ഉണ്ടാവില്ലെന്ന് വ്യോമയാന മന്ത്രാലയം നേരത്തെ തന്നെ അറിയിച്ചിരുന്നു. ലാൻഡിംഗിലെ പിഴവാകാം ദുരന്തത്തിന് വഴിവെച്ചതെന്ന നിഗമനത്തിന് ഏറെ പ്രചാരം ലഭിച്ചിരുന്നു. അതല്ല റൺവേയുടെ തകരാറും ടേബിൾ ടോപ്പുമാണ് അപകടങ്ങൾക്ക് വഴിവെച്ചതെന്ന വിലയിരുത്തലുമുണ്ടായി. എന്നാൽ ഇക്കാര്യങ്ങളൊന്നും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
എന്ന് തീരും പരിശോധന?
കരിപ്പൂരിൽ വലിയ വിമാനങ്ങൾക്ക് മൺസൂൺ കാലത്തേക്ക് മാത്രമാണ് വിലക്കേർപ്പെടുത്തിയത് എന്നായിരുന്നു തുടക്കത്തിൽ ഡി.ജി.സി.എ അറിയിച്ചിരുന്നത്. എന്നാൽ പിന്നീട് വിലക്ക് നീട്ടി. വലിയ വിമാനങ്ങളുടെ സർവീസ് പുനരാരംഭിക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ നവംബറിൽ ഡി.ജി.സിഐ ചെന്നൈ റീജ്യണൽ ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിൽ പ്രത്യേക സമിതി കരിപ്പൂരിലെത്തി പരിശോധന നടത്തിയിരുന്നു. വിമാന സുരക്ഷയുമായി ബന്ധപ്പെട്ട വിമാന കമ്പനികൾ സമർപ്പിച്ച സേഫ്‌ടി റിസ്‌ക് അസസ്‌മെന്റ് റിപ്പോർട്ട് ജനുവരിയിൽ കരിപ്പൂർ വിമാനത്താവളം അധികൃതർ ഡി.ജി.സി.ഐക്ക് സമർപ്പിച്ചിട്ടുണ്ട്. വലിയ വിമാനങ്ങളുടെ സർവീസുകൾ പുനരാരംഭിക്കുന്നതിന് മുന്നോടിയായി ഫെബ്രുവരിയിൽ സുരക്ഷാ ക്രമീകരണങ്ങൾ പൂർത്തിയാക്കുന്നതിൽ ഡി.ജി.സി.ഐ വിമാനത്താവളം അധികൃതരോട് കൂടുതൽ വിശദീകരണവും തേടിയിരുന്നു. റൺവേയിലെ ചെറിയ വിള്ളൽ പോലുള്ള കാര്യങ്ങൾ പരിഹരിക്കാൻ പാലക്കാട് ഐ.ഐ.ടിയെയും ചുമതലപ്പെടുത്തി. സുരക്ഷാ പരിശോധനകൾ നടത്തി സൗകര്യങ്ങൾ വർദ്ധിപ്പിച്ച റിപ്പോർട്ടും ഡി.ജി.സി.ഐക്ക് സമർപ്പിച്ചു. എന്നാൽ വിമാന ദുരന്തം സംബന്ധിച്ച അന്വേഷണ റിപ്പോർട്ട് വൈകുന്നതാണ് വലിയ വിമാനങ്ങളുടെ സർവീസ് പുനരാരംഭിക്കുന്നതിന് തടസ്സമായി നിൽക്കുന്നത്.
ആശങ്കയുടെ കാർമേഘം
നിലവിൽ കരിപ്പൂരിൽ ചെറിയ വിമാനങ്ങളാണ് സർവീസ് നടത്തുന്നത്. അപകടത്തിൽപ്പെട്ടതും സി കാറ്റഗറിയിൽപ്പെട്ട ചെറുവിമാനമാണ്. വിമാന ദുരന്തത്തിലേക്ക് നയിച്ച കാരണങ്ങൾ ഓരോ യാത്രക്കാരന്റെയും മനസിലെ തീരാചോദ്യവും ആശങ്കകളുമാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പ്രവാസി യാത്രക്കാരുള്ള വിമാനത്താവളമാണ് കരിപ്പൂർ. കണ്ണൂർ വിമാനത്താവളം യാഥാർത്ഥ്യമാവുന്നതിന് മുമ്പ് മലബാറിൽ നിന്നുള്ളവരുടെ ഏക ആശ്രയവും കരിപ്പൂരായിരുന്നു. ഗൾഫ് റൂട്ടിലേക്ക് കൂടുതൽ സർവീസുള്ളത് കരിപ്പൂരിൽ നിന്നായതിനാൽ ഇപ്പോഴും ഇതിന് വലിയ മാറ്റമൊന്നും വന്നിട്ടില്ല. തീർത്തും സാധാരണക്കാരായ പ്രവാസികളാണ് കരിപ്പൂരിലെ യാത്രക്കാരിൽ ഭൂരിഭാഗവും. കൊവിഡിന്റെ പശ്ചാത്തലത്തിൽ ഗൾഫ് രാജ്യങ്ങൾ ഏർപ്പെടുത്തിയ യാത്രാ നിയന്ത്രണങ്ങൾ മൂലം ഗൾഫ് സെക്ടറിൽ യാത്രക്കാർ കുറവാണ്. ചെറിയ വിമാനങ്ങളെ കരിപ്പൂരിൽ നിന്ന് സർവീസ് നടത്തുന്നുള്ളൂ എന്നത് വലിയ പ്രതിസന്ധി സൃഷ്ടിക്കാത്തത് ഈ പശ്ചാത്തലത്തിലാണ്. യാത്രക്കാരുടെ എണ്ണം കൂടുന്നതോടെ വലിയ വിമാനങ്ങളുടെ സർവീസ് അനിവാര്യമായി തീരും. ഹജ്ജ് എംബാർക്കേഷൻ പോയിന്റ് കരിപ്പൂരിലേക്ക് തിരിച്ചുകൊണ്ടുവരാനും വലിയ വിമാനങ്ങളുടെ സർവീസ് പുനരാരംഭിക്കേണ്ടതുണ്ട്. വിദഗ്ദ സമിതിയുടെ അന്വേഷണ റിപ്പോർട്ട് എത്രയും വേഗം സമർപ്പിക്കുന്നതിന് രാഷ്ട്രീയ സമ്മർദ്ദം ശക്തമാക്കണെമെന്ന ആവശ്യവും ഉയരുന്നുണ്ട്.