മലപ്പുറം: കോഴിക്കുഞ്ഞുങ്ങളുടെ വില വൻതോതിൽ ഉയർത്തി കേരളത്തിലെ രണ്ടര ലക്ഷത്തോളം കോഴിഫാമുകളെ തകർക്കാൻ ബ്രോയിലർ കോഴിക്കച്ചവട മേഖല അടക്കിവാഴുന്ന തമിഴ്നാട് ലോബിയുടെ നീക്കം. ഒരുദിവസം പ്രായമായ കോഴിക്കുഞ്ഞിന്റെ വില തമിഴ്നാട് ബ്രോയിലേഴ്സ് കോ ഓർഡിനേഷൻ ഇന്നലെ 56 രൂപയാക്കി ഉയർത്തി. രണ്ടാഴ്ച്ചയ്ക്കിടെ 10 രൂപയിലധികം വർദ്ധന. സമീപകാലത്തെ ഉയർന്ന വിലയാണിത്. നേരത്തെ 25 രൂപയ്ക്ക് ലഭിച്ചിരുന്നു. രണ്ടര മാസത്തോളമായി വില പടിപടിയായി ഉയർത്തുന്നുണ്ട്. തമിഴ്നാട്ടിലെ ഫാമുകൾക്ക് 14 രൂപയ്ക്കാണ് നൽകുന്നത്.
കേരളത്തിലേക്ക് 80 ശതമാനം കോഴിക്കുഞ്ഞുങ്ങളെയും കൊണ്ടുവരുന്നത് തമിഴ്നാട്ടിൽ നിന്നാണ്. 40 ദിവസത്തിനുള്ളിൽ രണ്ടര കിലോഗ്രാം വരെ തൂക്കം വയ്ക്കുന്ന വാൻകോബ് 500 ഇനം കോഴിക്കുഞ്ഞുങ്ങളെയാണ് കേരളത്തിലും തമിഴ്നാട്ടിലും വളർത്തുന്നത്. വിദേശിയായ ഇവയുടെ പാരന്റ് ബേർഡിനെ വളർത്താനുള്ള അവകാശം തമിഴ്നാട് ലോബിക്കാണ്.
നിലവിലെ അവസ്ഥയിൽ കോഴിക്കുഞ്ഞിന് വലിയ വില നൽകി 40 ദിവസം വളർത്തി വിൽപ്പനയ്ക്ക് വരുമ്പോൾ കൂലിച്ചെലവ് പോലും ലഭിക്കില്ല.
കേരളത്തിൽ ഒരുകിലോ കോഴി ഉത്പാദിപ്പിക്കാൻ 110 രൂപ വരെ ചെലവാകും. 120 രൂപയ്ക്കാണ് മൊത്തവിതരണക്കാർ ഫാമുകളിൽ നിന്ന് കോഴികളെ വാങ്ങുന്നത്. കോഴിക്കുഞ്ഞ്, തീറ്റ, മരുന്ന്, തൊഴിലാളികളുടെ കൂലി എന്നിവ തമിഴ്നാട്ടിൽ കുറവായതിനാൽ പരമാവധി 60 രൂപയേ ഉത്പാദനത്തിന് ചെലവാകൂ.
അടുത്തിടെ കോഴിക്കർഷക സംഘടനകളുടെയും സൊസൈറ്റികളുടെയും നേതൃത്വത്തിൽ കേരളത്തിൽ ഫാമുകൾ കൂടുതലായി തുടങ്ങിയിട്ടുണ്ട്. തമിഴ്നാട് ലോബിയുടെ കുത്തക നഷ്ടപ്പെടാനും സീസൺ ലക്ഷ്യമിട്ട് വില വർദ്ധിപ്പിക്കുന്നതു തടയാനും സാധ്യതയുണ്ടെന്ന് കണ്ടാണ് കോഴിക്കുഞ്ഞുങ്ങളുടെ വില കൂട്ടി ഫാമുകളെ തളർത്താൻ തമിഴ്നാട് ലോബി ശ്രമിക്കുന്നത്.
മുട്ടയ്ക്കും വില കൂട്ടി
കോഴിക്കുഞ്ഞുങ്ങളുടെ വില വർദ്ധിപ്പിച്ചതോടെ മുട്ട കൊണ്ടുവന്ന് വിരിയിക്കാൻ ശ്രമിച്ചു. ഇതോടെ തമിഴ്നാട് ലോബി മുട്ടയുടെ വിലയും വർദ്ധിപ്പിച്ചു. 12 മുതൽ 14 രൂപയ്ക്ക് ലഭിച്ചിരുന്ന മുട്ടയ്ക്ക് ഇപ്പോൾ 38 രൂപയാണ്.