മലപ്പുറം: ഒരാഴ്ച്ചയ്ക്കിടെ ഡെങ്കി ലക്ഷണങ്ങളോടെ വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയത് പത്ത് പേർ. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ആണ് ആറ് കേസുകളും. മലപ്പുറത്തിന് പുറമെ എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് മുൻ മാസങ്ങളെ അപേക്ഷിച്ച് ഡെങ്കി കേസുകൾ വർദ്ധിക്കുന്നത്. ഒരുഘട്ടത്തിൽ പ്രതിരോധ പ്രവർത്തനങ്ങളിലൂടെ ജില്ലയിൽ ഡെങ്കി കേസുകളുടെ എണ്ണം തീർത്തും കുറയ്ക്കാൻ സാധിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയുടെ പല ഭാഗങ്ങളിലും വേനൽ മഴ ലഭിച്ചിട്ടുണ്ട്. ഡെങ്കി രോഗം പരത്തുന്ന ഈഡിസ് ഈജിപ്തി വിഭാഗത്തിൽപ്പെടുന്ന കൊതുകുകൾ മുട്ടയിട്ട് പെരുകുന്ന സാഹചര്യം തടയേണ്ടതുണ്ട്. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിനൊപ്പം പാഴ്‌വസ്തുക്കളിലും മറ്റും വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കാനും ശ്രദ്ധിക്കണമെന്ന് ആരോഗ്യ പ്രവർത്തകർ പറയുന്നു. ഒരാഴ്ച്ചക്കിടെ 2,488 പേരാണ് വൈറൽ പനി ബാധിച്ച് സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയത്. ഒരുദിവസം ശരാശരി 300 പേർ പനി ബാധിച്ച് ചികിത്സ തേടുന്നുണ്ട്. കൊവിഡ് ഭീതിയിൽ ആശുപത്രികളിലെത്തി ചികിത്സ തേടാൻ മടിക്കുന്നവരും ഏറെയാണ്. ഇന്നലെ 436 പേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്. മറ്റ് ജില്ലകളെ അപേക്ഷിച്ച് മലപ്പുറത്ത് പനിബാധിതരുടെ എണ്ണം കൂടുതലാണ്.
ശ്രദ്ധ വേണം കുടിവെള്ളത്തിൽ
വേനൽ ശക്തിപ്രാപിക്കുന്നതിന് പിന്നാലെ വയറിളക്ക രോഗങ്ങളുമായി ചികിത്സ തേടുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. ദിവസം ശരാശരി 200ന് മുകളിൽ പേർ ആശുപത്രികളിൽ എത്തുന്നുണ്ട്. ഇന്നലെ 280 പേരെത്തി. ജില്ലയുടെ പലയിടങ്ങളിലും കുടിവെള്ള ക്ഷാമം രൂക്ഷമായതോടെ ടാങ്കർ വാഹനങ്ങളെയാണ് ആശ്രയിക്കുന്നത്. പുഴകളിൽ ജലവിതാനം താഴ്ന്നതോടെ പലയിടങ്ങളിലെയും വെള്ളം കുടിവെള്ളത്തിന് അനുയോജ്യമല്ല. കൂടാതെ വൃത്തിഹീനമായ സ്രോതസുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നവരുമുണ്ട്. കുടിവെള്ളത്തിലെ ശുദ്ധത ഉറപ്പാക്കുന്നതിനൊപ്പം തിളപ്പിച്ചാറിയ വെള്ളം ശീലമാക്കണമെന്നും ആരോഗ്യപ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.