flight

കൊണ്ടോട്ടി: കരിപ്പൂരിൽ നിന്നു കുവൈറ്റിലേക്കു പറന്നുയർന്ന വിമാനം കാർഗോ വിഭാഗത്തിൽ നിന്നു അടിയന്തര അഗ്നിബാധ മുന്നറിയിപ്പ് മുഴങ്ങിയതിനെ തുടർന്ന് അടിയന്തരമായി തിരിച്ചിറക്കി. ഇന്നലെ രാവിലെ 8.37ന് കരിപ്പൂരിൽ നിന്നു 15 യാത്രക്കാരുമായി പറന്നുയർന്ന എയർഇന്ത്യ എക്സ്പ്രസ് വിമാനമാണ് ഒമ്പതു മണിയോടെ തിരിച്ചിറക്കിയത്. റൺവേയിൽ നിന്നുയർന്ന വിമാനം കരിപ്പൂർ എയർട്രാഫിക് കൺട്രോൾ പരിധി വിടും മുമ്പാണ് അഗ്നിബാധ സൈറൺ മുഴങ്ങിയത്. പൈലറ്റ് കരിപ്പൂർ എയർട്രാഫിക് കൺട്രോളിന്റെ അനുമതിയോടെ അടിയന്തര ലാൻഡിംഗ് നടത്തുകയായിരുന്നു . തുടർന്ന് യാത്രക്കാരെ പുറത്തിറക്കി. ആറു ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു. യാത്രക്കാരെ പിന്നീട് മറ്റൊരു വിമാനത്തിൽ കൊണ്ടുപോയി.