kuttipuram
കുറ്റിപ്പുറം പാലത്തിന് സമീപം ഭാരതപുഴ വറ്റിവരണ്ട നിലയിൽ.

കുറ്റിപ്പുറം: വേനൽ കടുത്തതിന് പിന്നാലെ ഭാരതപുഴ വറ്റിവരണ്ടതോടെ നിരവധി കുടിവെള്ള പദ്ധതികളുടെ നടത്തിപ്പ് പ്രതിസന്ധിയിൽ. മിനി പമ്പ, ചമ്രവട്ടം റെഗുലേറ്റർ പ്രദേശങ്ങളിലാണ് താരതമ്യേനെ വെള്ളമുള്ളത്. ഇവിടങ്ങളിൽ തന്നെ കഴിഞ്ഞ വർഷം ഉണ്ടായതിന്റെ പകുതി വെള്ളമാണുള്ളത്. ഭൂരിഭാഗം ഇടങ്ങളിലും ഭാരതപ്പുഴ നീർച്ചാലായി മാറിയിട്ടുണ്ട്. ചിലയിടങ്ങളിൽ നാട്ടുകാരുടെ നേതൃത്വത്തിൽ താത്ക്കാലിക തടയണകൾ കെട്ടി വെള്ളം തടഞ്ഞുനിർത്താൻ ശ്രമിച്ചെങ്കിലും ഇത് ഫലപ്രദമായിട്ടില്ല. തൃക്കണാപുരത്തെ ഡാനിഡ പദ്ധതി പ്രദേശവും ചെമ്പിക്കൽ, ചെങ്ങണാംകടവ്, മഞ്ചാടി, രങ്ങാട്ടൂർ, തവനൂർ പ്രദേശങ്ങളിലും പുഴ വറ്റി വരണ്ട അവസ്ഥയിലാണ്.

കുറ്റിപ്പുറം പഞ്ചായത്തിലെ 20 ഓളം വാർഡുകൾ കടുത്ത ജലക്ഷാമത്തിലാണ്. ഇതിന് പരിഹാരം കാണാൻ 17ന് രാവിലെ പഞ്ചായത്ത് ഭരണസമിതി പ്രത്യേകം യോഗം ചേരുന്നുണ്ട്. ഭാരതപുഴ വറ്റിയതോടെ സമീപപ്രദേശങ്ങളിലെ ജലസ്രോതസ്സുകളിലും ജലവിതാനം തീർത്തും താഴ്ന്നിട്ടുണ്ട്. ഇതോടെ കുടിവെള്ള ടാങ്കറുകളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ്. 700 മുതൽ 1,000 രൂപ വരെയാണ് ടാങ്കർ വാഹനങ്ങൾ വെള്ളത്തിനായി ഈടാക്കുന്നത്. ഒരുകുടുംബത്തിന് പരമാവധി മൂന്ന് ദിവസത്തേക്കെ ഈ വെള്ളമുണ്ടാവൂ. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ കുടിവെള്ളം വിതരണം തുടങ്ങണമെന്നാണ് നാട്ടുകാരുടെ ആവശ്യം.