പൊന്നാനി: സുൽത്താനില്ലാത്ത പൊന്നാനി കാൽ നൂറ്റാണ്ട് പിന്നിട്ടെങ്കിലും ഓർമ്മകളെ കരുത്തും ഊർജ്ജവുമാക്കി ജീവതത്തെ മുന്നോട്ടുനയിക്കുകയാണ് സഖാവിന്റെ പ്രിയ സഖി ഫാത്തിമ്മ ടീച്ചർ. ഇ.കെ.ഇമ്പിച്ചിബാവ എന്ന ജനനേതാവ് ഒരു നാടിന് എന്തായിരുന്നുവെന്ന് മറക്കാത്ത ഓർമ്മകളെ ചൂണ്ടി ഫാത്തിമ്മ ടീച്ചർ പറഞ്ഞുവെക്കുന്നു.
45 വർഷത്തെ ദാമ്പത്യ കാലയളവിന്റെ ഒട്ടേറെ മായാച്ചിത്രങ്ങളുണ്ട് ഫാത്തിമ ഇമ്പിച്ചിബാവയുടെ മനസ്സിൽ. വേദനനിറഞ്ഞ വേർപാടിന് 25 വർഷം തികയുമ്പോൾ പ്രിയസഖാവിപ്പോഴും ഇവിടെയുണ്ടെന്ന് വിശ്വസിക്കുകയും ആശ്വസിക്കുകയുമാണവർ.
1995 മാർച്ച് അവസാനവാരം പാർട്ടി കോൺഗ്രസിനായി ചണ്ഡീഗഡിലേക്ക് പോയത് ടീച്ചർ ഓർക്കുന്നു. അസുഖം ബാധിച്ച് ക്ഷീണിതനായിരുന്നു. റെയിൽവെ സ്റ്റേഷനിൽ കൊണ്ടുവിട്ട് യാത്രയാക്കിയാണ് തിരിച്ചു വന്നത്. ഈ യാത്ര വേണൊയെന്ന് പലവട്ടം ചോദിച്ചു. പാർട്ടി കോൺഗ്രസിന് പോകണമെന്നത് അദ്ദേഹത്തിന് നിർബന്ധമായിരുന്നു. എല്ലാ നേതാക്കളെയും കാണാനുള്ള ആഗ്രഹത്തിലായിരുന്നു. പാർട്ടി കോൺഗ്രസ് കഴിഞ്ഞ് ഡൽഹിയിൽ തങ്ങിയത് പൊന്നാനി തുറമുഖ കാര്യം ശരിയാക്കാൻ. അവിടെ വച്ചാണ് മരണം സംഭവിച്ചത്. എ.കെ.ജിയുമായിട്ടായിരുന്നു അടുത്തബന്ധം. എ.കെ.ജിയും സുശീലാ ഗോപാലനും വീട്ടിൽ നിരവധിതവണ വന്നിട്ടുണ്ട്. നേതാക്കൾക്കൊക്കെ ഇമ്പിച്ചിബാവയെ വലിയ ഇഷ്ടമായിരുന്നു. ഒട്ടുമിക്ക നേതാക്കളും പലവട്ടം വീട്ടിൽ വന്നിട്ടുമുണ്ട്. തങ്ങിയിട്ടുമുണ്ട്. ടീച്ചർ പറഞ്ഞു. വിദ്യാർത്ഥിയായിരിക്കെയാണ് ഇമ്പിച്ചിബാവയെ ആദ്യം കണ്ടത്. കോഴിക്കോട് ട്രെയിനിംഗ് കോളേജ് ഹോസ്റ്റലിലായിരുന്നു കൂടിക്കാഴ്ച്ച.
അതൊരു പെണ്ണുകാണലായിരുന്നുവെന്ന് പിന്നീടാണറിഞ്ഞത്. സെയ്താലിക്കുട്ടി സഖാവിനൊപ്പമായിരുന്നു ഇമ്പിച്ചിബാവ വന്നത്. അന്ന് അദ്ദേഹം രാജ്യസഭാംഗമായിരുന്നു. വിവാഹം കഴിഞ്ഞ് പിന്നീട് ജയിലിലും ഒളിവിലുമായി ഏറെക്കാലം. കൊണ്ടോട്ടിയിലെ തന്റെ വീട്ടിലേക്ക് വരുമ്പോൾ അദ്ദേഹത്തിന് പിന്നാലെ പൊലീസുമെത്തി. അറസ്റ്റ് വാറൻഡുമായി. ഷർട്ട് മാറ്റിയ ഉടൻ ഇറങ്ങിപ്പോയി. ടീച്ചർ ഓർത്തെടുത്തു.
മന്ത്രിയായിരിക്കുമ്പോൾ കൂടെ തിരുവനന്തപുരത്ത് താമസിച്ചിട്ടുണ്ട്. ദിവസവും രാവിലെ തന്നെ നൂറുകണക്കിനാളുകളാണ് കാണാനെത്തുക. ആളുകളുടെ വിഷമം കേൾക്കുമ്പോൾ മനസ്സലിയും. ആകാവുന്ന സഹായം ചെയ്യും.
ക്ഷോഭിക്കുമ്പോഴും അതേ വേഗത്തിൽ തണുക്കുന്ന, നർമ്മം വിതറുന്ന പിന്നീട് വിളിച്ച് കുശലംചോദിച്ച് കാര്യങ്ങൾ തെരക്കി എല്ലാം ശരിയാക്കിക്കൊടുക്കുന്ന പ്രകൃതം. ഇമ്പിച്ചിബാവയുടെ ജീവിതസഖിയായതാണ് ജീവിതത്തിലെ വലിയ സൗഭാഗ്യമെന്ന് പറയുമ്പോൾ ഫാത്തിമ്മ ടീച്ചറുടെ കണ്ണുകളിൽ വല്ലാത്ത തിളക്കം.
രണ്ടു തവണ പൊന്നാനിയിൽ തോറ്റെങ്കിലും അത് അദ്ദേഹത്തെ ഒരു നിലക്കും അലട്ടിയിരുന്നില്ല. ജനങ്ങൾക്കു വേണ്ടി നല്ല കാര്യങ്ങൾ ചെയ്യാൻ തിരഞ്ഞെടുപ്പിൽ ജയിക്കണമെന്ന നിർബന്ധമില്ലെന്ന പക്ഷക്കാരനായിരുന്നു അദ്ദേഹം. ഇമ്പിച്ചിബാവയുടെ തിരഞ്ഞെടുപ്പ് തോൽവി അദ്ദേഹത്തിന് യാതൊരു നഷ്ടവും ഉണ്ടാക്കിയിട്ടില്ല. പൊന്നാനിക്ക് മാത്രമാണ് അത് നഷ്ടമുണ്ടാക്കിയത്. അന്നൊക്കെ ജയിച്ച് മന്ത്രിയായിരുന്നെങ്കിൽ പൊന്നാനിയുടെ മുഖം അന്നേ മറുമായിരുന്നു. അത്രമാത്രം പൊന്നാനിയെ സ്നേഹിച്ച നേതാവായിരുന്നു അദ്ദേഹം. ടീച്ചർ പറഞ്ഞു നിറുത്തി.
ദീർഘകാലം പൊന്നാനി ടൗൺ ജി.എം.എൽ.പി സ്കൂൾ അദ്ധ്യാപികയായിരുന്ന ഫാത്തിമ ഇമ്പിച്ചിബാവ 1995ലാണ് വിരമിച്ചത്. പൊന്നാനി നഗരസഭാചെയർപേഴ്സണായി ഭരണമികവ് പ്രകടിപ്പിച്ച പൊതുപ്രവർത്തകയുമാണ്.
ജില്ലാ പഞ്ചായത്തംഗവുമായിരുന്നു.