മലപ്പുറം: ഡോക്യുമെന്ററി സംവിധായകനും ചിത്രകാരനും നാടകപ്രവർത്തകനുമായ മച്ചിങ്ങൽ മേപ്പളളിക്കുന്നത്ത് ജ്യോതിപ്രകാശ് (60) അന്തരിച്ചു. അർബുദ ബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. റവന്യൂ വകുപ്പിൽ വില്ലേജ് ഓഫീസറായി ജോലിചെയ്തിരുന്നു. ഒ.വി. വിജയന്റെ വിഖ്യാതനോവലായ ഖസാക്കിന്റെ ഇതിഹാസം പശ്ചാത്തലമാക്കി ജ്യോതി പ്രകാശ് സംവിധാനം ചെയ്ത ഇതിഹാസത്തിലെ ഖസാക്ക് എന്ന ഡോക്യുമെന്ററിക്ക് ദേശീയ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ആത്മൻ, ചിത്രകാരനായ അത്തിപ്പറ്റ ശിവരാമൻ നായരുടെ ജീവിതത്തെ ആസ്പദമാക്കിയുളള എ.എസ്- വരകൾക്കുമപ്പുറം, സി.എച്ച്. മുഹമ്മദ് കോയയെ കുറിച്ചുളള സി.എച്ച്- നവോത്ഥാനത്തിന്റെ ഹരിതാക്ഷരി എന്നീ ഡോക്യുമെന്ററികളും സംവിധാനം ചെയ്തിട്ടുണ്ട്. 1996ലാണ് ഇതിഹാസത്തിലെ ഖസാക്കിന് ദേശീയ പുരസ്‌കാരം ലഭിക്കുന്നത്.
പരേതരായ കണ്ണൂർ വെങ്ങര എടയേടത്ത് ബാലൻനായരുടെയും മലപ്പുറം മേൽമുറി മേപ്പളളിക്കുന്നത്ത് ശാരദാമ്മയുടേയും മകനാണ്. ഭാര്യ-ഗീത ( അദ്ധ്യാപിക, ഗവ.എച്ച്.എസ്.എസ്, നടക്കാവ്). മക്കൾ- ആദിത്യമേനോൻ, ചാന്ദ് പ്രകാശ്. സഹോദരങ്ങൾ: പ്രമോദ്, പ്രീത, പ്രദീപ് മേനോൻ, പ്രശാന്ത്.