പൊന്നാനി:മലബാറിന്റെ നെല്ലറയായ ബിയ്യം കോൾ മേഖലയിൽ പതിറ്റാണ്ടുകളായി തരിശു കിടന്നയിടങ്ങളിൽ വീണ്ടും കൃഷിയിറക്കുകയെന്ന ലക്ഷ്യത്തോടെ കോൾ മേഖലയിലേക്ക് വെള്ളമെത്തിക്കാനുള്ള പദ്ധതി ആവിഷ്കരിക്കുന്നു. ഇതിന്റെ ഭാഗമായി ഇറിഗേഷൻ വകുപ്പിന് കീഴിൽ സർവേ പൂർത്തിയായി. ഭാരതപ്പുഴയിൽ നിന്നും വെള്ളം പൈപ്പ് വഴി കൃഷി മേഖലയിലെ കനാലുകളിലേക്കും, തോടുകളിലേക്കുമെത്തിക്കുകയാണ് ലക്ഷ്യം.
ഭാരതപ്പുഴയിൽ നിന്നും അതളൂർ ചെറിയ തോട് വഴി അതളൂർ അങ്ങാടിയിലെത്തിച്ച് തുടർന്ന് കാർഷിക മേഖലകളിലേക്ക് വിതരണം ചെയ്യും. പദ്ധതി യാഥാർത്ഥ്യമായാൽ പുഞ്ചകൃഷിയും കോൾ കൃഷിയും സാദ്ധ്യമാവും. പൊന്നാര്യൻ കൊയ്യും പൊന്നാനിയുടെ ഭാഗമായി കൃഷി വർദ്ധിപ്പിച്ചെങ്കിലും ഇത് പൂർണ്ണാർത്ഥത്തിൽ എത്തിയിട്ടില്ല. മുൻ വർഷങ്ങളിൽ തരിശു കിടന്ന പാടങ്ങളിലെല്ലാം ഇത് വഴി കൃഷിയിറക്കാനാകും.
തരിശിട്ടത് ഏക്കറ് കണക്കിന് ഭൂമി
തവനൂർ, കാലടി, പൊന്നാനി നഗരസഭ എന്നിവിടങ്ങളിലൂടെയാണ് വെള്ളമെത്തിക്കുക.
നേരത്തെ സജീവമായി കൃഷി നടന്നിരുന്ന ഹെക്ടർ കണക്കിന് മേഖലയിൽ ഇപ്പോൾ ഏക്കർ കണക്കിന് തരിശിട്ട് കിടക്കുകയാണ്.
മേഖലയിലേക്ക് വെള്ളമെത്തിക്കുന്ന പ്രയാസം മൂലമാണ് കൃഷിഭൂമി തരിശിടേണ്ടി വന്നത്.