തിരൂരങ്ങാടി : കൊവിഡ്-19 വീണ്ടും പിടിമുറുക്കുന്ന സാഹചര്യത്തിൽ, നോമ്പുകാലത്ത് വീണ്ടും നിയന്ത്രണങ്ങളേർപ്പെടുത്തുമോ എന്ന ആശങ്കയിൽ വിശ്വാസികൾ. കഴിഞ്ഞ തവണ നിയന്ത്രണങ്ങളുടെപശ്ചാത്തലത്തിൽ നോമ്പ് പൂർണ്ണമായും വീടുകളിലേക്ക് ഒതുങ്ങിയിരുന്നു. പള്ളി കേന്ദ്രീകരിച്ചുള്ള സമൂഹപ്രാർത്ഥനകൾക്ക് നിയന്ത്രണങ്ങളുണ്ടായിരുന്നു.
നിലവിൽ ചിലപള്ളികളിൽ സാമൂഹിക അകലം പാലിച്ച് പ്രാർത്ഥന നടക്കുമ്പോൾചിലയിടങ്ങളിൽ സാധാരണ പോലെ തന്നെയാണ് . കൊവിഡ് കുറഞ്ഞതോടെ പൊതുവേ നിയന്ത്രണങ്ങൾ അയഞ്ഞിരുന്നു. എന്നാൽ തിരഞ്ഞെടുപ്പിന് ശേഷം കൊവിഡ് രോഗികൾ കൂടിവരുന്ന സാഹചര്യത്തിൽ വീണ്ടും നിയന്ത്രണങ്ങളുണ്ടാവുമോയെന്ന ആശങ്കയാണ് വിശ്വാസികളെ അലട്ടുന്നത്.
ഇഫ്താർ വിരുന്നുകളും രാത്രി ഒമ്പതിന് ശേഷം പള്ളികളിൽ തുടങ്ങുന്ന തറാവീഹ് നിസ്ക്കാരവും ഈ വർഷം പതിവുപോലെനടക്കുമോ എന്ന് പറയാനായിട്ടില്ല, ചൊവ്വാഴ്ചയോ ബുധനാഴ്ചയോ നോമ്പ് ഒന്ന് ആവാനാണ് സാദ്ധ്യത. നോമ്പിനെ വരവേൽക്കാൻ പള്ളികളും വീടുകളും സജ്ജമായിക്കഴിഞ്ഞു. പതിവായുള്ള ശുചീകരണവും മറ്റും മിക്കയിടങ്ങളിലും പൂർത്തിയായിക്കഴിഞ്ഞു. പള്ളികൾ തേച്ചുമിനുക്കുകയും വ്യത്തിയാക്കുകയും ചെയ്തിട്ടുണ്ട്. കടുത്ത വേനലിന്റെ പശ്ചാത്തലത്തിൽ തന്നെയാവും ഇത്തവണയും നോമ്പ്. പഴവർഗ്ഗങ്ങൾക്കും മറ്റും വേനലിന്റെ പശ്ചാത്തലത്തിൽ വില കൂടുതലാണ്. നോമ്പിന്റെ പശ്ചാത്തലത്തിൽ വില ഇനിയും കൂടാനാണ് സാദ്ധ്യത.
ആശങ്കയിൽ വ്യാപാരമേഖല
നിയന്ത്രണങ്ങൾ കർശനമാവുമോയെന്ന ആശങ്ക വ്യാപരമേഖലയേയും അലട്ടുന്നുണ്ട്.
പൊതുവേ മന്ദഗതിയിലായ വ്യാപാരമേഖല റംസാൻ വേളയെ വരവേൽക്കാൻ വലിയ ഒരുക്കങ്ങളാണ് നടത്തിയിട്ടുള്ളത്.
നിയന്ത്രങ്ങൾ ശക്തമാക്കിയാൽ വ്യാപാരത്തെപ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക പരക്കേയുണ്ട്. ഉത്സവ വിപണി പരമാവധി പ്രയോജനപ്പെടുത്താൻ വലിയ മുന്നൊരുക്കങ്ങളാണ് വ്യാപാരികൾ നടത്തിയിട്ടുള്ളത്.