കൊണ്ടോട്ടി:കരിപ്പൂരിൽ നിന്നുള്ള ദുബായ് വിമാനം റദ്ദാക്കിയതിനെ തുടർന്നു വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം. ദുബായിലേക്കുളള സ്‌പൈസ് ജെറ്റ് വിമാനം ഇന്നലെ അവസാന നിമിഷം റദ്ദാക്കിയതാണ് യാത്രക്കാരുടെ പ്രതിഷേധത്തിനിടയാക്കിയത്.
വിമാനം ശനിയാഴ്ച പുലർച്ചെ 1.30ന് പുറപ്പെടുമെന്നാണ് ആദ്യം യാത്രക്കാരെ അറിയിച്ചിരുന്നത്. ഇതു പിന്നീട് വൈകിട്ട് 7.05ലേക്കു മാറ്റി. ഈ വിമാനത്തിൽ പുറപ്പെടാൻ എത്തിയവരോട് വിമാനം വീണ്ടും റദ്ദായിട്ടുണ്ടെന്നും ഞായറാഴ്ച രാവിലെ എട്ടിനു പുറപ്പെടുമെന്നും വിമാനക്കമ്പനി അറിയിച്ചു. ഇതനുസരിച്ച് ഞായറാഴ്ച എത്തിയപ്പോൾ ആദ്യം രാവിലെ 11നും പിന്നീട് ഉച്ചയ്ക്കും പുറപ്പെടുമെന്നു പറഞ്ഞു. വൈകിട്ടാണ് വിമാനം റദ്ദാക്കിയതായി അറിയിപ്പെത്തിയത്. ഇതോടെ യാത്രക്കാർ വിമാനക്കമ്പനി ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചു. 130 പേരാണ് വിമാനത്തിൽ പോകാനായി എത്തിയിരുന്നത്. സാങ്കേതിക തകരാറിനെ തുടർന്ന് വിമാനം ഡൽഹിയിൽ നിന്നെത്തിയില്ലെന്നാണ് യാത്രക്കാരെ അറിയിച്ചിരിക്കുന്നത്. വിമാനം വൈകിയതിനെ തുടർന്ന് താമസ സൗകര്യവും നഷ്ടപരിഹാരവും വിമാനക്കമ്പനി നൽകിയില്ലെന്നു യാത്രക്കാർ പറഞ്ഞു. ടിക്കറ്റെടുത്തവർ കൊവിഡ് ആർ.ടി.പി.സി.ആർ പരിശോധന നടത്തിയിരുന്നു. യാത്ര മുടങ്ങിയതോടെ വീണ്ടും കൊവിഡ് പരിശോധന നടത്തേണ്ട ഗതികേടാണ്.