മലപ്പുറം: ജില്ല കൊവിഡ് വാക്‌സിൻ ക്ഷാമത്തിലേക്ക്. പരമാവധി ഒന്നര ദിവസത്തേക്കുള്ള വാക്സിനേ ജില്ലയിൽ അവശേഷിക്കുന്നുള്ളൂ. 58,000 ഡോസാണുള്ളത്. ഇതിൽ നിന്നാണ് ഇന്നലെ വാക്സിനേഷൻ ചെയ്തത്. തിങ്കളാഴ്ച്ച 28,000 പേർ വാക്സിൻ എടുത്തിരുന്നു. ജില്ലയിൽ ഒരാഴ്ച്ചത്തേക്ക് രണ്ട് ലക്ഷം ഡോസ് വാക്‌സിനെങ്കിലും വേണം. എന്നാൽ കഴിഞ്ഞ ദിവസം 10,000 ഡോസ് വാക്‌സിൻ മാത്രമാണ് കിട്ടിയതെന്ന് ജില്ലാ ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നു. നിലവിൽ വാക്‌സിൻ കൂടുതലുള്ള സെന്ററുകളിൽ നിന്ന് മറ്റിടങ്ങളിലേക്ക് കൊണ്ടുപോവുകയാണ് ചെയ്യുന്നത്. ഉടൻ വാക്‌സിൻ ലഭിച്ചില്ലെങ്കിൽ ഇതും മുടങ്ങും. വാക്‌സിൻ വൈകിയാൽ രണ്ടാം ഡോസ് നൽകുന്നതും അവതാളത്തിലാവും.
മേയ് പകുതിയോടെ 45 വയസ്സിന് മുകളിലുള്ള എല്ലാവർക്കും വാക്സിനേഷൻ ലഭ്യമാക്കാനായിരുന്നു ജില്ലാ ആരോഗ്യ വകുപ്പ് ലക്ഷ്യമിട്ടിരുന്നത്. ഈ പ്രായ പരിധിയിൽ 11 ലക്ഷത്തോളം പേരുണ്ട്. നിലവിൽ രണ്ടര ലക്ഷത്തോളം പേരാണ് വാക്സിനെടുത്തത്. കൊവിഡ് മരണനിരക്ക് കൂടുതലും ഈ പ്രായപരിധിയിൽ ഉൾപ്പെട്ടവർക്കിടയിലാണ്. ആരോഗ്യ മേഖലയിലുള്ളവർ, സർക്കാർ ജീവനക്കാർ, കൊവിഡ് പ്രതിരോധ മുൻനിരയിൽ പ്രവർത്തിക്കുന്നവർ എന്നിങ്ങനെ ജില്ലയിൽ ആകെ 3.20 ലക്ഷത്തോളം പേർക്കാണ് വാക്സിൻ ലഭിച്ചത്. ഇതിൽ തന്നെ 30,000ത്തോളം പേർക്കാണ് രണ്ടാം ഡോസ് ലഭിച്ചത്. കൊവിഡ് പ്രതിരോധ രംഗത്ത് പ്രവർത്തിക്കുന്നവർക്കാണിത്.
ക്ഷാമം തിരിച്ചടി
ജില്ലയിൽ വാക്‌സിൻ അടിയന്തരമായി ലഭ്യമാക്കണമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിനെ അറിയിച്ചിട്ടുണ്ട്. കേന്ദ്രത്തിൽ നിന്ന് വാക്സിൻ ലഭിക്കാത്തതാണ് തടസ്സമെന്നാണ് മറുപടി. പരമാവധി ഒന്നരദിവസത്തേക്കുള്ള വാക്സിനേ അവശേഷിക്കുന്നുള്ളൂ.
ഡോ. കെ.സക്കീന, ജില്ലാ മെഡിക്കൽ ഓഫീസർ