പെരിന്തൽമണ്ണ: കള്ളക്കടത്ത് സ്വർണം തട്ടിയെടുത്തു എന്നാരോപിച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയ ക്വട്ടേഷൻ സംഘത്തിലെ രണ്ടു പേരെ കൂടി പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. വയനാട് കല്ലുവയൽ കരണി സ്വദേശിയും നിരവധി കേസുകളിലെ പ്രതിയുമായ പുല്ലൂർകുടിയിൽ പ്രവീൺ (26), അമ്പലവയൽ സ്വദേശി പ്ലാവിൽ വീട്ടിൽ വിജേഷ് (27) എന്നിവരാണ് അറസ്റ്റിലായത്.
മങ്കട വടക്കാങ്ങര റോഡിൽ വച്ച് യുവാവിനെ ബലമായി പിടിച്ച് കാറിൽ കയറ്റി തട്ടിക്കൊണ്ടുപോയ സംഘത്തിലുണ്ടായിരുന്നവരാണ് പ്രവീണും വിജേഷുമെന്നാണ് മൊഴി. ദൃക്സാക്ഷികളുടെ മൊഴിയിൽ നിന്നും സി.സി.ടി.വികളിൽ നിന്നും ലഭിച്ച പ്രതികളെ കുറിച്ചുള്ള വിവരങ്ങളുടെയടിസ്ഥാനത്തിലാണ്അറസ്റ്റ് . അഞ്ചു പേരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. പ്രതികൾ സഞ്ചരിച്ച കാറുകൾ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വയനാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അന്തർസംസ്ഥാന ക്വട്ടേഷൻ സംഘത്തിലെ പ്രധാന കണ്ണിയാണ് പ്രവീൺ. വിദേശത്ത് നിന്നും കള്ളക്കടത്തിലൂടെ രഹസ്യമായി കാരിയർമാർ കൊണ്ടുവരുന്ന സ്വർണം എയർപോർട്ടിൽ നിന്നോ പോകുന്ന വഴിയിൽ വച്ചോ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് കവരുന്നതാണ് രീതി.
ക്വട്ടേഷൻ സംഘത്തിലെ മറ്റുള്ളവർ ഉടൻ പിടിയിലാകുമെന്ന് പൊലീസ് പറയുന്നു. പ്രവീൺ മീനങ്ങാടി സ്റ്റേഷൻ പരിധിയിൽ ഒരു വധശ്രമക്കേസിലും കരിപ്പൂർ സ്റ്റേഷൻ പരിധിയിൽ വിദേശത്ത് നിന്നും വന്ന യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് 700 ഗ്രാം സ്വർണം കവർന്ന കേസിലും കമ്പളക്കാട് സ്റ്റേഷൻ പരിധിയിൽ വച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിലും പ്രതിയാണ്. വിജേഷിന്റെ പേരിൽ അടിപിടിക്കേസും നിലവിലുണ്ട് .