ccc

മലപ്പുറം: ഉത്സവ സീസൺ ലക്ഷ്യമിട്ട് ഇതരസംസ്ഥാന ലോബികൾ ബ്രോയിലർ കോഴികൾക്ക് കൃത്രിമക്ഷാമം ഉണ്ടാക്കിയതോടെ ജില്ലയിൽ കോഴി വില അനുദിനം കുതിച്ചുയരുന്നു. രണ്ടാഴ്ച്ചയ്ക്കിടെ കിലോയ്ക്ക് അമ്പത് രൂപയോളം വർദ്ധിച്ചു. കോഴിയ്ക്ക് കിലോയ്ക്ക് 110 മുതൽ 130 രൂപ വരെയാണ് ഈടാക്കുന്നത്. ഒരിടത്തും ഏകീകൃത വിലയില്ല. ഇറച്ചിക്ക് 190 മുതൽ 220 രൂപ വരെയും. റംസാൻ സീസണിൽ കോഴിക്ക് ആവശ്യക്കാരേറുമെന്നതിനാൽ കൃത്രിമക്ഷാമം സൃഷ്ടിച്ച് പരമാവധി ലാഭമുണ്ടാക്കാനാണ് തമിഴ്നാട് ലോബിയുടെ നീക്കം. ജില്ലയിലേക്ക് ആവശ്യമായ കോഴികളിൽ 70 ശതമാനവും തമിഴ്നാട്ടിൽ നിന്നാണ് കൊണ്ടുവരുന്നത്.

കഴിഞ്ഞ നാല് വർഷത്തിനിടെ ജില്ലയിലെ 40,000ത്തോളം ഫാമുകളിൽ പകുതിയോളം അടച്ചുപൂട്ടിയിട്ടുണ്ട്. ജില്ലയിലെ ഫാമുകളിൽ കോഴി ഉത്പാദനം കൂടുന്ന സമയത്ത് കോഴിയുടെ വില തമിഴ്നാട് ലോബി വലിയതോതിൽ കുറയ്ക്കാറാണ് പതിവ്. കേരളത്തെ അപേക്ഷിച്ച് തമിഴ്നാട്ടിൽ ഉത്പാദനച്ചെലവ് കുറവായതിനാൽ വില കുറച്ചാലും നഷ്ടമില്ല. അതേസമയം ഫാമുകളിലെ ഉത്പാദനച്ചെലവ് പോലും ലഭിക്കാതെ ജില്ലയിലെ കർഷകർ കടക്കെണിയിലുമാവും. ഇത്തരത്തിൽ നിരന്തരം കോഴിവില കുറച്ചും കോഴിക്കുഞ്ഞുങ്ങളുടെ വില വർദ്ധിപ്പിച്ചുമുള്ള തമിഴ്നാട് ലോബിയുടെ തന്ത്രങ്ങളാണ് ജില്ലയിലെ നല്ലൊരുപക്ഷം ഫാമുകളും അടച്ചുപൂട്ടാൻ കാരണം.

കഴിഞ്ഞ വർഷം പക്ഷിപ്പനിയെ തുടർന്ന് വലിയ നഷ്ടം നേരിട്ടതും ജനതാ കർഫ്യൂവിന് പിന്നാലെ കോഴിത്തീറ്റയുടെ ലഭ്യതയിൽ വന്ന ക്ഷാമവും മൂലം കോഴിക്കർഷകർക്ക് ചെലവ് തുകയുടെ പകുതി പോലും ലഭിച്ചിരുന്നില്ല. ഒഴിഞ്ഞുകിടന്ന ഫാമുകൾ വൻകിടക്കാരുടെ കരാർ വളർത്തൽ കേന്ദ്രങ്ങളായാണ് നിലവിൽ പ്രവർത്തിക്കുന്നത്. ഇതിനാൽ കോഴിവില വർദ്ധനവിന്റെ ഗുണം കർഷകർക്ക് ലഭിക്കില്ല.


തമിഴ്നാട്ടിൽ കോഴി ഉത്പാദനം കുറഞ്ഞിട്ടില്ല. കൃത്രിമ ക്ഷാമമുണ്ടാക്കി വില വർദ്ധിപ്പിക്കുകയാണ്. കോഴിക്കുഞ്ഞുങ്ങളുടെ വിലവർദ്ധനവും വേനലിലെ ജലക്ഷാമവും മൂലം കേരളത്തിലെ പല ഫാമുകളിലും കോഴികളെ ഇറക്കിയിട്ടില്ല.

കെ.പി.ഖാദറലി വറ്റല്ലൂർ, ജനറൽ സെക്രട്ടറി, കേരള പൗൾട്രി ഫാർമേഴ്സ് അസോസിയേഷൻ