നിലമ്പൂർ: ശിഹാബ് മമ്പാടിന്റെ കരവിരുതിൽ കനോലി കടവിലെ പാറ വെള്ളം കുടിക്കുന്ന മുതലയായി മാറി. ചിത്രകലയിൽ വേറിട്ട വഴികൾ പരീക്ഷിക്കുന്ന ഈ കലാകാരൻ മുമ്പ് മമ്പാട് ഓടായിക്കൽ പൊലിയപ്പാറയിലെ പാറയിൽ ആനയെ വരച്ചത് സാമൂഹ്യമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു.
ഇത്തവണ കനോലി പ്ലോട്ടിൽ ചാലിയാർ തീരത്തുള്ള പാറയിൽ മുതലയെ വരച്ചാണ് ശിഹാബ് വിസ്മയം തീർത്തത്. കനോലിപ്ലോട്ടിലെ ജങ്കാറിൽ യാത്ര ചെയ്യാനെത്തുന്ന വിനോദ സഞ്ചാരികൾ ഏറെ കൗതുകത്തോടെയാണ് ഈ കാഴ്ച നോക്കിക്കാണുന്നത്. എമൽഷൻ പെയിന്റ് ഉപയോഗിച്ചാണ് ശിഹാബ് മുതലയെ വരച്ചത്. മമ്പാട് ഹൈസ്‌കൂളിനു സമീപം താമസിക്കുന്ന ശിഹാബ് ആർട്ട് വർക്കുകൾ നടത്തിയാണ് ജീവിതോപാധി കണ്ടെത്തുന്നത്.