ponnai
മാലിന്യം നിറഞ്ഞ കനോലി കനാൽ. പൊന്നാനിയിൽ നിന്നുള്ള കാഴ്ച്ച

പൊന്നാനി: നൂറുകണക്കിന് തോണികളും ആയിരക്കണക്കിന് ചങ്ങാടങ്ങളും ഇടതടവില്ലാതെ ഒഴുകി നടന്നിരുന്ന ജലപാത. ആഴവും പരപ്പുമുള്ള ജലസംഭരണി. അടിത്തട്ട് കാണും വിധം നിലക്കാത്ത തെളിനീരിന്റെ ഒഴുക്ക്. പാർശ്വഭാഗങ്ങൾ കെട്ടിയുറപ്പിച്ച് അച്ചടക്കത്തോടെ ഒഴുകിയിരുന്ന കനാൽ. ഇങ്ങനെയൊക്കെയായിരുന്നു കൈരളിയുടെ അരഞ്ഞാണമെന്ന് വിളിപ്പേരുള്ള കനോലി കനാൽ. എന്നാൽ ഇന്നത് നഷ്ടസൗഭാഗ്യങ്ങളുടെ കഥകൾ അയവിറക്കുന്ന ഒരു തറവാട്ടു കാരണവരെ അനുസ്മരിപ്പിക്കുകയാണ്. അവഗണനകളുടെയും കൊടും നാശത്തിന്റെയും ദുരിതം പേറുകയാണ് കേരളത്തിലെ ഏറ്റവും വലിയ മനുഷ്യ നിർമ്മിത കനാൽ.

കൈയേറ്റവും മാലിന്യവും കനോലി കനാലിന്റെ നിലനിൽപ്പിനെ അസാദ്ധ്യമാക്കുന്ന തരത്തിലായിരിക്കുന്നു. കനാലിലെ വെള്ളത്തിന്റെ നിറം പോലും മാറി. കനാലിൽ ഇറങ്ങിയാൽ ചൊറിച്ചിലും ത്വക്ക് രോഗങ്ങളും പടരുമെന്ന സ്ഥിതിയാണ്. അറവുമാടുക്കളുടെ അവശിഷ്ടങ്ങളും വിവാഹ സൽക്കാരങ്ങളിലെ മാലിന്യങ്ങളും ഉപേക്ഷിക്കാനുള്ള ഇടം മാത്രമായി കനാൽ മാറി. കനാലിനെ കുപ്പതൊട്ടിയാക്കിയിട്ടും പരിസ്ഥിതി പ്രവർത്തകരും മറ്റും കണ്ണടക്കുകയാണ്. വീടുകളിലെ സെപ്റ്റിക്ക് മാലിന്യങ്ങൾ പലരും തള്ളുന്നത് ഈ കനാൽ തീരങ്ങളിലേക്ക്.

കനാൽ തീരത്തെ ആയിരങ്ങളുടെ ജീവിതത്തെ പ്രത്യക്ഷത്തിൽ ബാധിക്കുന്ന ഈ കനാലിനെ സംരക്ഷിക്കണമെന്ന മുറവിളിയുണ്ടെങ്കിലും ഗൗരവമായി ഇടപെടാൻ ആരും മുന്നിട്ടിറങ്ങുന്നില്ല. ഉൾനാടൻ മത്സ്യബന്ധനത്തിലൂടെ ജീവിതം കരുപിടിപ്പിച്ചിരുന്ന പരശതങ്ങളുടെ ജീവിതമാർഗ്ഗമാണ് കുടിയിറക്കപ്പെടുന്നത്. തീരദേശത്തെ കിണറുകളിലേയും കുളങ്ങളിലേയും വെള്ളം ഉപ്പ് കയറാതെ നിലനിർത്താനും കനാൽ സംരക്ഷണം അത്യാവശ്യമാണ്. തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലായി ഹെക്ടർ കണക്കിന് കുട്ടാടൻ പാടശേഖരമാണ് കനോലി കനാൽ മലിനമായതോടെ കൃഷിയോഗ്യമല്ലാതായത്.

പ്രൗഢിയുടെ കനാൽ

നാശത്തിന്റെ ആഴത്തിലേക്കൊഴുകുന്ന കനോലി കനാലിന്റെ ഇന്നലകളെ തിരിച്ചറിയുമ്പോഴെ ഇങ്ങനെയൊന്നിനെ സർവ്വനാശത്തിലേക്ക് വിട്ടുകൊടുക്കേണ്ടതുണ്ടൊ എന്നതിൽ ആലോചനകൾ സാദ്ധ്യമാകൂ.

കോഴിക്കോട് കളക്ടറായിരുന്ന കനോലി സായ്പ് മലബാറിലെ നദികളെ അന്യോന്യം ബന്ധിപ്പിച്ച് ഒരു ജലഗതാഗതമാർഗം തുറക്കുവാൻ തീർച്ചപ്പെടുത്തി. ഇതിന്റെ ആദ്യപടിയായി എലത്തൂർ പുഴയെ കല്ലായി പുയോടും കല്ലായി പുഴയെ ബേപ്പൂർ പുയോടും ബന്ധിപ്പിച്ചു. പിന്നീട് പൊന്നാനി മുതൽ ചാവക്കാട് വരെയുള്ള ജലാശയങ്ങളെ സംയോജിപ്പിക്കുന്ന കനാലുകളും അദ്ദേഹം നിർമ്മിച്ചു. ഇതിന്റെയൊക്കെ തുടക്കം കല്ലായി പുഴയെ എലത്തൂർ പുഴയുമായി ബന്ധിപ്പിക്കുന്ന കനാൽ നിർമ്മാണമായിരുന്നു. ആദ്യകാല രേഖകളിൽ ഇതിനെ വിളിച്ചുകാണുന്നത് എലത്തൂർ കല്ലായി കനാൽ എന്നുതന്നെയാണ്.

വിചാരിക്കുന്ന പോലെ സുഗമമൊന്നുമായിരുന്നില്ല ഈ ദൗത്യം. ഭൂമി ഏറ്റെടുക്കുന്ന നിയമം അന്ന് നിലവിലില്ലാത്തതിനാൽ സ്ഥലത്തിന്റെ ലഭ്യത ഒരു പ്രശ്നമായിരുന്നു. സാമൂതിരി രാജാവിന്റെ അകമഴിഞ്ഞ സഹായം ഇക്കാര്യത്തിൽ കനോലിക്ക് ലഭിച്ചു. സാമൂതിരിയും മറ്റു ഭൂവുടമകളും സ്ഥലം സൗജന്യമായിതന്നെ വിട്ടുകൊടുത്തു. ഇന്ന് നാം കേൾക്കുന്ന തൊഴിലിനു കൂലി ഭക്ഷണം എന്നത് അന്ന് കനോലി സായ്പ് പരീക്ഷിച്ച ഒരു സമ്പ്രദായമാണ്. സുഭിക്ഷമായിരുന്ന സദ്യയായിരുന്നത്രെ കൂലി. സാമൂതിരിയും കനോലിയും തമ്മിൽ ഒരു കരാർ ഉണ്ടായിരുന്നുവത്രെ. ജലഗതാഗതത്തിന് വേണ്ടിയാണ് കരാർ എങ്കിലും സമീപപ്രദേശത്തുള്ളവർക്ക് കൃഷിക്കുവേണ്ടി വെള്ളം വിട്ടുകൊടുക്കണമെന്നും അതിനായി ഉപ്പുവെള്ളം കയറുന്നത് തടയാനുള്ള മാർഗങ്ങൾ വേണമെന്നുമായിരുന്നു കരാറിലെ വ്യവസ്ഥ.

നാൾ വഴിയിങ്ങനെ

1845ലാണ് കനോലി കനാലിന്റെ രൂപരേഖ മദ്രാസ് ഗവൺമെന്റിനു കനോലി സമർപ്പിക്കുന്നത്. 1846ൽ ഇത് അനുവദിച്ചുകൊണ്ട് ഉത്തരവായി. 1848ൽ പണി പൂർത്തിയാവുകയും ചെയ്തു. പൊന്നാനിയിൽനിന്ന് ചാവക്കാട് വരെയുള്ള ഭാഗത്തിന് 12,​416 രൂപ ചെലവായതായി രേഖകളിൽ കാണാം. തുടക്കത്തിൽ കൃഷിക്കായി ഈ കനാലിലെ വെള്ളം ഉപയോഗിച്ചിരുന്നു.

കനോലി സായ്പിനെ രണ്ട് ഏറനാട്ടുകാർ വെസ്റ്റ്ഹിൽ ബാരക്സിൽ വെച്ച് കൊല ചെയ്തതോടെ കനോലി കനാലിന്റെ ശനിദശ തുടങ്ങി. പൂർത്തീകരിക്കാതെ കിടന്ന പൊന്നാനിയിലെ ചില ഭാഗങ്ങൾ തുടരേണ്ടതില്ലെന്ന് എൻജിനീയർ മേജർ സാലി തീരുമാനിച്ചു. ഒടുവിൽ മലബാർ കളക്ടറായിരുന്ന റോബിൻസൺ ഇതിനെതിരായി ശക്തമായി വാദിച്ചതിനാലാണ് കനോലി കനാലിന്റെ പണി പൂർത്തീകരിച്ചത്.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി കനോലി കനാൽ അതിന്റെ സർവ്വ പ്രൗഢിയും വിട്ടൊഴിഞ്ഞ് മെലിഞ്ഞുണങ്ങിയ നീർച്ചാൽ കണക്കെ ആർക്കോ വേണ്ടി ഒഴുകുകയാണ്. ഒരു ജലപാതക്ക് സംഭവിക്കാവുന്ന സർവ്വ അപചയങ്ങളും മനോഹരമായി ഒഴുകിയിരുന്ന ഈ കനാലിനെ പിടികൂടിയിരിക്കുന്നു. അതേ കുറിച്ച് നാളെ.