dd

തിരൂരങ്ങാടി: പെറ്റിക്കേസുകൾക്ക് ഫൈൻ ഈടാക്കുമ്പോൾ രസീതിയിൽ കൃത്രിമം കാണിച്ച് പണം തട്ടിയെന്ന ആരോപണത്തെ തുടർന്ന് എസ്.ഐയെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തു. തിരൂരങ്ങാടി സബ് ഇൻസ്പെക്ടർ സി.വി. ബിബിനെയാണ് ജില്ല പൊലീസ് മേധാവി സസ്‌പെന്റ് ചെയ്തത്.

ടി.ആർ 5 റസീപ്റ്റിൽ കൃത്രിമം കാണിച്ച് പണം തട്ടിയെന്നാണ് ആക്ഷേപം. 2000 രൂപ മുതൽ 500 രൂപ വരെയുള്ള ഫൈനുകൾക്ക് രസീതി നൽകുമ്പോൾ ഈടാക്കപ്പെടുന്നയാൾക്ക് നൽകുന്നതിൽ യഥാർത്ഥതുകയും ഒറിജിനലിൽ 250 രൂപയും കാണിച്ചെന്നാണ് ആരോപണം. സ്പെഷ്യൽ ബ്രാഞ്ച് വിവരം നൽകിയതിനെ തുടർന്ന് മലപ്പുറം ഡിവൈ.എസ്.പി സുദർശനോട് ജില്ലാ പൊലീസ് മേധാവി റിപ്പോർട്ട് തേടി. ഫൈൻ ഈടാക്കപ്പെട്ടവരുടെ കൈവശമുള്ള രസീതിയും സ്റ്റേഷനിലെ ഒറിജിനലും ഒത്തുനോക്കിയതിൽ കൃത്രിമം വെളിപ്പെട്ടതായി ഡിവൈ.എസ്.പി പറഞ്ഞു. ഫെബ്രുവരി എട്ടിനാണ് ബിബിൻ തിരൂരങ്ങാടി പൊലീസ് സ്റ്റേഷനിൽ ചാർജ്ജെടുത്തത്. തൊട്ടുപിന്നാലെ നിയമം ലംഘിക്കുന്ന വാഹനങ്ങൾക്കെതിരെ ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടപടി കർശനമാക്കിയിരുന്നു.