ഈത്തപ്പഴ വിപണി ഉഷാർ
മഞ്ചേരി:വിശുദ്ധ റംസാനിന് വിശ്വാസികൾക്ക് നോമ്പ് തുറക്കാനായി മാർക്കറ്റിൽ വൈവിദ്ധ്യമാർന്ന ഈത്തപ്പഴങ്ങളെത്തി. മറ്റു പഴവർഗ്ഗങ്ങൾക്ക് വില കൂടിയെങ്കിലും ഈത്തപ്പഴത്തിന് വില ഉയർന്നിട്ടില്ല.
കഴിഞ്ഞ വർഷം നിശ്ചലമായ ഈത്തപ്പഴ കച്ചവടം ഈ റംസാനിൽ സജീവമാകുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ. രുചിവ്യത്യാസമുള്ളതും പല വലിപ്പത്തിലും നിറത്തിലുമുള്ള ഈത്തപ്പഴങ്ങൾ വിപണിയിലുണ്ട്. ഒമാൻ, ഈജിപ്ത്, സൗദി അറേബ്യ, ഇറാഖ്, ലിബിയ, അൾജീരിയ, യു.എ.ഇ, ടുണീഷ്യ, ജോർദാൻ, ഇറാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവ സുലഭം.
കഴിഞ്ഞ വർഷത്തെ റംസാനിൽ കടകൾ അടച്ചിട്ടതും സമൂഹ നോമ്പുതുറകൾ ഇല്ലാതായതും കച്ചവടത്തെ ബാധിച്ചു.
വിലക്കയറ്റമില്ലാത്തതിനാൽ ഇത്തവണ ഈത്തപ്പഴ വിപണി വളരെ വേഗം സജീവമായി. 99 മുതൽ 6,000 രൂപ വരെയാണ് ഈത്തപ്പഴങ്ങളുടെ വില. വിശുദ്ധ ഈത്തപ്പഴം എന്നറിയപ്പെടുന്ന സൗദിയിൽ നിന്നുള്ള അജ്വയ്ക്കാണ് വില കൂടുതൽ. 1500ഓളം രൂപയ്ക്ക്അജ്വ ഇത്തവണ ലഭ്യമാണ്. ഇറാനിൽ നിന്നെത്തുന്ന ഈത്തപ്പഴത്തിന് കിലോയ്ക്ക് 100 രൂപയാണ് . കിലോയ്ക്ക് 150 ഉള്ള ഒമാൻ ഈത്തപ്പഴത്തിനാണ് ആവശ്യകാരേറെ.
ഉണക്ക കാരയ്ക്ക എത്തിയെങ്കിലും ചെലവ് കുറവാണ്. കിലോക്ക് 130 രൂപ മുതലാണ് വില.അൾജീരിയ ഈത്തപ്പഴത്തിന് 200 രൂപയാണ്.