jma
റമസാനിലെ ആദ്യ വെള്ളിയാഴ്ച സ്വലാത്ത് നഗർ മഅദിൻ ഗ്രാന്റ് മസ്ജിദിൽ ചെയർമാൻ സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി ജുമുഅക്ക് നേതൃത്വം നൽകുന്നു.

മലപ്പുറം: കൊവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ നിർദ്ദേശങ്ങൾ പാലിച്ചും ജാഗ്രത പുലർത്തിയും വിശ്വാസികൾ റമസാനിലെ ആദ്യ വെള്ളിയെ വരവേറ്റു. പ്രായമായവരും കുട്ടികളും പള്ളികളിൽ എത്തുന്നത് പ്രോത്സാഹിപ്പിച്ചില്ല. നമസ്കരിക്കാനുള്ള മുസല്ല വീടുകളിൽ നിന്ന് കൊണ്ടുവരണമെന്ന നിർദ്ദേശം പള്ളിക്കമ്മിറ്റികൾ നൽകിയിരുന്നു. റമസാനിലെ ആദ്യവെള്ളിയുടെ പുണ്യം നുകരാനായി നേരത്തെ തന്നെ വിശ്വാസികൾ പള്ളികളിൽ സ്ഥാനം പിടിച്ചു. ഖുർആൻ പാരായണത്തിന് കൂടുതൽ സമയമേകി.

മഅ്ദിൻ ഗ്രാന്റ് മസ്ജിദിൽ ജുമുഅ നിസ്‌കാരത്തിന് മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി നേതൃത്വം നൽകി. പുണ്യങ്ങളുടെ മാസമായ റമസാൻ വിശ്വാസികളുടെ വസന്തകാലമാണെന്നും ദുശിച്ച മനസ്സുകളെ ശുദ്ധമാക്കി സഹജീവികൾക്ക് കൂടുതൽ സ്‌നേഹം പകരേണ്ട മാസമാണെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് രണ്ടാം തരംഗത്തിന്റെ ഭീഷണി ഉയർന്ന സാഹചര്യത്തിൽ സർക്കാരും ആരോഗ്യ വകുപ്പും പറയുന്ന നിർദേശങ്ങൾ പൂർണമായും പാലിക്കേണ്ടത് വിശ്വാസത്തിന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മഅ്ദിൻ ഗ്രാന്റ് മസ്ജിദിൽ വിവിധ ക്രമീകരണങ്ങൾ വരുത്തിയിരുന്നു. കൊവിഡ് മഹാമാരിയുടെ മോചനത്തിനായി പ്രത്യേക പ്രാർത്ഥനയും സംഘടിപ്പിച്ചു.