പൊന്നാനി: കനോലി കനാലിനെ കാത്തു സൂക്ഷിക്കുന്നതിൽ അധികൃതർക്കുണ്ടായ വീഴ്‌ച ചെറുതല്ല. പാർശ്വഭിത്തി അറ്റകുറ്റപ്പണി നടത്തി സംരക്ഷിക്കുന്നതിൽ യാതൊരു നടപടിയും ഉണ്ടായില്ല. ചില ഭാഗങ്ങളിൽ ചിലപ്പോഴായി നടന്നതൊഴിച്ചാൽ സമഗ്രമായ അറ്റകുറ്റപ്പണി ഒരു ഘട്ടത്തിലും ഉണ്ടായില്ല. പാർശ്വഭിത്തികളുടെ തകർച്ച കനാൽ കൈയേറ്റത്തിന് വഴിവച്ചു. നിർമ്മാണ ഘട്ടത്തിലുണ്ടായിരുന്ന കനാലിന്റെ വീതി പകുതിയായി കുറയുന്നതിന് ഇത് കാരണമായി. പാർശ്വഭിത്തിയുടെ അഭാവം ചിലയിടങ്ങളിൽ കനാൽ പരന്നൊഴുകാനിടയാക്കി. കനാലിന്റെ ഗതി മാറിയുള്ള ഒഴുക്ക് തീരത്തുള്ളവരുടെ നെഞ്ചിടിപ്പ് കൂട്ടുന്നുണ്ട്. മഴക്കാലത്ത് കനാലിൽ ജലനിരപ്പ് ഉയരുന്നത് തീരത്തെ വെള്ളക്കെട്ടിലേക്കെത്തിക്കുന്നു.
പത്തടി വരെ ആഴമുണ്ടായിരുന്നു കനാലിന്. എന്നാൽ ഇന്നത് നാലടിയിലേക്കെത്തി. കൂറ്റൻ കെട്ടുവള്ളങ്ങൾ അതിവേഗം സഞ്ചരിച്ചിരുന്ന ജലപാതയിപ്പോൾ വേലിയിറക്ക സമയങ്ങളിൽ ചെറുവഞ്ചികൾക്കു പോലും പോകാനാകാത്ത നിലയിലാണ്. വേലിയിറക്കത്തിൽ കനാലിലെ പല ഭാഗങ്ങളിലും ഒരടി വെള്ളം മാത്രമായി ചുരുങ്ങും. ചെളിയും മാലിന്യങ്ങളും അടിഞ്ഞുകൂടി കരയും കനാലും തമ്മിൽ വ്യത്യാസമില്ലാത്ത അവസ്ഥയിലേക്കെത്തിയിട്ടുണ്ട്. കനാലിൽ അടിഞ്ഞുകൂടിയ ചെളി നീക്കാൻ തദ്ദേശഭരണ സ്ഥാപനങ്ങൾ ശ്രമങ്ങൾ നടത്തിയെങ്കിലും ഫലപ്രാപ്തിയിലെത്തിക്കാനായില്ല.
അണ്ടത്തോട് മുതൽ കൊടുങ്ങല്ലൂർ കോട്ടപ്പുറം വരെയുള്ള 68 കിലോമീറ്റർ ദൂരം ജലപാത ക്രമീകരിക്കാൻ 15 വർഷംമുമ്പ് സംസ്ഥാന സർക്കാർ 77 കോടി രൂപയുടെ പദ്ധതി കേന്ദ്രസർക്കാരിന് സമർപ്പിച്ചെങ്കിലും നടപടികളുണ്ടായില്ല. പൊന്നാനി–കൊച്ചി കായലിന്റെ കോട്ടപ്പുറം മുതൽ അണ്ടത്തോടുവരെയുള്ള കൊടുങ്ങല്ലൂർ–ചാവക്കാട് താലൂക്കുകളുടെ ഭാഗമായ കനാൽഭാഗങ്ങൾ ഏറെ ശോഷിച്ചുകഴിഞ്ഞു. പലയിടത്തും ഏതാനുംമീറ്ററുകൾ മാത്രമായി കനാലിന്റെ വീതി.
ചരിത്ര പ്രസിദ്ധമായ ഗുരുവായൂർ ക്ഷേത്രം, മണത്തല പള്ളി, കൊടുങ്ങല്ലൂർ ഭഗവതിക്ഷേത്രം, കൊടുങ്ങല്ലൂർ ചേരമാൻ മസ്ജിദ്, ത്യപ്രയാർ ക്ഷേത്രം, പൊന്നാനി വലിയപള്ളി തുടങ്ങിയ കനാലിന്റെ സമീപപ്രദേശങ്ങളെ ഉൾപ്പെടുത്തി ടൂറിസമടക്കം നിരവധി പദ്ധതികൾക്ക് സാദ്ധ്യത അനന്തമാണ്. ഉൾനാടൻ ജലഗതാഗതമാർഗം വികസിപ്പിക്കാനും കഴിയും. തദേശസ്വയംഭരണ സ്ഥാപനങ്ങളും മറ്റും പദ്ധതികൾക്ക് രൂപം നൽകാറുണ്ടെങ്കിലും ഫലപ്രദമായി നടപ്പാക്കാൻ മാത്രം കഴിയാറില്ലെന്നതാണ് വാസ്തവം.
കനാലിനെ ഇന്നീ കാണുന്ന ദുരവസ്ഥയിലേക്കെത്തിച്ചതിൽ എല്ലാവർക്കുമുണ്ട് പങ്ക്. അതേ കുറിച്ച് നാളെ.
മെലിഞ്ഞൊട്ടി കനാൽ