അരീക്കോട് : ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്തിലെ ഓടക്കയം കൂട്ടപറമ്പ് കുരിയിരി കോളനിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി വൃദ്ധൻ മരിച്ചു. എടവണ്ണ ചോലര കോളനിയിലെ കടുഞ്ഞി (68) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 11ഓടെയായിരുന്നു സംഭവം.
കഴിഞ്ഞ ദിവസം കൂട്ടപറമ്പ് പ്രദേശത്ത് തമ്പടിച്ച കാട്ടാനയെ കാടുകയറ്റാൻ കോളനി നിവാസികളുടെ നേതൃത്വത്തിൽ ശ്രമം നടക്കുന്നതിനിടെ ആന ആളുകൾക്ക് നേരെ ഓടിക്കയറുകയായിരുന്നു. ഇതിനിടയിൽപ്പെട്ട കടുഞ്ഞി ആനയുടെ ചവിട്ടേറ്റ് തത്ക്ഷണം മരിച്ചു.
കോളനിയിലെ സ്ഥലങ്ങളെല്ലാം കാട്ടാനയുടെ സഞ്ചാരപാതകളാണെന്നും ഇവയുടെ സാന്നിദ്ധ്യം ഇവിടെ സ്ഥിരമാണെന്നും എടവണ്ണ റെയ്ഞ്ചർ ഇംറോസ് ഏലിയാസ് നവാസ് പറഞ്ഞു. ഭാര്യ: ചെറുപെണ്ണ്. മക്കൾ : വിജയൻ, ബിന്ദു, സിന്ധു . മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തിയ ശേഷം വിട്ടുനൽകും.