എടക്കര : മലപ്പുറം എടക്കരയിൽ വളർത്തുനായയെ സ്‌കൂട്ടറിന് പിന്നിൽ കെട്ടി റോഡിലൂടെ വലിച്ചിഴച്ച് ഉടമയുടെ കൊടുംക്രൂരത. എടക്കര കരുനെച്ചി സ്വദേശി സേവ്യറാണ് മൂന്ന് കിലോമീറ്ററോളം വലിച്ചിഴച്ചത്. ഇത് കണ്ട നാട്ടുകാർ പിന്തുടർന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഇയാൾ വഴങ്ങിയില്ല. ഒടുവിൽ നാട്ടുകാർ വാഹനം തടഞ്ഞു. വീട്ടിലെ ചെരുപ്പ് ഉൾപ്പെടെ നായ കടിച്ചുമുറിക്കുകയാണെന്നും ശല്യം കാരണം ഉപേക്ഷിക്കാൻ കൊണ്ടുപോവുകയാണെന്നുമാണ് ഉടമ നാട്ടുകാരോട് വിശദീകരിച്ചത്. ഓട്ടോക്കാരനായ യുവാവ് മൊബൈലിൽ പകർത്തിയ ദൃശ്യം സോഷ്യൽമീഡിയയിലൂടെ പുറത്തുവന്നതോടെ പ്രതിഷേധം ശക്തമായി. സാരമായി പരിക്കേറ്റ നായയെ നിലമ്പൂർ റസ്ക്യൂ ഫോഴ്സ് ചികിത്സയ്ക്കായി കൊണ്ടുപോയി. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതി ഒളിവിലാണ്.