മഞ്ചേരി:മേടച്ചൂടിനൊപ്പമെത്തിയ റംസാനിൽ വ്രതമനുഷ്ഠിക്കുന്ന വിശ്വാസികൾക്ക് ശീതളിമ പകർന്ന് പഴവിപണി സജീവം. സ്വദേശിയും വിദേശിയുമായ പഴങ്ങളുടെ വലിയ വൈവിദ്ധ്യം തന്നെയുണ്ട് വിപണിയിൽ. വിലയിൽ അൽപ്പം വർദ്ധനവുണ്ടെങ്കിലും ജനപ്രിയമാണ് പഴവിപണി.
വേനൽച്ചൂടിനൊപ്പം നോമ്പുകാലം കൂടി എത്തിയതോടെ പഴവിപണി ഊർജ്ജസ്വലമായി. സീസൺ കഴിഞ്ഞതോടെ ഓറഞ്ചിന്റെ സ്ഥാനം മുസമ്പി ഏറ്റെടുത്തു. വിവിധയിനം മാങ്ങകളും വിപണിയിലുണ്ട്. ഒപ്പം മുന്തിരിക്കുലകളും തണ്ണിമത്തനും ഈന്തപ്പഴവുമൊക്കെയുണ്ട്. വിദേശ വിഭവങ്ങൾക്കൊപ്പം നാടിന്റെ ഫലങ്ങളായി പേരക്കയും കൈതച്ചക്കയും പപ്പായയും സുലഭമാണ്.
രാവിലെ മുതൽ തിരക്കാണ് വിപണിയിൽ. മിക്കയിനങ്ങൾക്കും 10 രൂപ മുതൽ 40 രൂപ വരെ കിലോഗ്രാമിന് കൂടിയിട്ടുണ്ട്. ആപ്പിളിന് കിലോയ്ക്ക് 10 രൂപ കൂടി 190 രൂപയായി. 80 രൂപ ശരാശരി വിലയുണ്ടായിരുന്ന മാങ്ങയ്ക്ക് 100 മുതൽ 120 രൂപയാണ്. മുന്തിരിക്ക് 30 രൂപ കൂടി 150 ആയി. കൈതച്ചക്കയ്ക്ക് കിലോഗ്രാമിന് 20 രൂപ കൂടി 60 രൂപയായി. തണ്ണിമത്തൻ 22 രൂപ നൽകിയാൽ ഒരു കിലോ കിട്ടും. മഞ്ഞ നിറത്തിലുള്ള തണ്ണിമത്തന് 30 രൂപയാവും. മൂസമ്പിക്ക് 120 രൂപയാണ്. ചെറുനാരങ്ങയ്ക്കും വില കൂടുതലാണ്.
വിലയിലെ മാറ്റമൊന്നും വിപണിയെ ബാധിക്കുന്നില്ല. വരും ദിവസങ്ങളിൽ കൂടുതൽ സ്റ്റോക്കെത്തുന്നതോടെ വില കുറയുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ.