പൊന്നാനി: കനോലി കനാലിന്റെ സർവനാശത്തിന് ഉത്തരവാദികൾ ആര് എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ വലിയ ഗവേഷണത്തിന്റെ ആവശ്യമില്ല. കനാലിന്റെ ചുറ്റുപാടുമുള്ളവർ തന്നെയാണ് സുന്ദരമായ ഈ മനുഷ്യനിർമ്മിത കനാലിനെ ഇന്നത്തെ ദുരവസ്ഥയിലേക്കെത്തിച്ചത്. ചരിത്രപരവും സാമൂഹ്യവുമായ ഒട്ടനവധി മുഹൂർത്തങ്ങൾക്ക് സാക്ഷി നിന്ന ഈ കനാൽ ഇന്ന് പലർക്കും സെപ്റ്റിക് ടാങ്കും കുപ്പത്തൊട്ടിയുമാണ്. അതിശയോക്തിക്ക് വേണ്ടി പറഞ്ഞതല്ല ഇക്കാര്യങ്ങൾ. വസ്തുതയും യാഥാർത്ഥ്യവുമാണ്.
ക്ലീൻ കനോലി പദ്ധതിയുമായി ബന്ധപ്പെട്ട് രണ്ട് വർഷം മുൻപ് പൊന്നാനി നഗരസഭ നടത്തിയ സർവ്വെ പ്രകാരം നഗരപരിധിയിലെ കനാലിലേക്ക് തുറന്നുവെച്ച കക്കൂസ് പൈപ്പുകളുടെ എണ്ണം 350ലേറെയാണ്. ഏതാണ്ട് അഞ്ചു കിലോമീറ്റർ പരിധിയിൽ നടത്തിയ സർവ്വെയിലാണ് ഈ കണ്ടെത്തൽ. കക്കൂസ് മാലിന്യം കനാലിലേക്ക് ഒഴുക്കുന്നത് തടയാൻ തീരത്തെ വീടുകളിൽ പോർട്ടബിൾ സെപ്റ്റിക് ടാങ്കുകൾ നഗരസഭ സ്ഥാപിച്ചു നൽകിയെങ്കിൽ അത് പൂർണ്ണ വിജയത്തിലേക്കെത്തിയില്ല. അതുകൊണ്ടുതന്നെ കക്കൂസ് മാലിന്യങ്ങൾ ഇപ്പോഴും കനാലിന്റെ നെഞ്ചത്തേക്ക് തന്നെയാണ് ഒഴുക്കിവിടുന്നത്. വേലിയിറക്ക സമയത്തെ കനാൽ യാത്രയിൽ തീരത്തു നിന്ന് കനാലിലേക്ക് തുറന്നു വെച്ച കക്കൂസ് പൈപ്പുകളുടെ നീണ്ട നിര കാണാനാകും. വർഷങ്ങളായി തുടരുന്ന രീതിയാണിത്. കനാലിനെ ചെളിയിൽ മുക്കിയതിന്റെ പ്രധാന കാരണം ഈ കക്കൂസ് പൈപ്പുകളാണ്.
വീടുകൾക്കു പുറമെ വ്യാപാര സ്ഥാപനങ്ങളിലേയും ഹോട്ടലുകളിലേയും മലിനജലം ഒഴുക്കിവിടുന്നത് കനാലിലേക്കാണ്. തീരത്തോട് ചേർന്ന സ്ഥാപനങ്ങൾക്കു പുറമെ കിലോമീറ്റർ വ്യത്യാസത്തിലുള്ള ലോഡ്ജുകളിലേയും ഹോട്ടലുകളിലേയും മാലിന്യം തള്ളുന്നത് കനാലിന്റെ ഒഴുക്കിലേക്കാണ്. പൊന്നാനി നഗരസഭ പരിധിയിൽ അറവുശാല ഇല്ലാത്തതിനാൽ ആടുമാടുകളുടെ അറവ് നടക്കുന്നതും കനാൽ തീരത്തു തന്നെ. കനാൽ തീരത്തെ ഒട്ടുമിക്ക പഞ്ചായത്തുകളുടേയും അവസ്ഥ ഇതു തന്നെയാണ്. അറവു മാലിന്യങ്ങൾ കനാലിലേക്ക് തട്ടി മാംസ കച്ചവടക്കാർ തടിയൂരും. താങ്ങാവുന്നതിലേറെ അറവുമാലിന്യമാണ് ഓരോ ദിവസവും കനാലിന്റെ ഭാഗമായി മാറുന്നത്. ഒഴുക്ക് കുറഞ്ഞ നേരമാണെങ്കിൽ അറവു മാലിന്യങ്ങൾ കനാലിലെ ചെളിയിൽ പുതഞ്ഞു കിടക്കും.
ഒട്ടുമിക്ക കോഴിക്കടകളിലേയും മാലിന്യം തട്ടുന്ന കുപ്പത്തൊട്ടി കുടിയാണ് കനോലി കനാൽ. കല്ല്യാണ സൽക്കാരങ്ങളിലെ മാലിന്യങ്ങൾ നിക്ഷേപിക്കുന്നതും കനാലിൽ തന്നെ. പാലങ്ങൾക്കു മുകളിൽ നിന്ന് കനാലിലേക്ക് വലിച്ചെറിയുന്ന മാലിന്യ പൊതികൾക്ക് കൈയും കണക്കുമില്ല. ജൈവ മാലിന്യങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും കൂടിക്കുഴഞ്ഞ് ഇതിലൂടെയുള്ള യാത്രയിപ്പോൾ ദുഷ്‌ക്കരമാണ്. മണൽ വഞ്ചികളും, പരമ്പരാഗത മത്സ്യബന്ധന വള്ളങ്ങളുമാണ് സഞ്ചാരത്തിനായി കനാലിനെ ഇപ്പോൾ ആശ്രയിക്കുന്നത്. വഞ്ചിയുടെ എഞ്ചിൻ ഫാനിൽ പ്ലാസ്റ്റിക് മാലിന്യം കുടുങ്ങത് പതിവായതോടെ കനാലിലൂടെയുള്ള യാത്രയിപ്പോൾ ദുഷ്‌ക്കരമാണ്.
കനാലിലെ വെള്ളത്തിന്റെ നിറമിപ്പോൾ കറുപ്പാണ്. വേലിയിറക്ക സമയങ്ങളിൽ മൂക്കുപൊത്താതെ തീരത്തുകൂടെ പോകാനാകില്ല. അറവുമാലിന്യങ്ങൾ തീരത്തടിയുന്നതുമൂലം കടുത്ത ആരോഗ്യ പ്രശ്നമാണ് തീരവാസികൾ നേരിടുന്നത്.
കനാലിന്റെ തീരത്തുള്ളവർക്ക് ത്വക്ക് സംബന്ധമായ രോഗങ്ങൾ പതിവാണ്. കനാലിന്റെ ആഴം കൂട്ടുന്നതിനായി പൊന്നാനി നഗരസഭ തയ്യാറാക്കിയ പദ്ധതി കനാലിലിറങ്ങിയ തൊഴിലാളികൾക്ക് ദേഹാസ്വസ്ഥ്യം നേരിട്ടതിനെ തുടർന്ന് പാതി വഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു. കനാലിലിറങ്ങിയ തൊഴിലാളികൾക്ക് ചൊറിച്ചിലും ശ്വസന ബുദ്ധിമുട്ടും നേരിടുകയായിരുന്നു. മാലിന്യത്തിന്റെ അളവ് ക്രമാതീതമായി ഉയർന്നതാണ് വെള്ളത്തിന് നിറം മാറ്റത്തിന് കാരണമായത്.
കൊവിഡിനെ തുടർന്നുള്ള ലോക്ക്ഡൗൺ കാലത്ത് കനാലിലെ വെള്ളത്തിന്റെ സ്വഭാവം പഴയ കാലത്തെ ഓർമ്മിപ്പിക്കുന്ന അവസ്ഥയിലേക്ക് എത്തിയിരുന്നു. ആഴ്ച്ചകളോളം മാലിന്യം പേറേണ്ടി വരാത്തതിനാൽ കനാലിലെ ഒഴുക്കിന് തെളിനീരിന്റെ പരിശുദ്ധിയായിരുന്നു. ആഴ്ച്ചകൾ മാത്രമെ ഈ സുന്ദര കാഴ്ച്ച നിലനിന്നുള്ളൂ. ഇപ്പോൾ ദുർഗന്ധം വമിക്കുന്ന കറുത്ത വെള്ളത്തിനൊപ്പമാണ് കനാലിലെ ഒഴുക്ക്.
കനാലിലെ ഉപയോഗ ശൂന്യമായ കോൺക്രീറ്റ് നടപ്പാലങ്ങൾ ഇന്നീ ജലപാതക്ക് ബാധ്യതയാണ്. പാതി തകർന്ന നൂറിലേറി കോൺക്രീറ്റ് പാലങ്ങളാണ് കനാലിന് കുറുകെയുള്ളത്. ഒട്ടുമിക്കതും ബ്രിട്ടീഷ് ഭരണകാലത്ത് നിർമ്മിച്ചവയാണ്. പാലത്തിന്റെ അവശിഷ്ടങ്ങൾ കനാലിൽ ചിതറി കിടക്കുന്നത് വളളങ്ങളുടെ സഞ്ചാരപാതക്ക് തടസ്സമുണ്ടാക്കുന്നു. ഒഴുകിയെത്തുന്ന മാലിന്യങ്ങൾ പാലത്തിന്റെ അവശിഷ്ടങ്ങളിൽ തങ്ങി നിൽക്കുന്നത് പതിവാണ്. കനാലിലെ കോൺക്രീറ്റ് ആവശിഷ്ടങ്ങൾ നീക്കണമെന്ന ആവശ്യത്തോട് ബന്ധപ്പെട്ടവർ മുഖം തിരിക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. കനോലി കനാലിന്റെ പുനരുദ്ധാരണത്തിന് സഹായകമാകുന്ന നിരവധി പദ്ധതികൾ ആവിഷ്‌ക്കരിക്കപ്പെട്ടിരുന്നു. എല്ലാം തുടക്കത്തിലൊ പാതിവഴിയിലൊ നിലച്ചു. ഇക്കാര്യത്തിൽ എന്താണ് സംഭവിക്കുന്നത് എന്നത് സംബന്ധിച്ച് നാളെ.