പെരിന്തൽമണ്ണ: വിഷു ദിനത്തിലെ അക്ഷയ ഭാഗ്യക്കുറി ഒന്നാം സമ്മാനം പന്ത്രണ്ട് വർഷമായി അങ്ങാടിപ്പുറം പഞ്ചായത്ത് ഓഫീസ് പരിസരത്ത് വാടക ക്വാട്ടേഴ്സിൽ താമസിക്കുന്ന തമിഴ്നാട് പഴനി സ്വദേശി മൂർത്തിക്ക്. അക്ഷയ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 70 ലക്ഷം രൂപയാണ് മൂർത്തിക്ക് ലഭിച്ചത്. 29 വർഷമായി അങ്ങാടിപ്പുറത്ത് താമസിച്ചു വരുന്നത്. കേരളത്തിലെത്തി പലവിധ ബിസിനസ്സുകൾ നടത്തിയെങ്കിലും അതിലെല്ലാം പരാജയപ്പെട്ട മൂർത്തി ഏറെക്കാലം തിരൂർക്കാട് പെട്രോൾ പമ്പിലും ജോലി ചെയ്തിരുന്നു. പിന്നീട് ഇതെല്ലാം വിട്ട് കൂലിപ്പണിയെടുത്ത് കുടുംബം പോറ്റി വരുന്നത്. ഇതിനിടെയാണ് ഭാഗ്യദേവതയായി ഒന്നാം സമ്മാനം ലഭിച്ചത്. ഇടക്ക് മാത്രം ലോട്ടറി എടുക്കാറുള്ള മൂർത്തിയെ പരിചയക്കാരനായ ലോട്ടറി വിൽപ്പനക്കാരൻ നിർബന്ധിപ്പിച്ചാണ് ലോട്ടറി എടുപ്പിച്ചത്. വേണ്ടെന്ന് പറഞ്ഞെങ്കിലും ഈ ലോട്ടറിയുടെ ഒന്നാം സമ്മാനം തനിക്കാണെന്ന് പറഞ്ഞ് നിർബന്ധിപ്പിച്ച് ലോട്ടറി എടുപ്പിച്ചപ്പോഴും അത് തനിക്ക് തന്നെ ലഭിക്കുമെന്ന് ഒരിക്കലും മൂർത്തി കരുതിയിരുന്നില്ല. ഭാര്യ അങ്ങാടിപ്പുറം സ്വദേശിനിയായ സീമയും, അഞ്ചാം തരത്തിൽ പഠിക്കുന്ന പൂജാ ലക്ഷ്മി, രണ്ടാം തരത്തിൽ പഠിക്കുന്ന സിദ്ധാർഥ് എന്നിവർ അടങ്ങുന്ന കൊച്ചു കുടുംബമാണ് മൂർത്തിയടേത്. അങ്ങാടിപ്പുറം പഞ്ചായത്തിൽ ലൈഫ് മിഷനിൽ വീടിന് അപേക്ഷിച്ചിരിക്കുകയായിരുന്ന ഈ കുടുംബത്തിന് ആശ്വാസമായിരിക്കുകയാണ് ഈ ഭാഗ്യകടാക്ഷം. ലോട്ടറി അടിച്ച് ലക്ഷപ്രഭു ആയെങ്കിലും തന്റെ കൂലി വേല നിർത്താതെ ജീവിതം മുന്നോട്ടുകൊണ്ടപോകാൻ തന്നെയാണ് തീരുമാനം.