പരപ്പനങ്ങാടി: തിരഞ്ഞെടുപ്പ് വിജയാഘോഷ വേളയിൽ വിറ്റഴിക്കാനായി കൊണ്ടുവന്ന 175 കിലോ കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ. ദേശീയപാത തലപ്പാറയിൽ തിരൂരങ്ങാടി എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചത്. ചേലേമ്പ്ര ചേലൂപ്പാടം സ്വദേശി പാലശേരി ഫിറോസ് എന്ന ഹസൻകുട്ടി (41), ഫറോക്ക് പെരുമുഖം സ്വദേശി മണ്ണാൻകണ്ടി വീട്ടിൽ അബ്ദുൾ ഖാദർ(43) എന്നിവരാണ് അറസ്റ്റിലായത്. ചില്ലറ വില്പനക്കാർക്ക് വിതരണം ചെയ്യാനായി രണ്ടുകിലോ വീതമുള്ള പായ്ക്കറ്റുകളിലാക്കി കാറിൽ കൊണ്ടുവരുന്നതിനിടെയാണ് അറസ്റ്റ്.
തിരഞ്ഞെടുപ്പ് വിജയാഘോഷവേള മുന്നിൽക്കണ്ട് വൻതോതിൽ ലഹരിവസ്തുക്കൾ ജില്ലയിലെത്തുന്നതായി എക്‌സൈസിന് രഹസ്യവിവരം ലഭിച്ചിരുന്നു. കഴിഞ്ഞ ദിവസം പെരുവള്ളൂർ ഭാഗത്തുനിന്ന് എട്ടുകിലോ കഞ്ചാവുമായി പിടിയിലായ കാടപ്പടി സ്വദേശികളായ പൂവത്തൊടി അബ്ദുൾ സമദ് (44), തടത്തിൽകുണ്ട് സുലൈമാൻ (35) എന്നിവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ച് വിവരം ലഭിച്ചത്. തുടർന്ന് ഇവർ നിരീക്ഷണത്തിലായിരുന്നു. ജില്ലയിലെ വിവിധയിടങ്ങളിലേക്കുള്ള കഞ്ചാവാണിതെന്നും കൂടുതൽ കഞ്ചാവ് വരുംദിവസങ്ങളിൽ എത്തുമെന്നും പ്രതികൾ മൊഴി നൽകി. ഇവർ സഞ്ചരിച്ച ഹോണ്ട സിറ്റി കാറും പിടിച്ചെടുത്തു.