money

താനൂർ: ബീച്ചിലെത്തിയ യുവാവിനെയും ഒപ്പമുണ്ടായിരുന്ന യുവതിയെയും ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവത്തിൽ,​ പ്രളയകാലത്ത് ദുരിതത്തിൽപെട്ടവർക്ക് വള്ളത്തിൽ കയറാൻ സ്വന്തം ശരീരം ചവിട്ടുപടിയാക്കിയ താനൂർ സ്വദേശി ജയ്സൽ അടക്കം രണ്ടുപേർക്കെതിരെ പൊലീസ് കേസെടുത്തു.

പരാതി ഇങ്ങനെ- വിഷുദിവസം ടൂറിസ്റ്റ് കേന്ദ്രമായ ഒട്ടുംപുറം തൂവൽ തീരത്ത് എത്തിയതായിരുന്നു യുവാവും യുവതിയും. കാറിലിരിക്കുകയായിരുന്ന ഇവരെ ജയ്സലും മറ്റൊരാളും ചേർന്ന് ഭീഷണിപ്പെടുത്തി പുറത്തിറക്കി ഫോട്ടോ മൊബൈലിൽ പകർത്തി. തുടർന്ന് ഒരുലക്ഷം രൂപ തന്നില്ലെങ്കിൽ ഫോട്ടോ സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. അത്രയും പണമില്ലെന്ന് പറഞ്ഞതിനെ തുടർന്ന് ഒടുവിൽ അയ്യായിരമായി കുറച്ചു. പേ.ടി.എം വഴിയാണ് പണം ജയ്സലിന്റെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.

2018ൽ പ്രളയകാലത്ത് വെള്ളംകയറിയ വീടുകളിൽ നിന്ന് രക്ഷപ്പെടുത്തിയ സ്ത്രീകൾക്ക് വള്ളത്തിൽ കയറാൻ പുറം ചവിട്ടുപടിയാക്കി നിന്നുകൊടുത്ത ജയ്സലിന്റെ വീഡിയോ സാമൂഹ്യമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. നിരവധി പുരസ്കാരങ്ങളും ആദരങ്ങളും ജയ്സലിനെ തേടിയെത്തിയിരുന്നു.