vvvv

പൊന്നാനി: കനോലി കനാലിന്റെ ആഴവും വീതിയും കൂട്ടാൻ ഇറിഗേഷൻ വകുപ്പ് സർവ്വേയ്ക്കൊരുങ്ങുന്നു. ഭാരതപ്പുഴയോടു ചേരുന്ന പൊന്നാനി പളളക്കടവ് മുതൽ അണ്ടത്തോട് വരെയുള്ള ഭാഗത്താവും മേജർ ഇറിഗേഷൻ വകുപ്പിന്റെ സർവ്വേ. കനാലിന്റെ തീരത്തെ കൈയേറ്റങ്ങൾ കണ്ടെത്താനും ലക്ഷ്യമിടുന്ന സർവ്വേയുടെ നടപടിക്രമങ്ങൾക്ക് തുടക്കമായി.

ദേശീയ ജലപാത ചട്ടങ്ങൾ പ്രകാരം കനാലിന്റെ വികസനം ലക്ഷ്യമിട്ടാണ് സർവ്വേ നടത്തുക. ഇതു സംബന്ധിച്ച കാര്യങ്ങൾ ഉടൻ സർക്കാറിന് സമർപ്പിക്കും. കനാലിന് കുറുകെയുള്ള പാലങ്ങൾ ദേശീയ ജലപാത നിർദ്ദേശങ്ങൾ പ്രകാരം പുതുക്കി പണിയാനും പൊന്നാനി അങ്ങാടിപ്പാലം വീതികൂട്ടി കൂടുതൽ ഉയരത്തിൽ പുനർനിർമ്മിക്കാനും പദ്ധതിയുണ്ട്.

കനോലി കനാലിന്റെ ആഴം രണ്ടടി വരെ കൂട്ടാനുള്ള പ്രവർത്തനങ്ങക്ക് ഈ മാസം തുടക്കമാകും. . ടൂറിസം വകുപ്പിന്റെ സഹകരണത്തോടെ കനാലിലിറക്കുന്ന സോളാർ ബോട്ടുകളുടെ സർവ്വീസിനായാണ് പ്രവൃത്തി. പൊന്നാനി മുതൽ അണ്ടത്തോട് വരെയുള്ള ഭാഗത്തെ കനാൽ ഒന്നര മുതൽ രണ്ടടി വരെ ആഴം കൂട്ടും. ഇതിനു പുറമെയുള്ള പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായാണ് വിപുലമായ സർവ്വേ നടത്തുന്നത്.

കേരള ജലപാത വികസനത്തിന്റെ ഭാഗമായി കനോലി കനാൽ സഞ്ചാരയോഗ്യമാക്കാൻ പായലും മാലിന്യങ്ങളും നീക്കംചെയ്യലും കനാലിലേക്ക് ചാ‍ഞ്ഞുനിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റലും ഉൾപ്പെടെയുള്ള പ്രവൃത്തികൾ നേരത്തെ നടന്നിരുന്നെങ്കിലും പാതിവഴിയിൽ നിലച്ചു. കേരള വാട്ടർവേയ്സ് ആൻഡ് ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡിന്റെ നേതൃത്വത്തിലാണ് നടന്ന ഈ പ്രവൃത്തികൾ പുനരാരംഭിക്കാൻ നടപടികൾ തുടങ്ങുമെന്ന് ഇറിഗേഷൻ വകുപ്പ് അധികൃതർ പറഞ്ഞു.

എതിർപ്പ് ഉറപ്പ്