വളാഞ്ചേരി:ദുരൂഹ സാഹചര്യത്തിൽ കാണാതായ യുവതിയുടെ മൃതദേഹം 41 ദിവസങ്ങൾക്ക് ശേഷം വീടിന് 500 മീറ്റർ അകലെ ചെങ്കൽ ക്വാറിക്ക് സമീപം ആളൊഴിഞ്ഞ പറമ്പിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. കഞ്ഞിപ്പുര ചോറ്റൂർ കിഴുകപറമ്പാട്ട് കബീറിന്റെ മകൾ സുബീറ ഫർഹത്തിന്റെ (21) മൃതദേഹമാണ് ഇന്നലെ വൈകിട്ട് കണ്ടെത്തിയത്. യുവതിയെ കൊലപ്പെടുത്തിയെന്ന് സംശയിക്കുന്ന സമീപവാസിയായ അൻവറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. യുവതിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്ന് പ്രതി സമ്മതിച്ചതായാണ് സൂചന. ആഭരണങ്ങൾ മോഷ്ടിക്കാനാണ് കൊലപാതകമെന്ന് പ്രതി പറയുന്നുണ്ടെങ്കിലും പെൺകുട്ടി കാര്യമായി ആഭരണങ്ങളൊന്നും ധരിക്കാറില്ലെന്നാണ് വിവരം. പ്രതി സാമ്പത്തിക ശേഷിയുള്ളയാളാണ്. ലൈംഗിക പീഡനം സംശയിക്കുന്നുണ്ട്. പ്രതിക്ക് സ്വഭാവദൂഷ്യമുള്ളതായി നാട്ടുകാർ പറയുന്നു.
ഒരുവർഷം മുമ്പ് വിവാഹമോചിതയായ സുബീറ വെട്ടിച്ചിറയിലെ ഡെന്റൽ ക്ലിനിക്കിൽ സഹായി ആയിരുന്നു. മാർച്ച് 10ന് രാവിലെ വീട്ടിൽ നിന്ന് ക്ലിനിക്കിലേക്ക് പോയെങ്കിലും അവിടെ എത്തിയില്ല. ഫോണിലും കിട്ടുന്നില്ലെന്ന് ഡോക്ടർ വിളിച്ച് പറഞ്ഞതോടെയാണ് വീട്ടുകാർ അന്വേഷണം ആരംഭിച്ചത്. ഫോണിലേക്ക് വിളിച്ചെങ്കിലും എടുത്തില്ല. പിന്നീട് ഫോൺ ഓഫായി. പരിസരങ്ങളിലെ സി സി ടിവി ദൃശ്യങ്ങളും സുബീറയുടെ ഫോൺ വിവരങ്ങളും പൊലീസ് ശേഖരിച്ചെങ്കിലും സംശയകരമായി ഒന്നും കണ്ടെത്തിയില്ല. ആരെങ്കിലും അപായപ്പെടുത്തിയതാകാമെന്ന നിഗമനത്തിലായിരുന്നു പൊലീസ്.
അതിനിടെ അൻവർ തന്റെ സ്ഥലത്ത് കൂട്ടിയിട്ടിരുന്ന ചെങ്കൽ ക്വാറിയിലെ മണ്ണ് ജെ.സി.ബി ഉപയോഗിച്ച് നിരപ്പാക്കിയിരുന്നു. ഇത് നാട്ടുകാർ പൊലീസിനെ അറിയിച്ചു. ഇന്നലെ രാവിലെ പൊലീസ് മണ്ണ് നീക്കുന്നതിനിടയിലാണ് വസ്ത്രത്തിന്റെ ഭാഗങ്ങൾ കണ്ടത്. മണ്ണ് മാറ്റിയപ്പോൾ മൃതദേഹത്തിന്റെ കാല് കണ്ടു. ഇരുട്ടിയതോടെ മൃതദേഹം പുറത്തെടുക്കുന്നത് അവസാനിപ്പിച്ചു. ഇന്ന് രാവിലെ മൃതദേഹം പുറത്തെടുക്കും.
തിരൂർ ഡിവൈ.എസ്.പി സുരേഷ് ബാബുവിന്റെ സംഘമാണ് കേസ് അന്വേഷിച്ചത്.