കൊല ആഭരണം കവരാനെന്ന് മൊഴി
വളാഞ്ചേരി :ഒന്നരമാസം മുമ്പ് വീട്ടിൽ നിന്ന് ജോലിക്ക് പോയ യുവതിയെ വഴിയിൽ ആക്രമിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി കുഴിച്ചിട്ട പ്രതി ചോറ്റൂർ വരിക്കോടത്ത് വീട്ടിൽ മുഹമ്മദ് അൻവറിനെ (അനൂട്ടി, 39 ) പൊലീസ് അറസ്റ്റ് ചെയ്തു. ചോറ്റൂർ കിഴുകപറമ്പാട്ട് കബീറിന്റെ മകൾ സുബീറ ഫർഹത്താണ് (21 ) കൊല്ലപ്പെട്ടത്.
സാമ്പത്തിക ബുദ്ധിമുട്ട് കാരണം ആഭരണങ്ങൾ കവരാനാണ് സുബീറയെ കൊന്നതെന്നാണ് പ്രതിയുടെ മൊഴി. പ്രതിക്ക് സ്വഭാവദൂഷ്യവുമായി ബന്ധപ്പെട്ട പ്രശ്നത്തിന് പണം ആവശ്യമായി വന്നെന്നാണ് സൂചന. പീഡനശ്രമമുണ്ടായോ എന്ന് ശാസ്ത്രീയ പരിശോധനയ്‌ക്ക് ശേഷമേ പറയാനാവൂ.
യുവതിയുടെ വീടിന്റെ 500 മീറ്റർ അകലെ കുഴിച്ചിട്ട മൃതദേഹത്തിന്റെ അവശിഷ്‌ടങ്ങൾ ചൊവ്വാഴ്‌ച സന്ധ്യയോടെയാണ് കണ്ടെത്തിയത്. ഇന്നലെ രാവിലെയാണ് പുറത്തെടുത്തത്. മൃതദേഹത്തിലെ വസ്ത്രങ്ങൾ സുബീറയുടേതാണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു. യുവതിയുടെ ചെരിപ്പ്, ഹെയർ ബാൻഡ്, മാസ്‌ക് എന്നിവ പരിസരത്ത് കണ്ടെത്തി. ബാഗ്, മൊബൈൽ ഫോൺ, ആഭരണങ്ങൾ എന്നിവ കണ്ടെത്താനുണ്ട്.
മൃതദേഹാവശിഷ്ടങ്ങൾ പോസ്റ്റ്മോർട്ടത്തിന് മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. സുബീറ തന്നെ എന്നുറപ്പിക്കാൻ ഡി.എൻ.എ പരിശോധനയും നടത്തും.
മാർച്ച് പത്തിന് രാവിലെ വെട്ടിച്ചിറയിലെ ഡെന്റൽ ക്ളിനിക്കിലേക്ക് ജോലിക്ക് പോയ സുബീറ അവിടെ എത്തിയില്ല. വീട്ടുകാരും നാട്ടുകാരും നടത്തിയ തെരച്ചിലിൽ പ്രതിയും മുന്നിലുണ്ടായിരുന്നു. സുബീറയുടെ ഫോൺ ഓഫ് ആയിരുന്നു. തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്. തൊട്ടടുത്ത വീട്ടിലെ സിസി ടിവിയിൽ നിന്ന് സുബീറയുടെ ദൃശ്യങ്ങൾ ലഭിച്ചു. എന്നാൽ 100 മീറ്റർ അകലെയുള്ള മറ്റൊരു വീട്ടിലെ സിസി ടിവിയിൽ സുബീറയെ കാണാനായില്ല. അതോടെ പ്രദേശത്ത് വച്ച് തന്നെ യുവതിയെ അപായപ്പെടുത്തിയിരിക്കാമെന്ന നിഗമനത്തിലായിരുന്നു പൊലീസ്.
മൃതദേഹം കുഴിച്ചിട്ട സ്ഥലത്തെ മണ്ണ് മഴയിൽ ഒലിച്ചുപോകുമോ എന്നു ഭയന്ന പ്രതി സമീപത്തെ ചെങ്കൽ ക്വാറിയിലെ മണ്ണ് ജെ.സി.ബി ഉപയോഗിച്ച് ഈ ഭാഗത്തേക്ക് മാറ്റിയിട്ടു. ജെ.സി.ബി ഡ്രൈവറെ നിർബന്ധിച്ചാണ് ഇക്കാര്യം നടത്തിയത്. സംശയം തോന്നിയ ഡ്രൈവർ നാട്ടുകാരോട് പറഞ്ഞു. വിവരം അറിഞ്ഞ പൊലീസ് കുരുക്ക് മുറുക്കി.
യുവതിയുടെ വീടിനു നൂറുമീറ്ററോളം മാറിയുള്ള ഇടവഴിയിൽ വച്ച് സുബീറയെ കൊലപ്പെടുത്തിയെന്നാണ് പ്രതിയുടെ മൊഴി. കുറച്ചപ്പുറത്തുള്ള പറമ്പിൽ ജോലിക്കാരുണ്ടായിരുന്നതിനാൽ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച മൃതദേഹം ഉച്ചയോടെ ചാക്കിൽ കെട്ടി ബന്ധുവിന്റെ പറമ്പിൽ കുഴിച്ചിടുകയായിരുന്നു.
ചൊവ്വാഴ്ച കസ്റ്റഡിയിലെടുത്ത പ്രതിയുടെ കുറ്റസമ്മതമൊഴിയെ തുടർന്നാണ് കുഴിച്ചിട്ട സ്ഥലം പൊലീസ് പരിശോധിച്ചത്. പ്രതിയെ ഇന്നലെ സ്ഥലത്തെത്തിച്ച് തെളിവെടുത്തു.
മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം ചോറ്റൂർ ജുമാ മസ്ജിദ് കബർസ്ഥാനിൽ അടക്കും.
സുബൈദയാണ് സുബീറയുടെ മാതാവ്. സഹോദരങ്ങൾ : നസീഹ, മുഹമ്മദ് അസ്ലം.