xcxx

മലപ്പുറം: ജില്ലയിൽ ഇനി മുതൽ ആശുപത്രികളിൽ നേരിട്ടെത്തി കൊവിഡ് വാക്‌സിൻ സ്വീകരിക്കാനാവില്ല. ഓൺലൈനായി മുൻകൂട്ടി രജിസ്റ്റ‌ർ ചെയ്തവർക്ക് മാത്രമാവും വാക്‌സിൻ ലഭിക്കുക. വാക്സിൻ സ്വീകരിക്കുന്നതിനായി www.cowin.gov.in എന്ന വെബ് പോർട്ടലിൽ സ്വയം രജിസ്റ്റർ ചെയ്യേണ്ടതാണെന്ന് ജില്ലാ ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. പോർട്ടലിൽ സെൽഫ് രജിസ്‌ട്രേഷൻ ലിങ്ക് വഴി ആധാർ നമ്പർ കൊടുത്ത് രജിസ്‌ട്രേഷൻ ചെയ്ത് കുത്തിവയ്പ്പ് കേന്ദ്രവും സമയവും തിരഞ്ഞെടുക്കാം. കൊവിഡിന്റെ രണ്ടാം വരവ് കൂടുതൽ രൂക്ഷമായതിന് പിന്നാലെ ജില്ലയിലെ വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. കൊവിഡ് മാനദണ്ഡങ്ങളെല്ലാം കാറ്റിൽ പറത്തുന്ന സ്ഥിതിയായിരുന്നു. ഓൺലൈനായി രജിസ്ട്രേഷൻ ചെയ്യാതെ നേരിട്ട് വാക്‌സിനേഷൻ കേന്ദ്രങ്ങളിലെത്തിയതോടെ ടോക്കൺ സംവിധാനത്തിലാണ് വാക്‌സിൻ നൽകിയിരുന്നത്. ഇത് പല കേന്ദ്രങ്ങളിലും തർക്കത്തിലേക്കും വഴിവച്ചു. ഇതോടെയാണ് വാക്‌സിൻ കുത്തിവയ്പ്പിന് ഓൺലൈൻ രജിസ്ട്രേഷൻ നിർബന്ധമാക്കിയത്.എല്ലാ സർക്കാർ ആശുപത്രികളിലും തിരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികളിലും വാക്സിനേഷൻ സൗകര്യം ഉറപ്പാക്കിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികളിൽ നിന്ന് ഒരു ഡോസിന് 250 രൂപയ്ക്കും സർക്കാർ ആശുപത്രികളിൽ നിന്ന് സൗജന്യമായും വാക്സിൻ സ്വീകരിക്കാം.

രജിസ്‌ട്രേഷൻ ചെയ്യേണ്ടതിങ്ങനെ

1. . www.cowin.gov.in എന്ന പോർട്ടലിൽ self registration എന്ന ലിങ്കിൽ പ്രവേശിക്കുക.

2. ആദ്യം മൊബൈൽ നമ്പർ രേഖപ്പെടുത്തി നമ്പറിൽ ലഭിക്കുന്ന ഒ.ടി.പി ഉപയോഗിച്ച് രജിസ്‌ട്രേഷൻ നടത്താം.

3. പിന്നീട് വാക്‌സിൻ സ്വീകരിക്കേണ്ടവരുടെ പേര്, പ്രായം, തിരിച്ചറിയൽ രേഖകളുടെ വിവരങ്ങൾ എന്നിവ നൽകണം.

4. സംസ്ഥാനം, ജില്ലാ എന്നിവ തിരഞ്ഞെടുത്താൽ വാക്സിനേഷൻ കേന്ദ്രം ഷെഡ്യൂൾ ചെയ്യാം.

5. രജിസ്റ്റർ ചെയ്തവർക്ക് വാക്സിനേഷൻ സംബന്ധിച്ച അറിയിപ്പ് എസ്.എം.എസ് ആയി ലഭിക്കും. 6. ഷെഡ്യൂൾ ചെയ്യാൻ കഴിയാത്തവർക്ക് ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെട്ട് വാക്സിൻ ലഭ്യതയ്ക്കനുസരിച്ച് തൊട്ടടുത്തുള്ള വാക്സിനേഷൻ കേന്ദ്രത്തിൽ നിന്ന് വാക്സിൻ സ്വീകരിക്കാം

രണ്ടാം ഡോസ് വാക്സിൻ

1. കോവാക്സിൻ ആണ് സ്വീകരിച്ചെതെങ്കിൽ 28 - 42 ദിവസത്തിനുള്ളിലും കോവിഷീൽഡ് ആണ് സ്വീകരിച്ചെതെങ്കിൽ 42 - 56 ദിവസത്തിനുള്ളിലും രണ്ടാം ഡോസ് വാക്സിൻ സ്വീകരിക്കാം.
2. രണ്ടാമത്തെ ഡോസ് വാക്സിൻ സ്വീകരിക്കുന്നതിനായി വീണ്ടും www.cowin.gov.in എന്ന പോർട്ടലിൽ രജിസ്റ്റർ ചെയ്ത് വാക്സിനേഷൻ ഷെഡ്യൂൾ ചെയ്യേണ്ടതാണ്.