bb

മഞ്ചേരി: വ്രത വിശുദ്ധിയോടെ ഇസ്ലാം മത വിശ്വാസികൾ റംസാനിലെ രണ്ടാമത്തെ പത്തിലേക്ക് പ്രവേശിച്ചു. പാപമോചനത്തിനായുള്ള പ്രാർത്ഥനകളാൽ മുഖരിതമാകുന്ന രണ്ടാമത്തെ പത്ത് ദിനരാത്രങ്ങൾക്ക് വിശുദ്ധമാസത്തിലെ രണ്ടാമത്തെ വെള്ളിയാഴ്ച തന്നെ തുടക്കമായപ്പോൾ ഭക്തിനിർഭരമായാണ് വിശ്വാസികൾ എതിരേറ്റത്.
ആരാധനാലയങ്ങളിലും വീടുകളിലുമായി വിശ്വാസികൾ പ്രാർത്ഥനാഭരിതരായി. ജുമുഅ നമസ്‌കാരത്തിന് ഏറെ മുമ്പു തന്നെ മിക്കവരും പള്ളികളിലെത്തി. വിശുദ്ധ ഗ്രന്ഥം പാരായണം ചെയ്ത് നമസ്‌കാര ഹാളിൽ നിറഞ്ഞു. കൊവിഡ് പശ്ചാത്തലത്തിൽ ജുമുഅ നമസ്‌ക്കാരത്തിന് പ്രത്യേക ക്രമീകരണങ്ങൾ പള്ളികളിൽ ഏർപ്പെടുത്തിയിരുന്നു. സാമൂഹ്യ അകലം ഉറപ്പാക്കി. സാനിറ്റൈസറുകളും ശരീരോഷ്മാവ് പരിശോധനാ സംവിധാനവും ആരാധനാലയ അധികൃതർ ഒരുക്കി. മിക്കവരും സ്വന്തം മഹലിലെ പള്ളികളിലാണ് ജുമുഅ നമസ്‌ക്കാരത്തിനെത്തിയത്. ഈ വെള്ളിയാഴ്ചയോടെ വിശുദ്ധ റംസാന്റെ ആദ്യ പത്തിനാണ്
പരിസമാപ്തിയായത് . ആദ്യ പത്ത് കാരുണ്യത്തിന്റെയും രണ്ടാമത്തെ പത്ത് പാപമോചനത്തിന്റെയും മൂന്നാമത്തേത് നരക മോചനത്തിന്റേതുമാണ്. ലോക രക്ഷിതാവേ,​ എന്റെ പാപങ്ങൾ നീ മാപ്പാക്കണേ എന്നർത്ഥം വരുന്ന പ്രാർത്ഥനാ വചനങ്ങൾ രണ്ടാമത്തെ പത്തിൽ വിശ്വാസികളുടെ ചുണ്ടിൽ നിറയും. വ്രതാനുഷ്ഠാനത്തിലൂടെയും ദാന ധർമ്മങ്ങളിലൂടെയും ധ്യാനം, സത്പ്രവൃത്തികൾ എന്നിവയിലൂടെയുമെല്ലാം ആത്മ സംസ്‌കരണം സാദ്ധ്യമാക്കാനുള്ള സമർപ്പണത്തിന്റെ ദിവസങ്ങളാണിനി. കൊവിഡ് മഹാമാരി ആശങ്കയേറ്റുമ്പോൾ റംസാനിൽ സജീവമായിരുന്ന മതപ്രഭാഷണങ്ങളും ബോധവത്കരണ ക്ലാസുകളും ഇത്തവണ ഓൺലൈനിലേക്ക് മാറി. കൊവിഡ് വ്യാപനംകൂടിയ സാഹചര്യത്തിൽ ഇന്നലെ ജില്ലാകളക്ടർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ സാഹചര്യത്തിൽ ഇനി വീടുകളിലായിരിക്കും വിശ്വാസികൾ പ്രാർത്ഥനാ കാര്യങ്ങൾ കൂടുതലായും നിർവഹിക്കുക .