മലപ്പുറം: കൊവിഡ് വ്യാപനം ഗണ്യമായി ഉയരുന്നതിനിടെ മലപ്പുറം ജില്ലയിൽ മുവ്വായിരവും കടന്ന് പ്രതിദിന രോഗികൾ. 3,123 പേർക്കാണ് ഞായറാഴ്ച ജില്ലയിൽ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. പ്രതിദിന രോഗികളുടെ എണ്ണത്തിൽ ജില്ലയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. ആകെ രോഗബാധിതരിൽ 2,951 പേർക്കും നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ് വൈറസ്ബാധയുണ്ടായിട്ടുള്ളതെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന പറഞ്ഞു. 83 പേർക്ക് രോഗം ബാധിച്ചതിന്റെ ഉറവിടമറിയാൻ സാധിച്ചിട്ടില്ല. വൈറസ് ബാധിതരായവരിൽ രണ്ട് പേർ വിദേശ രാജ്യങ്ങളിൽ നിന്നെത്തിയവരും 87 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവരുമാണ്. ഇതുവരെ ജില്ലയിൽ 651 പേരാണ് കൊവിഡ് ബാധിതരായി മരണപ്പെട്ടതെന്നും മെഡിക്കൽ ഓഫീസർ പറഞ്ഞു.
അതേസമയം 754 പേരാണ് ഇന്നലെ ജില്ലയിൽ കൊവിഡ് വിമുക്തരായത്. ഇവരുൾപ്പടെ ജില്ലയിൽ കൊവിഡ് മുക്തരായവരുടെ എണ്ണം 1,27,997 ആയി. ജില്ലയിൽ നിലവിൽ 38,702 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. 21,957 പേർ വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുണ്ട്. കൊവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളിൽ 432 പേരും വിവിധ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിൽ 233 പേരും 188 പേർ കൊവിഡ് സെക്കൻഡ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവർ വീടുകളിലും മറ്റുമായി നിരീക്ഷണത്തിൽ കഴിയുകയാണ്. കൊവിഡ് ബാധിതരുടെ എണ്ണം അനുദിനം വർദ്ധിക്കുന്ന സാഹചര്യത്തിൽ ജില്ലാ ഭരണകൂടം വിവിധ വകുപ്പുകൾ വഴി നടപ്പിലാക്കുന്ന ആരോഗ്യ ജാഗ്രത പ്രവർത്തനങ്ങളിൽ എല്ലാവരും സഹകരിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അഭ്യർത്ഥിച്ചു. വൈറസ് ബാധിതരുമായുള്ള നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കണം. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടായാൽ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കൺട്രോൾ സെൽ, ആരോഗ്യ പ്രവർത്തകർ എന്നിവരുമായി ഫോണിൽ ബന്ധപ്പെടണമെന്നും ഒരു കാരണവശാലും നേരിട്ട് ആശുപത്രികളിൽ പോകരുതെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.