അരീക്കോട്: കൊവിഡ് വ്യാപനത്തെ തുടർന്ന് ശനി, ഞായർ ദിവസങ്ങളിൽ ഏർപ്പെടുത്തിയ നിയന്ത്രണത്തിൽ മലപ്പുറം -കോഴിക്കോട് ജില്ല അതിർത്തിയിൽ പൊലീസ് പരിശോധന ശക്തമാക്കി. അരീക്കോട് മുക്കം റോഡിൽ ജില്ലാ അതിർത്തി പങ്കിടുന്ന കല്ലായിലാണ് അരീക്കോട് പൊലീസ് പരിശോധന നടത്തിയത്. ഈ റൂട്ടിൽ വരുന്ന വാഹനങ്ങൾ പരിശോധിച്ച് സത്യവാങ്മൂലം ഉണ്ടെന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് യാത്രക്കാരെ യാത്ര ചെയ്യാനായി അനുവദിച്ചത്. ചില അത്യാവശ്യമുള്ള വാഹനങ്ങളും, നേരത്തെ നിശ്ചയിച്ച കല്യാണ വാഹനങ്ങളും, ചരക്ക് വാഹനങ്ങളും മാത്രമാണ് കഴിഞ്ഞ ദിവസം ഇതുവഴി സഞ്ചരിച്ചത്. മുഴുവൻ വാഹനങ്ങളും പൊലീസ് തടഞ്ഞ് നിർത്തി പരിശോധന നടത്തുന്നുണ്ട്. ഹെൽമറ്റ് ധരിക്കാതെ വന്നവർക്കും, മാസ്‌ക്ക് ഇല്ലാതെ വന്നവർക്കും ഫൈൻ ഈടാക്കുകയും ചെയ്തു. ഇരുവശങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങളേയും പൊലീസ് പരിശോധിച്ചതിന് ശേഷമാണ് യാത്രക്കനുവധിക്കുന്നത്. അരീക്കോട് എസ്.ഐ . വിമലിന്റെ നേതൃത്വത്തിലാണ് സംഘം പരിശോധന നടത്തിയത്.