മലപ്പുറം: കൊവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിനുള്ള സമഗ്ര പദ്ധതികളുടെ ഭാഗമായി മലപ്പുറം നഗരസഭയിലെ മുഴുവൻ വാർഡുകളെയും കേന്ദ്രീകരിച്ച് സമ്പൂർണ്ണ വാക്സിനേഷൻ പരിപാടിക്ക് തുടക്കമായി. തൊട്ടടുത്ത വാർഡുകൾക്ക് പൊതു കേന്ദ്രങ്ങൾ കണ്ടെത്തിയാണ് ക്യാമ്പുകൾ നടത്തുന്നത്. വാക്സിനേഷൻ ക്യാമ്പുകൾക്ക് മുന്നോടിയായി വാർഡ് തലങ്ങളിൽ ആർ.ആർ.ടി.കൾ പുനഃസംഘടിപ്പിച്ച് തുടർന്ന് ആരോഗ്യ വകുപ്പിന്റെയും, നഗരസഭയുടെയും ആഭിമുഖ്യത്തിലാണ് ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്. ഭീതിജനകമായ രീതിയിലുള്ള കൊവിഡ് മഹാമാരിയെ ഒറ്റകെട്ടായി നേരിടാൻ രാഷ്ട്രീയ,സാമൂഹ്യ പ്രവർത്തകർ മുന്നിട്ടിറങ്ങി വാക്സിനേഷൻ ക്യാമ്പുകൾ വിജയിപ്പിക്കണമെന്ന് നഗരസഭ ചെയർമാൻ മുജീബ് കാടേരി അഭിപ്രായപ്പെട്ടു. രാജ്യത്ത് വന്ന് ചേർന്ന മഹാമാരിയെ ചെറുക്കാൻ എല്ലാം മറന്ന ഐക്യപ്പെടലുകളും പൊതു ലക്ഷ്യത്തിലേക്കുള്ള ഒറ്റക്കെട്ടായ പ്രവർത്തനങ്ങളും അനിവാര്യമാണന്നും അദ്ദേഹം പറഞ്ഞു. മേൽമുറി എം.എം.ഇ.ടി. ഹൈസ്‌കൂളിൽ വാക്സിനേഷൻ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ സ്റ്റാന്റിംങ്ങ് കമ്മറ്റി ചെയർമാന്മാരായ പി.കെ.സക്കീർ ഹുസൈൻ, പി.കെ.അബ്ദുൽ ഹക്കീം, സിദ്ധീഖ് നൂറേങ്ങൽ, വാർഡ് കൗൺസിലർ എ.പി.ശിഹാബ്, താലൂക്ക് ആസ്പത്രി സൂപ്രണ്ട് ഡോ: അലിഗർ ബാബു പങ്കെടുത്തു. വിവിധ വാർഡുകളിൽ നടത്തിയ ക്യാമ്പുകൾക്ക് പ്രതിപക്ഷ നേതാവ് ഒ.സഹദേവൻ, കൗൺസിലർമാരായ പരി അബ്ദുൽ ഹമീദ്, സി.സരേഷ് മാസ്റ്റർ, സി.എച്ച്.നൗഷാദ്, ഇ.പി.സൽമ ടീച്ചർ, ശാഫി മുഴിക്കൽ, കെ.കെ.അയിശാബി, ജസീല, ഐ.എം.എ.പ്രതിനിധികളായ ഡോ: കെ.എ. പരീത്, ഡോ. അശോക വത്സല, ഡോ: പി.സി.ജോസഫ് നേതൃത്വം നൽകി.