fffff
.

എടപ്പാൾ: കാലാവധി കഴിഞ്ഞ ബസുകളെക്കൊണ്ട് നിറയുകയാണ് എടപ്പാളിലെ കെ.എസ്.ആർ.ടി.സി റീജണൽ വർക്ക് ഷോപ്പ്. കാലാവധി കഴിഞ്ഞ 700ലേറെ ബസുകൾ ഇവിടെ നിലവിലുണ്ട്. 800 ബസുകൾ കൂടി ഈ മാസം എത്താനുണ്ട്. ഇതിനിടെ 10 വർഷം കഴിഞ്ഞ ഏതാനും ബസുകൾ കൂടി കഴിഞ്ഞ ദിവസങ്ങളിലെത്തി.

മാനന്തവാടി ഡിപ്പോയിലെ 10 വർഷം കഴിഞ്ഞ എതാനും ബസുകളാണ് എടപ്പാൾ ഡിപ്പോയിലെത്തിയത്. ഗതാഗതയോഗ്യമല്ലാതായതാണ് കാലാവധി കഴിയും മുമ്പേ ഇവ ഡിപ്പോയിലെത്താൻ കാരണം. ഇന്ധന നഷ്ടം,​ പ്രവർത്തനക്ഷമതയിലെ കുറവ് എന്നിവ കണക്കിലെടുത്താണ് ഇവയെ വർക്ക് ഷോപ്പിലാക്കാൻ തീരുമാനിച്ചത്. സിവിൽ സപ്ളൈസ്, ഭക്ഷണ വിതരണം,​ സഞ്ചരിക്കുന്ന മെഡിക്കൽ ഷോപ്പ്,​ ഹോട്ടൽ കാന്റീൻ സിസ്റ്റം എന്നിവയ്ക്കായി ഈ ബസുകൾ ഉപയോഗിക്കും. 18 വർഷം കഴിഞ്ഞവയുടെ എൻജിൻ,​ ടയർ,​ ബോഡി എന്നിവ വിവിധ പാർട്സുകളാക്കി ലേലം ചെയ്യും. ഇവ പൊള്ളാച്ചി, സേലം,​ ചെന്നൈ,​ കോയമ്പത്തൂർ എന്നിവിടങ്ങളിലെ സ്വകാര്യ വ്യക്തികളും കമ്പനികളുമാണ് ലേലം ചെയ്ത് കൊണ്ടു പോകാറുള്ളത്.

മലബാറിലെ കാലാവധി കഴിഞ്ഞ 1500 ബസുകൾ ഇവിടെ വരാനുണ്ടെന്നാണ് കണക്ക്. സംസ്ഥാനതലത്തിൽ ഇത്തരത്തിൽ 3,​500ഓളം ബസുകളുണ്ടെന്നാണ് കണക്ക്. ഇത്രയധികം ബസുകൾ വർക്ക് ഷോപ്പിലെത്തുന്നതോടെ പൊതുനിരത്തുകളിലെ ബസുകളുടെ എണ്ണത്തെ ഇതു ബാധിക്കുമോ എന്ന ആശങ്കയും ഉദ്യോഗസ്ഥർ പങ്കുവയ്ക്കുന്നു.