മലപ്പുറം: ഇന്ത്യയിൽ നിന്നെത്തുന്നവർക്ക് മാലി ദ്വീപിൽ ഇന്നുമുതൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ ഗൾഫ് യാത്രയ്ക്ക് ചെലവേറും. സൗദി അറേബ്യ, യു.എ.ഇ അടക്കം പല ഗൾഫ് രാജ്യങ്ങളും ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് വിലക്കേർപ്പെടുത്തിയതിനെത്തുടർന്ന് പ്രധാനമായും മാലി വഴിയായിരുന്നു പ്രവാസികളുടെ യാത്ര.
ഇന്ത്യയിൽ നിന്നെത്തുന്നവർക്ക് ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലകളിലെ ഹോട്ടലുകളിലും റിസോർട്ടുകളിലും മാലി ഭരണകൂടം വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഇതിനകം ചെക്ക് ഇൻ ചെയ്തവർക്ക് ബുക്കിംഗ് കാലയളവ് വരെ താമസിക്കാം. അല്ലാത്തവർക്ക് സ്വകാര്യ ദ്വീപുകളിലെ റിസോർട്ടുകളെ ആശ്രയിക്കേണ്ടി വരും. ഇത്തരത്തിൽ നൂറിലധികം ചെറുദ്വീപുകളുണ്ടെങ്കിലും ഇവിടങ്ങളിലെല്ലാം ത്രീ സ്റ്റാർ മുതലുള്ള റിസോർട്ടുകളാണുള്ളത്. മാലി ദ്വീപിലെത്തി രണ്ടാഴ്ചത്തെ ക്വാറന്റൈനിന് ശേഷം ആർ.ടി.പി.സി.ആർ പരിശോധന നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റുമായി വേണം ഗൾഫ് രാജ്യങ്ങളിലെത്താൻ. യാത്ര പുറപ്പെടുന്നതിന് 14 ദിവസത്തിനിടെ ഇന്ത്യയിൽ താമസിച്ചവർക്ക് സൗദിയിൽ വിലക്കുണ്ട്. വിലക്കിയിട്ടില്ലാത്ത ഏതെങ്കിലും രാജ്യത്ത് 14 ദിവസം താമസിച്ച ശേഷം നെഗറ്റീവ് സർട്ടിഫിക്കറ്റുമായി സൗദിയിലെത്താം.
മാലി വഴി സൗദിക്ക് 1.60 ലക്ഷം വരെ
ഒരു ലക്ഷം മുതൽ 1.10 ലക്ഷം വരെയായിരുന്നു മാലി വഴി സൗദിയിലേക്കുള്ള യാത്രയ്ക്കായി സ്വകാര്യ ട്രാവൽസുകൾ ഈടാക്കിയിരുന്നതെങ്കിൽ, ഇനി 1.45 മുതൽ 1.60 ലക്ഷം വരെ നൽകേണ്ടിവരും. വിസ കാലാവധി കഴിയാറായവരും ജോലി നഷ്ടപ്പെടുമെന്ന അവസ്ഥയിലുള്ളവരുമാണ് ഭാരിച്ച ചെലവ് സഹിച്ചും മാലി വഴി സൗദിയിലെത്തുന്നത്. മേയ് 17ന് സൗദി അന്താരാഷ്ട്ര സർവീസുകൾ പുനരാരംഭിക്കാൻ തയ്യാറെടുക്കുകയാണെങ്കിലും, ഇന്ത്യയിൽ കൊവിഡ് വർദ്ധിച്ച സാഹചര്യത്തിൽ വിലക്ക് നീട്ടിയേക്കും. ഈ സാഹചര്യത്തിൽ കൂടുതൽ പേർക്ക് മാലി വഴി യാത്ര തിരിക്കേണ്ടിവരും.
നേപ്പാൾ വഴിയും യാത്ര തിരിക്കാം
എയർ ബബിൾ കരാർ പ്രകാരം ഡൽഹിയിൽ നിന്ന് കാഠ്മണ്ഡുവിലേക്ക് എയർ ഇന്ത്യയും നേപ്പാൾ എയർലൈൻസും സർവീസ് നടത്തുന്നുണ്ട്. കാഠ്മണ്ഡുവിലെത്തി ക്വാറന്റൈനിന് ശേഷം സൗദിയിലേക്കും യു.എ.ഇയിലേക്കും യാത്ര തിരിക്കാം. ഒരു ലക്ഷം രൂപ മുതൽ പാക്കേജിന് ഈടാക്കും.
നേപ്പാൾ വഴി മറ്റൊരു രാജ്യത്തേക്ക് ട്രാൻസിറ്റ് മാർഗത്തിൽ പോവുന്ന വിദേശികൾക്ക് സ്വകാര്യ ലാബുകളിൽ നിന്ന് പി.സി.ആർ ടെസ്റ്റ് അനുവദിക്കേണ്ടെന്ന നേപ്പാൾ സർക്കാരിന്റെ പുതിയ തീരുമാനമാണ് വെല്ലുവിളി. സർക്കാരിന്റെ കീഴിലെ 14 ലാബുകളിലൊന്നിൽ വേണം പരിശോധിക്കാൻ. കേരളത്തിൽ നിന്ന് നോൺസ്റ്റോപ്പ് വിമാനങ്ങളുടെ കുറവും, നടപടിക്രമങ്ങളും നേപ്പാളിനെ പ്രവാസികൾക്ക് അപ്രിയമാക്കുന്നു.
'ക്വാറന്റൈൻ ലംഘിച്ച് മാലിയിലെ ടൂറിസം പ്രദേശങ്ങൾ സന്ദർശിക്കുന്നവരുടെ എണ്ണം കൂടിയിരുന്നു. ജനസംഖ്യ കുറഞ്ഞ മസൂഷിയെന്ന ചെറുദ്വീപിൽ മാത്രം കഴിഞ്ഞ ദിവസം 76 കൊവിഡ് കേസുകളുണ്ടായി. ഇതോടെയാണ് മാലി നിയന്ത്രണങ്ങൾ ശക്തമാക്കിയത്'.
- ജലീൽ , എംഡി,
ഗ്രീൻ ഒയാസിസ് ഹോളിഡേയ്സ്, മലപ്പുറം