തിരൂരങ്ങാടി: കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ പള്ളികളിൽ പ്രാർത്ഥനയ്ക്കെത്തുന്ന വിശ്വാസികൾ മുസല്ല കൊണ്ടുവരണമെന്ന നിബന്ധന കർശനമാക്കിയതോടെ മുസല്ലയുടെ വിപണി സജീവമായി. വിശ്വാസികൾ മാസ്ക് ധരിക്കുകയും മുസല്ല കരുതുകയും വേണമെന്ന് പള്ളിക്കമ്മിറ്റികളും തദ്ദേശസ്ഥാപനങ്ങളും നിർദ്ദേശം നൽകിക്കഴിഞ്ഞു. 30 രൂപ മുതൽ 1200 രൂപ വരെ വിലയുള്ള മുസല്ലകൾ വിപണിയിലുണ്ട്.
തുർക്കി, പാക്കിസ്ഥാൻ ,ചൈന തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള മുസല്ലകളും മാർക്കറ്റിൽ ലഭ്യമാണ്. തുർക്കിയിൽ നിന്നുള്ള മുസല്ലയ്ക്കാണ് ആവശ്യക്കാരേറെ.
പള്ളികളിലും വീടുകളിലും ദിക്ർ ദുവാകൾ കൊണ്ട് പുണ്യമാക്കപ്പെട്ട ദിനരാവുകളിൽ പ്രാർത്ഥനാ വചനങ്ങളുടെയും മറ്റും എണ്ണം കൃത്യമാക്കാൻ ഉപയോഗിക്കുന്ന ദസ്ബിഹ് മാലയ്ക്ക് പക്ഷേ, ആവശ്യക്കാർ കുറഞ്ഞതായാണ് കച്ചവടക്കാർ പറയുന്നത്. വിദേശ നിർമ്മിതമായ മാലകൾ ധാരാളമായി വിപണിയിലുണ്ട്. ചൈനയിൽ നിന്നുള്ള ഫാൻസി മാലയ്ക്കാണ് ആവശ്യക്കാർ പൊതുവേ കൂടുതലുള്ളത്. ചന്ദനം കൊണ്ടുള്ള മാല ഡൽഹിയിൽ നിന്നും റോഡിയം ഇനത്തിലുള്ളവ ഡൽഹി, മുംബൈ എന്നിവിടങ്ങളിൽ നിന്നുമാണ് എത്തുന്നത്.