മലപ്പുറം: പ്രതിസന്ധികളിൽപ്പോലും ചെറുപുഞ്ചിരിയോടെയല്ലാതെ വി.വി.പ്രകാശെന്ന ജില്ലയിലെ കോൺഗ്രസിന്റെ അമരക്കാരനെ കണ്ടിട്ടില്ല. സൗമ്യനും ആദർശവാനും. എതിരാളികളെ വിമർശിക്കുമ്പോഴും വാക്കുകൾ കടുക്കരുതെന്ന് ഉറച്ചു വിശ്വസിച്ച നേതാവ്. കൂടെ പ്രവർത്തിച്ചവരും താൻ കൈപിടിച്ചുയർത്തിയവരും ഉന്നത സ്ഥാനമാനങ്ങൾ നേടിയപ്പോഴും ആരോടും പരിഭവം പറയാതെ പാർട്ടിക്കായി അഹോരാത്രം പ്രവർത്തിച്ചു. അർഹതപ്പെട്ടത് പലതവണ നിഷേധിക്കപ്പെട്ടപ്പോഴും വാക്കുകളിൽ പോലും വിമതസ്വരം ഉയർത്താതിരുന്ന നേതാവ്.
മുമ്പ് കോൺഗ്രസിന്റെ കോട്ടയായിരുന്ന നിലമ്പൂർ സി.പി.എമ്മിൽ നിന്ന് ഇത്തവണ തിരിച്ചു പിടിക്കാനാവുമെന്ന ആത്മവിശ്വാസത്തിലായിരുന്നു യു.ഡി.എഫ്. പലവിധ സമ്മർദ്ദങ്ങൾക്കിടയിലും വി.വി.പ്രകാശിനെ മത്സരരംഗത്തിറക്കിയതും അതിനാലാണ്. അടുത്ത കാലത്തൊന്നും നിലമ്പൂർ സാക്ഷ്യം വഹിച്ചിട്ടില്ലാത്ത കെട്ടുറപ്പോടെയായിരുന്നു പ്രചാരണം. വിമത സ്വരങ്ങളൊന്നുമില്ലാതെ യു.ഡി.എഫ് സംവിധാനങ്ങൾ പ്രകാശിനായി ചലിച്ചു. വോട്ടിംഗിന് പിന്നാലെ താഴേത്തട്ടിൽ നിന്നുള്ള കണക്കുകളിൽ ആത്മവിശ്വാസത്തിലായിരുന്നു വി.വി.പ്രകാശ്. ഇതിനുപിന്നാലെ, എതിർസ്ഥാനാർത്ഥി ഉയർത്തിയ ആരോപണങ്ങളോട് പതിവ് ശൈലിയിൽ സൗമ്യമായി, തന്നെ നാടിനറിയാമെന്ന മറുപടിയിൽ എല്ലാം ഒതുക്കി.
നാലര വർഷം മുമ്പാണ് ജില്ലയിൽ കോൺഗ്രസിന്റെ അമരക്കാരനായി പ്രകാശ് എത്തുന്നത്. ജില്ലയിൽ യു.ഡി.എഫിനുള്ളിൽ പടലപ്പിണക്കങ്ങളും തർക്കവും പാരമ്യതയിൽ നിൽക്കുന്ന സമയം. കോൺഗ്രസ്- ലീഗ് തർക്കങ്ങളിൽ നഷ്ടം ഏറെയുമുണ്ടായത് കോൺഗ്രസിന്. പല തദ്ദേശസ്ഥാപനങ്ങളിലെ അധികാരസ്ഥാനങ്ങളിൽ നിന്നും പുറത്തായി. മുൻ ഡി.സി.സി പ്രസിഡന്റുമാരിൽ നിന്നും വേറിട്ട് സമവായത്തിന്റെ പാത വി.വി.പ്രകാശ് സ്വീകരിച്ചപ്പോൾ, പൊട്ടിത്തെറികൾ ഐക്യത്തിലേക്ക് വഴിമാറി. മലപ്പുറത്ത് ലീഗിന്റെ ശക്തി അംഗീകരിച്ചും കോൺഗ്രസിന് അർഹതപ്പെട്ടത് ഉറപ്പാക്കിയുമുള്ള ശൈലി ജില്ലയിലെ യു.ഡി.എഫ് സംവിധാനത്തിന് കെട്ടുറപ്പേകി. താഴേത്തട്ടുകളിലെ തർക്കങ്ങൾ തീർക്കാൻ ഇറങ്ങിച്ചെന്നുള്ള പ്രകാശിന്റെ ശൈലിയും സഖ്യകക്ഷികളുമായി മികച്ച ബന്ധം സൂക്ഷിക്കണമെന്ന ഉറച്ച ശബ്ദവും തദ്ദേശസ്ഥാപനങ്ങളിൽ യു.ഡി.എഫിന്റെ തിരിച്ചുവരവിന് കളമൊരുക്കി.
യു.ഡി.എഫിലെ ഭിന്നാഭിപ്രായങ്ങൾ പൊതുയിടങ്ങളിൽ ചർച്ചയാക്കാതിരിക്കാൻ കാണിച്ച ജാഗ്രത വി.വി.പ്രകാശിനെ മുസ്ലിം ലീഗിനും പ്രിയങ്കരനാക്കി. യു.ഡി.എഫിലെ ഓരോ കക്ഷി നേതാക്കളുമായും അടുത്ത ബന്ധം സൂക്ഷിക്കാനും പ്രകാശ് ശ്രദ്ധിച്ചു. നിലമ്പൂരിന്റെ ജനപ്രതിനിധിയായാൽ നടപ്പാക്കാൻ ചില സ്വപ്‌നപദ്ധതികളും അദ്ദേഹത്തിന്റെ മനസിലുണ്ടായിരുന്നു. ഇതെല്ലാം പാതിവഴിയിൽ അവസാനിപ്പിച്ചാണ് ആകസ്മിക മടക്കം.