മലപ്പുറം: ജില്ലയിൽ നിയമസഭ തിരഞ്ഞെടുപ്പിന്റെയും മലപ്പുറം ലോക്‌സഭ ഉപ തിരഞ്ഞെടുപ്പിന്റെയും വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ജില്ല വരണാധികാരി കൂടിയായ കളക്ടർ കെ.ഗോപാലകൃഷ്ണൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിന് പ്രത്യേകം സൗകര്യങ്ങൾ എല്ലാ വോട്ടെണ്ണൽ കേന്ദ്രങ്ങളിലും ഒരുക്കിയിട്ടുണ്ട്. കൊവിഡ് പരിശോധനയ്ക്ക് ശേഷം നെഗറ്റീവ് ആണെന്ന് ഉറപ്പാക്കിയ ജീവനക്കാരും കൗണ്ടിംഗ് ഏജന്റുമാരും മാദ്ധ്യമപ്രവർത്തകരും മാത്രമേ കൗണ്ടിംഗ് കേന്ദ്രങ്ങളിൽ ഉണ്ടാകൂ. തെർമൽ സ്‌കാനിംഗിന് ശേഷമെ വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് പ്രവേശിപ്പിക്കൂ. ശരീരോഷ്മാവ് കൂടുതലുള്ളവരെ ഒഴിവാക്കേണ്ട സാഹചര്യം കൂടി കണക്കിലെടുത്ത് 10 ശതമാനം കൂടുതൽ കൗണ്ടിംഗ് ഏജന്റുമാരെ അനുവദിച്ചിട്ടുണ്ട്. കൗണ്ടിംഗ് ഹാളുകൾ അണുവിമുക്തമാക്കും. മാസ്‌ക്, സാനിറ്റൈസർ, സോപ്പ് എന്നിവ സജ്ജമാക്കും. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ പ്രത്യേക മെഡിക്കൽ സംഘത്തെ നിയോഗിക്കും. കൗണ്ടിംഗ് കേന്ദ്രത്തിന് പുറത്ത് കനത്ത സുരക്ഷ ഏർപ്പെടുത്തും. ഇലക്‌ഷൻ കമ്മിഷൻ അനുവദിച്ച തിരിച്ചറിയൽ രേഖ പരിശോധിച്ചേ വോട്ടെണ്ണൽ കേന്ദ്രത്തിൽ പ്രവേശിപ്പിക്കൂ. കൗണ്ടിംഗിനെത്തുന്ന എല്ലാവർക്കും തിരിച്ചറിയൽ കാർഡ് നൽകിയിട്ടുണ്ട്. കൗണ്ടിംഗ് ഹാളിന് പുറത്ത് ആൾക്കൂട്ടങ്ങളോ പ്രകടനങ്ങളോ അനുവദിക്കില്ല. ഹാളിനുള്ളിൽ സി.സി.ടി.വി, കാമറ തുടങ്ങിയ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.
ക്രമീകരണങ്ങൾ
വോട്ടെണ്ണൽ ദിവസമായ നാളെ രാവിലെ ആറിന് വോട്ടെണ്ണൽ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർ കൗണ്ടിംഗ് സെന്ററുകളിലെത്തും. ഓരോ ജോലിക്കുമുള്ള റാൻഡമൈസേഷൻ ഏഴു മണിയോടെ പൂർത്തിയാക്കും. ഓരോ ടേബിളിലേക്കുമുള്ള ഉദ്യോഗസ്ഥരെ വരണാധികാരി നിശ്ചയിക്കും. രാവിലെ എട്ടിന് പോസ്റ്റൽ ബാലറ്റുകൾ ടേബിളുകളിലെത്തും. രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിദ്ധ്യത്തിലായിരിക്കും ഇവ തുറക്കുക. ശേഷം വരണാധികാരി ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിക്കുന്ന സ്ട്രോംഗ് റൂം രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിദ്ധ്യത്തിൽതുറക്കും. കൺട്രോൾ യൂണിറ്റും പ്രിസൈഡിംഗ് ഓഫീസേഴ്സ് ഡയറിയായ 17 സി ഫോമുമാണ് വോട്ടെണ്ണൽ ടേബിളിൽ എത്തിക്കുക.
ആദ്യം കൺട്രോൾ യൂണിറ്റിൽ രേഖപ്പെടുത്തിയിരിക്കുന്ന ആകെ വോട്ടുകളുടെ എണ്ണമാണ് പരിശോധിക്കുക. ഇത് 17 സി ഫോമിൽ രേഖപ്പെടുത്തിയത് തന്നെയെന്ന് ഉറപ്പാക്കും. ശേഷം ഓരോ സ്ഥാനാർത്ഥിക്കും ലഭിക്കുന്ന വോട്ടുകൾ പരിശോധിക്കും. ഇത് ഫോമിന്റെ രണ്ടാം പാർട്ടിൽ എഴുതിച്ചേർക്കും. ഫോമിൽ കൗണ്ടിംഗ് ഏജന്റുമാർ സാക്ഷിയായി ഒപ്പിടും. ഇതിന്റെ കോപ്പി വരണാധികാരിയുടെ അടുത്തേക്ക് കൈമാറും.
ഒരു റൗണ്ട് പൂർത്തിയാകുമ്പോൾ വരണാധികാരി ആ റൗണ്ടിലെ ഫലം പ്രഖ്യാപിക്കും. ഓരോ ടേബിളിലും ഓരോ കൺട്രോൾ യൂണിറ്റും പരിശോധിച്ച് കഴിയുമ്പോഴാണ് ഒരു റൗണ്ട് പൂർത്തിയാകുന്നത്. മുഴുവൻ റൗണ്ടും പൂർത്തിയായി കഴിയുമ്പോൾ റാൻഡമൈസ് ചെയ്തെടുക്കുന്ന പോളിംഗ് സ്റ്റേഷനുകളിലെ വിവി പാറ്റുകളും എണ്ണും. പോസ്റ്റൽ ബാലറ്റുകളുടെ എണ്ണവും പൂർത്തിയായി കഴിയുമ്പോൾ വരണാധികാരി വിജയിച്ച സ്ഥാനാർത്ഥിക്ക് സർട്ടിഫിക്കറ്റ് കൈമാറും.