മംഗലംഡാം: മംഗലം ഡാം റിസർവോയറിലെ തുരുത്തുകളിൽ വൻ മരത്തടികൾ നശിക്കുന്നു. കാറ്റിൽ കടപുഴകി വീണും പ്രായാധിക്യവും മൂലവുമാണ് മരങ്ങൾ വീഴുന്നത്. എന്നാൽ പിന്നീടത് ലേലം ചെയ്ത് മുറിച്ചു മാറ്റുകയോ പൊതുസ്ഥാപനങ്ങളുടെ നിർമ്മാണത്തിനോ എടുക്കുന്നില്ല.
100-150 ഇഞ്ച് വണ്ണമുള്ള തടികളാണ് ഇത്തരത്തിൽ നശിച്ച് ഇല്ലാതാകുന്നത്. റിസർവോയറിനുള്ളിൽ പത്തോളം തുരുത്തുകളുണ്ട്. അപൂർവ ജലജീവികളുടെയും സ്വദേശികളും വിദേശികളുമായ പക്ഷികളുടെയും ആവാസ കേന്ദ്രങ്ങളാണ് നാല് ഭാഗവും വെള്ളത്താൽ ചുറ്റപ്പെട്ട ഇത്തരം തുരുത്തുകൾ.
ഡാമിൽ അടുത്ത കാലത്തായി പെരുകിയ നീർനായ്ക്കളുടെ വിശ്രമ കേന്ദ്രങ്ങളും ഈ തുരുത്തുകളാണ്. വെള്ളം ചൂടാകുന്ന ഉച്ചസമയം ഇവിടെയാണ് നീർനായ്ക്കൾ കയറി കിടക്കുക. ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിൽ ഉരുൾപൊട്ടൽ ഉണ്ടാകുമ്പോൾ മണ്ണും പാറകൾക്കുമൊപ്പം നൂറ് കണക്കിന് തടികളും കടപുഴകി ഡാമിലെത്താറുണ്ട്. 2007ലെ അതിവർഷത്തിൽ ചൂരുപ്പാറക്കടുത്ത് കുറ്റാലം മുക്കിലുണ്ടായ അതിശക്തമായ ഉരുൾ പൊട്ടലിൽ മുന്നൂറിൽപരം തേക്ക് തടികളെങ്കിലും കടപുഴകി മലവെള്ള പാച്ചിലിനൊപ്പം റിസർവോയറിൽ എത്തിയതായാണ് കണക്ക്.
ചൂരുപ്പാറ ഭാഗത്താണ് തടികൾ കൂടുതൽ അടിഞ്ഞത്. ഇത് ലേലം ചെയ്ത് നീക്കം ചെയ്യാൻ വനംവകുപ്പും ഇറിഗേഷൻ വകുപ്പും ശ്രമം നടത്തിയെങ്കിലും പിന്നീട് താല്പര്യമെടുത്ത ഉദ്യോഗസ്ഥരെല്ലാം സ്ഥലം മാറിപ്പോയതോടെ എല്ലാം അവസാനിപ്പിച്ചു. ഈ തടികൾ ഇപ്പോഴും മണ്ണിനടിയിൽ ഉണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. മണൽ കൂടുതലുള്ള ഭാഗമാണെങ്കിൽ തടികൾ പൂർണ്ണമായും നശിച്ചിട്ടുണ്ടാകില്ലെന്ന് നാട്ടുകാർ പറയുന്നു. യഥാസമയം ചെയ്യേണ്ട നടപടി വൈകുന്നത് മൂലം വലിയ നഷ്ടങ്ങളും സർക്കാരിന് ഉണ്ടാകുന്നുണ്ട്.