elaneer
ഷൊർണൂരിൽ ഇളനീർ വ്യാപാരം നടത്തുന്ന നവാസ്.

ഷൊർണൂർ: ചുട്ടുപൊള്ളുകയാണ് ജില്ല. കഴിഞ്ഞ ഏതാനും ദിവസങ്ങളായി 38 മുതൽ 41 ഡിഗ്രി വരെയാണ് ചൂട്. രാവിലെ 11ഓടെ ചൂട് തുടങ്ങും. ഇതിനിടെ വരണ്ട കാറ്റും രാത്രിയിലെ പുഴുക്കവും ജനങ്ങളെ വലയ്ക്കുകയാണ്.

അത്യുഷ്ണത്തിൽ നിന്ന് ആശ്വാസം പകരുന്ന ശീതളപാനീയ വിപണി നഗരത്തിൽ സജീവമാണ്. ശരീരവും മനസും തണുപ്പിക്കാൻ നാരങ്ങാവെള്ളം മുതൽ വിവിധ പാനീയങ്ങൾ പാതയോരങ്ങളിലെ കടകളിൽ ലഭ്യമാണ്.

പാതയോരങ്ങളിലെ മരത്തണലുകളിലാണ് വില്പന പൊടിപൊടിക്കുന്നത്. മൺസൂണിലെ വില്പനയിടിവിന് വേനലിൽ പരിഹാരം കാണുകയാണ് കച്ചവടക്കാർ. സർബത്ത്, സോഡാ സർബത്ത്, വിവിധയിനം കുലുക്കി സർബത്ത്, ഇളനീർ, കരിമ്പ്, പനനൊങ്ക്, തണ്ണിമത്തൻ തുടങ്ങിയവ ഇത്തരം കേന്ദ്രങ്ങളിൽ തയ്യാറാണ്. കുറഞ്ഞ വിലയുള്ള ശീതള പാനീയങ്ങൾക്കാണ് ആവശ്യക്കാരേറെ. 20 രൂപയുടെ കരിമ്പ് ജ്യൂസാണ് ആളുകളുടെ പ്രിയം. ഈ സീസണിൽ മൈസൂരിൽ നിന്നുമെത്തുന്ന കരിമ്പിന് നേരിയ വില വർദ്ധനയുണ്ടായെങ്കിലും ജ്യൂസിന്റെ വിലയിൽ മാറ്റമില്ല.

കരിമ്പ് ജ്യൂസിന്റെ നിർമ്മാണത്തിന് വേണ്ട ചെറുനാരങ്ങ, ഇഞ്ചി എന്നിവയുടെ വില കുതിച്ചുയർന്നെങ്കിലും കൊവിഡ് പ്രതിസന്ധിയിൽ ജ്യൂസിന് വില കൂട്ടാനാവില്ല.

-അഷ്റഫ്, കച്ചവടക്കാരൻ.

ഇളനീരിന്റെ ലഭ്യതക്കുറവ് പ്രതിസന്ധിയാണ്. തോട്ടങ്ങളിൽ മൊത്തവില വർദ്ധിച്ചു. നാളികേര വില കുതിച്ചു കയറുന്നതാണ് ലഭ്യതക്കുറവിന് കാരണം.

-നവാസ്, ഇളനീർ വ്യാപാരി.

പനനൊങ്ക് വില്പന സജീവമാണ്. കിഴക്കൻ മേഖലയെ അപേക്ഷിച്ച് പടിഞ്ഞാറൻ മേഖലയിൽ നൊങ്ക് ലഭ്യത കുറവാണ്. നേരത്തെ കൊഴിഞ്ഞാമ്പാറയിൽ നിന്നാണ് എത്തിയിരുന്നത്. ഈ സീസണിൽ ഷൊർണൂർ മേഖലയിലും സമീപ പ്രദേശങ്ങളിലും നൊങ്ക് ലഭ്യമാണ്. -കേശവൻ, നൊങ്ക് വ്യാപാരി.

ശ്രദ്ധിക്കുക


ചൂടിന് ആശ്വാസം തേടി കടകളിലും റോഡരികിലും ശീതള പാനീയങ്ങൾ തേടിയെത്തുമ്പോൾ വാങ്ങുന്നവരും വിൽക്കുന്നവരും ജാഗ്രത പാലിക്കണമെന്നാണ് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. പ്രധാനമായും ജ്യൂസുകളിൽ ഉപയോഗിക്കുന്ന ഐസ് ശുദ്ധമല്ലെങ്കിൽ വലിയ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. ഭക്ഷ്യയോഗ്യമായ വെള്ളത്തിന്റെ പി.എച്ച് മൂല്യം ഏഴാണ്. ഈ വെള്ളം ഉപയോഗിച്ചുണ്ടാക്കുന്ന ഐസ് സുരക്ഷിതമാണ്. എന്നാൽ പി.എച്ച് മൂല്യം കുറഞ്ഞ ജലം ഉപയോഗിച്ച് ഐസ് നിർമ്മാണം വ്യാപകമാണ്. ഇത്തരം കാര്യങ്ങളും ശുചിത്വവും പാലിക്കാൻ ശ്രദ്ധിക്കണം.

-ആരോഗ്യവകുപ്പ്.