kanchikkodu
കഞ്ചിക്കോട് കോച്ച് ഫാക്ടറിക്കായി ഏറ്റെടുത്ത സ്ഥലം

കേരളത്തിന്റെ സ്വപ്നപദ്ധതി എന്ന നിലയിലായിരുന്നു പതിറ്റാണ്ടുകൾക്ക് മുമ്പ് കോച്ച് ഫാക്ടറിയുടെ പ്രഖ്യാപനം. പക്ഷേ, വാഗ്ദാന ലംഘനത്തിന്റെയും കെടുകാര്യസ്ഥതയുടെയും നേർസാക്ഷ്യമായി കാടുകയറി നശിക്കുകയാണ് ആ സുന്ദരസ്വപ്നം. കേരളത്തിന്റെ വികസന സ്വപ്നം എന്നതിലുപരി പൊതുമേഖലയിലോ, പൊതു - സ്വകാര്യ മേഖലയിലോ രാജ്യത്തിന് മുതൽക്കൂട്ടാവേണ്ടിയിരുന്ന ഒരു സ്ഥാപനമാണ് തറക്കല്ലിട്ടശേഷം യാഥാർത്ഥ്യമാവാതെ കിടക്കുന്നത്.

നാലുപതിറ്റാണ്ട് മുമ്പ് ഇന്ദിരാഗാന്ധി പ്രഖ്യാപിച്ച റെയിൽവേ കോച്ച് ഫാക്ടറി നടപ്പാക്കുമെന്ന് പറഞ്ഞാണ് ഇപ്പോഴും പാലക്കാട്ടെ സ്ഥാനാർത്ഥികൾ വോട്ടുപിടിക്കുന്നത്. മറ്റൊരു നിയമസഭാ തിരഞ്ഞെടുപ്പിനുകൂടി കളമൊരുങ്ങുമ്പോൾ കോച്ച് ഫാക്ടറി പദ്ധതിക്ക് വീണ്ടും ജീവൻവയ്‌ക്കുമോ ഇല്ലയോ എന്നുപോലും അറിയാത്ത അനിശ്ചിതാവസ്ഥ എത്ര ദൗർഭാഗ്യകരമാണ്.

വർഷങ്ങൾക്ക് മുമ്പ് സംസ്ഥാന സർക്കാർ ഏറ്റെടുത്തു റെയിൽവേയ്ക്കു വിലയ്ക്ക് കൈമാറിയ 239 ഏക്കർ ഇന്നിപ്പോൾ ആനയിറങ്ങുന്ന കാടാണ്. റെയിൽവേയുടെ കൈവശമുള്ള ഈ ഭൂമി അനാഥമാകാതെ എങ്ങനെ പാലക്കാടിന് ഗുണകരമായ രീതിയിൽ ഉപയോഗിക്കാം എന്നതാണ് ഇപ്പോഴത്തെ പ്രധാന ചർച്ച. നോളജ് വില്ലേജ്, കയറ്റുമതി ഇറക്കുമതി ഹബ്, ഐ.ഐ.ടി ഗവേഷണകേന്ദ്രം, റെയിൽവേ ഗവേഷണകേന്ദ്രം എന്നിങ്ങനെ പലകോണുകളിൽ നിന്നായി പലവിധ അഭിപ്രായങ്ങൾ ഉയരുന്നുണ്ടെങ്കിലും അവയ്ക്കെല്ലാം ഗ്രീൻ സിഗ്നൽ ലഭിക്കുമോ എന്നാണ് അറിയേണ്ടത്.

അവഗണനയുടെ ചരിത്രം

1982ൽ കോട്ടമൈതാനത്ത് നടന്നൊരു തിരഞ്ഞെടുപ്പ് പൊതുയോഗത്തിലാണ് കേരളത്തിന് സമ്മാനമായി പാലക്കാട് റെയിൽ കോച്ച് ഫാക്ടറി എന്ന വാഗ്ദാനം അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പ്രഖ്യാപിച്ചത്. ഖാലിസ്ഥാൻ തീവ്രവാദം ആളിക്കത്തിയ നാളുകളിൽ പഞ്ചാബിനെ പ്രീണിപ്പിക്കാനായി പാലക്കാടിന് വാഗ്ദാനം ചെയ്ത പദ്ധതി കപൂർത്തലയിലേക്ക് കടത്തിക്കൊണ്ടുപോയതാണ് ഈ ജനത നേരിട്ട ആദ്യത്തെ അവഗണന. പിന്നീട് നിരന്തരം ഈ ആവശ്യം ആവർത്തിക്കപ്പെട്ടുവെങ്കിലും മാറിമാറി വന്ന കേന്ദ്ര സർക്കാരുകൾ ചെവിക്കൊണ്ടില്ല. ഒടുവിൽ ഒന്നാം യു.പി.എ സർക്കാർ ഇടതുപക്ഷ പിന്തുണയോടെ 2004ൽ അധികാരത്തിൽ വന്നപ്പോഴാണ് വീണ്ടും പ്രതീക്ഷകൾക്ക് ചിറകുമുളച്ചത്. ശേഷം നീണ്ട കാത്തിരിപ്പിനൊടുവിൽ കഞ്ചിക്കോട് കോച്ച് ഫാക്ടറിക്കു 2012ൽ തറക്കല്ലിട്ടു. പാലക്കാട് കോട്ടമൈതാനിയിൽ നടന്ന പ്രതീകാത്മക ചടങ്ങിലായിരുന്നു ശിലാസ്ഥാപനം നടന്നത്. അവഗണനയുടെ പ്രതീകമായി ആ കല്ല് എവിടെയെവിടെയോ മറഞ്ഞുകിടക്കുന്നുണ്ട് ഇന്നും. ഇക്കാലയളവിൽ കേന്ദ്രത്തിലും സംസ്ഥാനത്തും സർക്കാരുകൾ മാറിവന്നു. കേരളത്തിൽനിന്നു കേന്ദ്രമന്ത്രിമാരുണ്ടായി. പക്ഷേ, കഞ്ചിക്കോട് കോച്ച് ഫാക്ടറി യാഥാർഥ്യമാക്കാൻ ആർക്കും കഴിഞ്ഞില്ല. കഞ്ചിക്കോടിനൊപ്പം പ്രഖ്യാപിക്കപ്പെട്ട റായ്ബറേലി ഫാക്ടറിയിൽനിന്നുള്ള കോച്ചുകൾ പാളത്തിൽ കയറാൻ തുടങ്ങിയിട്ടും കാലമേറെയായി.

കോച്ച് ഫാക്ടറിക്കായി സംസ്ഥാന സർക്കാരിൽനിന്ന് ഏറ്റെടുത്ത് നൽകിയ 239 ഏക്കർ ഇപ്പോൾ വാളയാർ കാട്ടിൽനിന്നിറങ്ങുന്ന കാട്ടാനകളുടെ ഇടത്താവളമാണ്. തറക്കല്ലിട്ടു മൂന്നര വർഷം കഴിഞ്ഞ് പ്രവർത്തന രൂപരേഖയിൽ മാറ്റം വരുത്താൻ തീരുമാനിച്ചതിനു ശേഷമാണു പദ്ധതിയുടെ കാര്യത്തിൽ അനിശ്ചിതത്വം ആരംഭിച്ചത്. സ്വകാര്യ പങ്കാളിയെ കണ്ടെത്താനാണു രൂപരേഖയിൽ മാറ്റം വരുത്തുന്നതെന്നായിരുന്നു മന്ത്രാലയത്തിന്റെ വിശദീകരണം.

പച്ചക്കൊടി കാണിക്കേണ്ടതാര് ?

പ്രഖ്യാപിച്ച് പതിറ്റാണ്ടുകൾ പിന്നിടുമ്പോൾ പല പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളും കോച്ച് ഫാക്ടറിയുടെ പേരിലുണ്ടായിട്ടുണ്ട്. യു.പി.എ കാലത്ത് തറക്കല്ലിട്ട പദ്ധതി എൻ.ഡി.എ കാലത്തും മുന്നോട്ടു പോയില്ല. ഇപ്പോൾ തത്‌കാലം കോച്ച് ഫാക്ടറി വേണ്ട എന്ന് പറയുമ്പോൾ വൻ പ്രതീക്ഷയായ ഒരു പദ്ധതിക്കുവേണ്ടി സംസ്ഥാന സർക്കാർ ഏറ്റെടുത്ത് നൽകിയ സ്ഥലം റെയിൽവേയുടെ കൈവശം വെറുതേ കിടക്കും. സംസ്ഥാന - കേന്ദ്ര സർക്കാരും റെയിൽവേ മന്ത്രാലയവും ജനോപകാരപ്രദമായി പദ്ധതികൾക്കായി വിനിയോഗിക്കണമെന്നാണ് ഉയരുന്ന ആവശ്യം.

അയ്യായിരത്തിലധികം പേർക്കു തൊഴിൽ ലഭിക്കുന്ന വിധത്തിൽ സ്ഥലത്തു ഭക്ഷ്യസംസ്‌കരണ, കയറ്റുമതി കേന്ദ്രം ആരംഭിക്കണമെന്നതാണ് ഇതിൽ പ്രധാനം. ഇതുസംബന്ധിച്ച് ആദ്യഘട്ട ച‌ർച്ച കേന്ദ്ര മന്ത്രിയുമായി നടത്തിയെന്നാണ് പാലക്കാട്ടെ എം.പി വി.കെ.ശ്രീകണ്ഠൻ വ്യക്തമാക്കുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളുമായി ചേർന്നു റെയിൽവേയുമായി ബന്ധപ്പെട്ട സംയുക്ത സംരംഭം ആരംഭിക്കണം. വിശാഖപട്ടണത്ത് ഇത്തരത്തിൽ റെയിൽ വീൽ ഉണ്ടാക്കുന്നുണ്ട്. കേരളത്തിൽ ആരംഭിക്കാനാകില്ലെന്ന നിലപാടു രാഷ്ട്രീയ വിവേചനമാണ്.

വ്യാവസായിക ഉപകരണങ്ങൾ നിർമ്മിച്ച് കയറ്റുമതിചെയ്യുന്ന സ്ഥാപനം ഉൾപ്പെടെ ആരംഭിക്കാം. കേന്ദ്രസർക്കാർ മുമ്പ് പ്രഖ്യാപിച്ച മൾട്ടിമോഡൽ ലോജിസ്റ്റിക് പാർക്ക് യോജിച്ച സംരംഭമാണ്. ഇതര സംസ്ഥാനങ്ങളിൽ നിന്നു വരുന്ന നിത്യോപയോഗവസ്തുക്കൾ ഉൾപ്പെടെ കോടിക്കണക്കിന് രൂപയുടെ ഉത്പന്നങ്ങൾ സംഭരിച്ചു സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലേക്ക് എത്തിക്കുന്ന ഹബ്ബിനും ഏറെ സാദ്ധ്യതയുണ്ട്. വ്യവസായ മേഖലയിൽ നിന്നുള്ള ഉത്പന്നങ്ങളും ഇവിടെ നിന്നു കയറ്റുമതി ചെയ്യാം. റെയിൽ സൗകര്യമുള്ളതിനാൽ സംഭരണത്തിനും വിതരണത്തിനും തടസമുണ്ടാകില്ല. ഇനിയെങ്കിലും രാഷ്ട്രീയ ബലാബലം കളിച്ച് വികസനത്തിന് തുരങ്കംവെയ്ക്കരുത് മുന്നണികൾ.