കൊപ്പം: പട്ടാമ്പിയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി മുഹമ്മദ് മുഹസിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് കരുത്തുപകർന്ന് കനയ്യ കുമാറിന്റെ റോഡ് ഷോ. 15000 ലധികം വരുന്ന വാഹനങ്ങൾ അണിനിരന്ന റോഡ് ഷോ അക്ഷരാർത്ഥത്തിൽ മണ്ഡലത്തെ ചെങ്കടലാക്കി. ജവഹർലാൽ നെഹറു യൂണിവേഴ്‌സിറ്റി യൂണിയൻ മുൻ പ്രസിഡന്റും കേന്ദ്ര ഭരണകൂട ഫാസിസ്റ്റ് ഭീകരതക്കെതിരായ സമരത്തിന് നേതൃത്വം നൽകുകയും ചെയ്ത സി.പി.ഐ ദേശീയ കൗൺസിൽ അംഗവുമായ ഡോ.കനയ്യകമാറും സ്ഥാനാർത്ഥി മുഹമ്മദ് മുഹസിനും അണിനിരന്ന റോഡ് ഷോ നേരിൽ കാണാൻ വഴിയോരങ്ങളിൽ ആയിരങ്ങളാണ് കാത്തു നിന്നിരുന്നത്. വ്യാഴാഴ്ച രണ്ടോടെ മുതുതലയിൽ നിന്നും ബൈക്കുകളും കാറുകളുമുൾപ്പെടെ അണിനിരന്നുകൊണ്ട് ആരംഭിച്ച റോഡ് ഷോ പട്ടാമ്പി, ഓങ്ങല്ലൂർ, കാരക്കാട്, വാടാനാംകുറുശ്ശി, പോക്കുപ്പടി, മരുതൂർ, മുളയങ്കാവ്, വല്ലപ്പുഴ, വിളയൂർ, കൂരാച്ചിപ്പടി, അലിക്കപ്പള്ളിയാൽ, നടുവട്ടം വഴി കൊപ്പത്ത് എത്തിച്ചേർന്നു. തുടർന്നുനടന്ന പൊതുസമ്മേളനം കനയ്യകുമാർ ഉദ്ഘാടനം ചെയ്തു. എൽ.ഡി.എഫ് മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ടി.പി.ഷാജി അധ്യക്ഷനായി. എൽ.ഡി.എഫ് നേതാക്കളായ ടി.കെ.നാരായണദാസ്, കെ.സി.ജയപാലൻ, എൻ.ഉണ്ണികൃഷ്ണൻ, എൻ.പി.വിനയകുമാർ, ഒ.കെ.സെയ്തലവി, കെ.പി.അബ്ദുറഹ്മാൻ എന്നിവർ സംസാരിച്ചു.