udf
പാലക്കാട്ടെ യു.ഡി.എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ പ്രചാരണത്തിനിടെ

പാലക്കാട്: ആഴ്ചകൾ നീണ്ടുനിന്ന തിരഞ്ഞെടുപ്പ് പ്രചാരണം അതിന്റെ പാരമ്യത്തിലേക്ക് കടക്കുന്നു, കൊട്ടിക്കലാശത്തിന് ഇനി രണ്ടുനാൾ മാത്രം. ഇടതു - വലതു മുന്നണികളും ബി.ജെ.പിയും ദേശീയ, സംസ്ഥാന നേതാക്കളെ ജില്ലയിലെത്തിച്ച് പ്രചാരണം കൊഴുപ്പിക്കുന്ന കാഴ്ചകൾക്കാണ് കഴിഞ്ഞദിവസങ്ങളിൽ ജില്ല വേദിയായത്. പ്രചാരണം അവസാന ലാപ്പിലേക്ക് കടന്നതോടെ പദയാത്രകളും റാലികളും റോഡ് ഷോകളും നടത്തി ഓരോ വോട്ടും പെട്ടിയിലാക്കാനുള്ള നെട്ടോട്ടത്തിലാണ് സ്ഥാനാർത്ഥികൾ.

പതിവുപോലെ ഇടതുമുന്നണി സ്ഥാനാർത്ഥികളെ നേരത്തെ പ്രഖ്യാപിച്ച് പ്രചാരണത്തിനിറങ്ങിയിരുന്നു. ഒരുമാസം മുമ്പ് തന്നെ പാർട്ടി കീഴ്ഘടകങ്ങളുടെ നേതൃത്വത്തിൽ ഇലക്ഷൻ പ്രവർത്തനങ്ങൾ സി.പി.എം ആരംഭിച്ചിരുന്നു. മുഖ്യമന്ത്രിയെയും മറ്റ് നേതാക്കളെയും ഘട്ടംഘട്ടമായി എത്തിച്ച് കളപിടിക്കാൻ ഇടതുമുന്നണിക്കായി. സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലിയുണ്ടായിരുന്ന പ്രാദേശിക പ്രശ്നങ്ങളെല്ലാം ഒത്തുതീർപ്പാക്കിയെന്നാണ് ജില്ലാ നേതൃത്വം വ്യക്തമാക്കുന്നത്.

സീറ്റ് വിഭജനം പൂർത്തിയാക്കി സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാൻ യു.ഡി.എഫും ബി.ജെ.പിയും അല്പം വൈകിയെങ്കിലും രാഹുൽ ഗാന്ധിയെയും ഉമ്മൻ ചാണ്ടിയെയും എത്തിച്ച് ഒപ്പമെത്താൻ യു.ഡി.എഫിന് കഴിഞ്ഞു. തിരഞ്ഞെടുപ്പിന് ഒരുമാസം മുമ്പേ ആർ.എസ്.എസിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ എൻ.ഡി.എയും പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. കേന്ദ്ര മന്ത്രി അമിത്ഷാ, പ്രധാന മന്ത്രി നരേന്ദ്ര മോദി എന്നിവരെയെത്തിച്ച് എൻ.ഡി.എയും കരുത്ത് തെളിയിച്ചുകഴിഞ്ഞു. മണിക്കൂറുകൾ മാത്രം അവശേഷിക്കേ ഓരോ വോട്ടും പെട്ടിയിലാക്കുകയാണ് സ്ഥാനാർത്ഥികളുടെ ലക്ഷ്യം. അതിനുള്ള തന്ത്രങ്ങൾ മെനയുകയാണ് പാർട്ടികൾ. കൊവിഡിന്റെ പശ്ചാത്തലത്തിൽ കൊട്ടി കലാശത്തിന് നിയന്ത്രണങ്ങളുണ്ടാകുമെന്നാണ് സൂചന. അവസാന മണിക്കൂറുകളിൽ പരമാവധി പ്രവർത്തകരെ അണിനിരത്തി കരുത്ത് കാട്ടാനുള്ള ഒരുക്കങ്ങളാണ് മുന്നണികളുടെ അണിയറകളിൽ നടക്കുന്നത്.

ജില്ലയിൽ പന്ത്രണ്ട് മണ്ഡലങ്ങളിലായി 73 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്. ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികളുള്ളത് മണ്ണാർക്കാട് മണ്ഡലത്തിൽ. ഇവിടെ 11 പേരാണ് മത്സരിക്കുന്നത്. ഏറ്റവും കുറവ് സ്ഥാനാർത്ഥികളുള്ളത് തരൂർ, കോങ്ങാട്, ഒറ്റപ്പാലം മണ്ഡലങ്ങളിലും. നാലുപേർ വീതം. ചിറ്റൂർ ആറ്, തൃത്താല എട്ട്, പട്ടാമ്പി ആറ്, ഷൊർണൂർ അഞ്ച്, മലമ്പുഴ ആറ്, പാലക്കാട് ഏഴ്, നെന്മാറ അഞ്ച്, ആലത്തൂർ അഞ്ച് എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ സ്ഥാനാർത്ഥികളുടെ എണ്ണം.

ജില്ലയിൽ 22,94,739 വോട്ടർമാരാണുള്ളത്. 11,21,553 പുരുഷന്മാരും 11,73,169 സ്ത്രീകളും. ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽനിന്ന് 17പേരും പട്ടികയിലുണ്ട്. കൊവിഡ് ബാധിതർ, നിരീക്ഷണത്തിലുള്ളവർ, ഭിന്നശേഷിക്കാർ, 80 വയസിനുമുകളിൽ പ്രായമുള്ളവർ എന്നിങ്ങനെ 24,978 ആബ്‌സന്റീ വോട്ടർമാരാണുള്ളത്. ജില്ലയിലെ 3,425 ബൂത്തുകളിലും കൊവിഡ്‌പ്രോട്ടോകോൾ പാലിച്ചായിരിക്കും വോട്ടെടുപ്പ്. രാവിലെ ഏഴുമുതൽ വൈകിട്ട് ആറുവരെ വോട്ട് രേഖപ്പെടുത്താം. വൈകിട്ട് ആറു മുതൽ ഏഴുവരെ ഭിന്നശേഷിവിഭാഗക്കാർക്ക് വോട്ട് ചെയ്യാം. ജില്ലയിലെ 12 മണ്ഡലങ്ങളിലായി 1,490 ബൂത്തുകളിൽ വെബ്കാസ്റ്റിംഗ് സൗകര്യമുണ്ടാകും. 61 പ്രശ്‌നബാധിതബൂത്തുകളും 58 മാവോയിസ്റ്റ് സാന്നിധ്യമുള്ള ബൂത്തുകളും ഉൾപ്പെടെ 433 പ്രശ്‌ന സാധ്യത ബൂത്തുകളുണ്ട്.

ബൂത്തുകളിലെ വെബ്കാസ്റ്റിംഗ് നിരീക്ഷിക്കാൻ കളക്ടറേറ്റിൽ കൺട്രോൾ റൂം പ്രവർത്തിക്കും. ഇവിടെ അറുപതിലേറെ ഉദ്യോഗസ്ഥരുണ്ടാകും. ഇന്റർനെറ്റ് സൗകര്യം ഇല്ലാത്ത ബൂത്തുകളിൽ സിസിടിവി സൗകര്യമൊരുക്കും. മാവോയിസ്റ്റ്‌സാന്നിധ്യമുള്ള ബൂത്തുകളിൽ അർധസൈനികവിഭാഗത്തിനായിരിക്കും സുരക്ഷാചുമതല. സംസ്ഥാന പൊലീസിന്റെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡും രംഗത്തുണ്ടാവും. പ്രശ്‌നബാധിത ബൂത്തുകളിൽ രാവിലെ ഏഴുമുതൽ വൈകിട്ട് അഞ്ചുവരെ ആയിരിക്കും വോട്ടെടുപ്പ്. വോട്ടെടുപ്പിനുള്ള ക്രമീകരണങ്ങൾ ത്വരിതഗതിയിൽ നടന്നു വരുകയാണ്.