vela

നെന്മാറ: ദേശദേശാന്തരങ്ങൾ കടന്നെത്തുന്ന ഉത്സവ പ്രേമികൾക്ക് വിരുന്നൊരുക്കി നെന്മാറ ​- വല്ലങ്ങി വേല ഇന്ന് ആഘോഷിക്കും. നെല്ലിക്കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ നെന്മാറ, വല്ലങ്ങി ദേശങ്ങൾ മാറ്റുരയ്ക്കുന്ന വേലയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ചുള്ള എഴുന്നെള്ളത്തും വാദ്യമേളങ്ങളും വെടക്കെട്ടും ആകർഷണമാകും.
നെന്മാറയിൽ വരിയോല വായനയോടെയാണ് ചടങ്ങുകൾ ആരംഭിക്കുക. തുടർന്ന് 11ന് കോലംകയറ്റി എഴുന്നെള്ളത്ത് ആരംഭിക്കും. മൂലസ്ഥാനത്ത് നിന്നാരംഭിക്കുന്ന എഴുന്നെള്ളത്ത് നെന്മാറ മുക്കിലൂടെ ബസ് സ്റ്റാന്റ് കടന്ന് നെല്ലിക്കുളങ്ങര ഭഗവതി ക്ഷേത്രത്തിലെത്തും. അഞ്ച് ഗജവീരന്മാർ അണിനിരക്കുന്ന എഴുന്നെള്ളത്തിന് കുട്ടൻകുളങ്ങര അർജ്ജുനൻ ഭഗവതിയുടെ തിടമ്പേറ്റും. കുനിശ്ശേരി ചന്ദ്രൻ പഞ്ചവാദ്യത്തിന് നേതൃത്വം നൽകും. വൈകീട്ട് നാലിന് കലാമണ്ഡലം ശിവദാസൻ നയിക്കുന്ന പാണ്ടിമേളത്തോടെ എഴുന്നള്ളത്ത് കാവ് കയറി തിരിച്ചിറങ്ങുന്നതോടെ പകൽ വെടിക്കെട്ട് നടക്കും.
വല്ലങ്ങി ദേശത്ത് തിടമ്പു പൂജയോടെയാണ് ചടങ്ങുകൾ ആരംഭിക്കുക. ഈടുവെടി, കേളി, കൊമ്പുപറ്റ്, കുഴൽപ്പറ്റ്, എന്നിവയ്ക്ക് ശേഷം 11.30ന് കോലം കയറ്റി എഴുന്നെള്ളത്ത് ആരംഭിക്കും. പഞ്ചവാദ്യത്തിന് വൈക്കം ചന്ദ്രൻ കോട്ടയ്ക്കൽ രവി, തൃപ്പാളൂർ ശിവൻ, തോന്നൂർക്കര ശിവൻ, തിരവില്വാമല ഹരി തുടങ്ങിയവർ നേതൃത്വം നൽകും. വല്ലങ്ങി ശിവക്ഷേത്രത്തിൽ നിന്നാരംഭിക്കുന്ന എഴുന്നെള്ളത്ത് വല്ലങ്ങി ബൈപ്പാസ് വഴി പാണ്ടിമേളത്തോടെ ക്ഷേത്രത്തിലെത്തും. തുടർന്ന് ക്ഷേത്രത്തിൽ പ്രദക്ഷിണം നടത്തി കാവിറങ്ങുന്നതോടെ പകൽവേല വെടക്കെട്ട് നടക്കും. രാത്രി ഇരദേശത്തും തായമ്പകയും, ഞായറാഴ്ച പുലർച്ചെ എഴുന്നെള്ളത്തും വെടിക്കെട്ടും നടക്കും.

 നഗരത്തിൽ ഗതാഗത നിയന്ത്രണം

ശനിയാഴ്ച രാവിലെ 10.30 മുതൽ നെന്മാറ ടൗണിലൂടെയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി. തൃശ്ശൂർ, വടക്കഞ്ചേരി ഭാഗങ്ങളിൽ നിന്നുവരുന്ന വാഹനങ്ങൾ നെന്മാറ കോളേജിന് സമീപത്തും. ആലത്തൂർ ഭാഗത്തുനിന്നുള്ള വാഹനങ്ങൾ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ് പരിസരത്തും. ചേരാമംഗലം കുനിശ്ശേരി ഭാഗത്തുള്ള വാഹനങ്ങൾ കിളിയലിയിലും പല്ലാവൂർ കൊടുവായൂർ ഭാഗത്തുനിന്നുള്ള വാഹനങ്ങൾ വിത്തനശ്ശേരി കവളപ്പാറയിലും കൊല്ലങ്കോട് ഭാഗത്ത് നിന്നുള്ള വാഹനങ്ങൾ വിത്തനശ്ശേരി വരെയും മാത്രമേ ഗതാഗതം അനുവദിക്കുകയുള്ളൂ. ഈ റൂട്ടുകളിൽ നിന്നുള്ള ബസുകൾ മേൽ നിർദ്ദേശിച്ച സ്ഥലങ്ങളിൽ യാത്രക്കാരെ ഇറക്കി തിരികെ പോകേണ്ടതാണ്. തൃശ്ശൂർ ഭാഗത്തുനിന്ന് വരുന്ന ചരക്കുവാഹനങ്ങൾ ആലത്തൂർ കുനിശ്ശേരി പല്ലശ്ശേന കൊല്ലങ്കോട് വഴി പൊള്ളാച്ചി ഭാഗത്തേക്കും പൊള്ളാച്ചി ഭാഗത്തുനിന്ന് വരുന്ന ചരക്ക് വാഹനങ്ങൾ കൊല്ലങ്കോട് നിന്ന് തിരിഞ്ഞ് കുനിശ്ശേരി തൃപ്പാളൂർ ആലത്തൂർ വഴി തിരികെ പോകേണ്ടതാണ്. അടിപ്പെരണ്ട അയിലൂർ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ കണിമംഗലത്തും നെല്ലിയാമ്പതി ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങൾ അളുവശ്ശേരിയിലും നിർത്തി ഇടുകയും യാത്രക്കാരെ ഇറക്കേണ്ട തുമാണ്. സുരക്ഷാ സൗകര്യത്തിനായി കൂടുതൽ പൊലീസ് സേനയെ നെന്മാറ സ്റ്റേഷനിലേക്ക് നിയോഗിച്ചിട്ടുണ്ട്‌.